Thursday, March 21, 2024

ഇലക്ടറൽ ബോണ്ടിനെ പറ്റി വീണ്ടും

 തെരഞ്ഞെടുപ്പിൽ ഓരോ പാർട്ടിക്കും ചെലവാക്കാവുന്നതിന് ഇലക്ഷൻ കമ്മീഷൻ പരിധി നിശ്ചയിച്ചിട്ടുണ്ട്. പക്ഷേ ഈ പരിധിയിൽ നിന്നുകൊണ്ടല്ല രാഷ്ട്രീയ പാർട്ടികൾ ചെലവാക്കുന്നത്. ഓരോ രാഷ്ട്രീയപാർട്ടിയും ആരിൽ നിന്നൊക്കെയാണ് സംഭാവന വാങ്ങിക്കുന്നതെന്ന് പൊതുജനത്തിന് അറിയില്ല. കൃത്യമായി ഓരോ പാർട്ടിയും എത്ര രൂപയാണ് സംഭാവനയായി പിരിക്കുന്നത് എന്നും എത്ര രൂപയാണ് ഇലക്ഷന് ചെലവാക്കുന്നത് എന്നും ഉള്ള കണക്ക് പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമല്ല. തെരഞ്ഞെടുപ്പിന് ചെലവാക്കുന്നതിന് പരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുന്നത് യഥാർത്ഥ കണക്കുമല്ല. അതിനാൽ കള്ളപ്പണമാണ് തിരഞ്ഞെടുപ്പ് രംഗത്ത് ചെലവാക്കുന്നതെന്ന് മനസ്സിലാക്കാം. പലരും കരുതുന്നതുപോലെ കള്ളപ്പണം എന്നാൽ കള്ളനോട്ട് അല്ല. വരവ് ചെലവ് കണക്കിൽ ഉൾപ്പെടുത്താത്ത പണമാണ് കള്ളപ്പണം. ഇത് രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. അവിടെയാണ് ഇലക്ട്രൽ ബോണ്ട് പ്രസക്തമാകുന്നത്. കമ്പനികളുടെ അക്കൗണ്ടിൽ നിന്നും ഇലക്ടറൽ ബോണ്ടുകൾ വാങ്ങാനുള്ള സൗകര്യമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരുക്കിയത്. ഈ ബോണ്ട് കിട്ടുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ബാങ്കിൽ നിന്ന് തുക മാറി എടുക്കാവുന്നതാണ്. എന്നാൽ ആർക്കാണ് തുക നൽകുന്നതെന്നും എത്ര രൂപയാണ് നൽകുന്നത് എന്നും പുറത്ത് പറയാൻ പല കമ്പനികൾക്കും താല്പര്യം ഉണ്ടാകില്ല. അതിനാൽ ഇലക്ട്രൽ ബോണ്ടിന്റെ നിയമാവലിയിൽ സ്വകാര്യത ഉറപ്പ് നൽകിയിട്ടുണ്ട്. അതായത് ആർക്കാണ് പണം നൽകിയെന്നുള്ളത് പുറത്തു പറയില്ല എന്ന ഉറപ്പ് പാലിക്കേണ്ട ബാധ്യത എസ് ബി ഐക്ക് ഉണ്ട്. ഓരോ കമ്പനിയും എത്ര രൂപ രാഷ്ട്രീയ പാർട്ടികൾക്ക് നൽകി എന്ന് പുറത്തു പറഞ്ഞാൽ എതിർ രാഷ്ട്രീയപാർട്ടികൾ അവർക്കെതിരെ പ്രതികാരം നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇലക്ഷനിലേക്കും പാർട്ടികളിലേക്കും ഒഴുകുന്നത് വെള്ള പണം ആണെന്ന് ഉറപ്പുവരുത്താൻ ഇലക്ട്രിക്കൽ ബോണ്ടുകൾക്ക് സാധിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴും ഇലക്ഷന് ഒഴുകുന്ന പണം എല്ലാം ഇലക്ട്രിക്കൽ ബോണ്ട് വഴിയല്ല. ഇത് എവിടുന്നെന്നാണ് വരുന്നതെന്നും എന്തിനൊക്കെയാണ് ചെലവാക്കുന്നത് എന്നും ജനങ്ങൾക്ക് അറിയാൻ ഇപ്പോഴും മാർഗ്ഗമില്ല. ഇലക്ട്രൽ ബോണ്ട് എന്തെങ്കിലും അഴിമതിക്ക് കാരണമാകുന്നത് കൊണ്ടല്ല സുപ്രീംകോടതി അതിനെ നിരോധിച്ചത്. ഇലക്ട്രൽ ബോണ്ട് അറിയാനുള്ള അവകാശത്തെ ഹനിക്കുന്നതിനാലാണ് സുപ്രീംകോടതി ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചത്. നമ്മുടെ ജനാധിപത്യം ശക്തമായി നിലനിൽക്കണമെങ്കിൽ തെരഞ്ഞെടുപ്പിന് ചില വിടുന്ന പണത്തിന്റെയും വരവിന്റെയും സുതാര്യത ഉറപ്പുവരുത്തേണ്ടതുണ്ട്. അതിന് ഇനിയെന്ത് നടപടി സ്വീകരിക്കും എന്നാണ് അറിയേണ്ടത്. രാഷട്രീയപ്പാർട്ടികൾക്ക് സംഭാവന നൽകുന്നവരുടെ പേര് വിവരങ്ങൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടത് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉചിതമായിരിക്കും ഇരുപതിനായിരം രൂപയിൽ കൂടിയ സംഭാവനകൾ പരസ്യപ്പെടുത്തണമെന്ന് ഇപ്പോഴും നിബന്ധന. എങ്കിലും ഇരുപതിനായിരംരൂപയിൽ താഴുന്ന സംഖ്യ യായി പലപ്പോഴായി ഒരു ലക്ഷം വാങ്ങിച്ചാൽ അത് പരസ്യപ്പെടുത്തേണ്ടിവരില്ല എന്നതാണ് നിലവിലുള്ള സ്ഥിതി.