Saturday, October 2, 2010

എത്തിപ്പോയ് കൊയ്ത്ത് യന്ത്രം




തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ബ്ലോക്കിൽപെട്ട പകൽക്കുറി ഏലായിൽ ഇന്നലെ കൊയ്ത്തുയന്ത്രം എത്തി.പത്തുപറ നിലം കൊയ്യാൻ ഏകദേശം ഒരുമണിക്കൂർ മാത്രം മതിയാകുന്ന ഈ യന്ത്രത്തിന് വാടക കേവലം ആയിരത്തി അഞ്ഞൂറ് രൂപ മതിയാകും. തൊഴിലാളികളെ ഉപയോഗിച്ച് കൊയ്യുമ്പോൾ അയ്യായിരം രൂപയിൽ അധികമാകും.
നെൽ കൃഷി വളരെ സംഘാടന ശേഷി ആവശ്യമുള്ളതാണ്.ആരംഭം മുതൽ അരിയാക്കുന്നത് വരെ വളരെയേറെ മനുഷ്യാധ്വാനം വേണം.പത്ത് കൊല്ലങ്ങൾക്ക് മുമ്പ് തൊഴിലാളികളുടെ കൂലി, ദിവസം 60 രൂപയായിരുന്ന കാലത്ത് നെല്ലിന് കിലോക്ക് 7 രൂപയായിരുന്നു. ഇക്കാലത്ത് ഒരു സർക്കാർ ഉദ്യോഗസ്ഥന് ശമ്പളം ശരാശരി 6000 രൂപയായിരുന്നു.ഇപ്പോൾ തൊഴിലാളിയുടെ കൂലി 350 രൂപയും സർക്കാർ ഉദ്യോഗസ്ഥന് 10000 രൂപയും കിട്ടുന്ന കാലത്ത് അരിക്ക് വില 12 രൂപ.റബ്ബറടക്കമുള്ള വിളകൾക്ക് വില കൂട്ടാനായി രാഷ്ട്രീയ പാർട്ടികളും സർക്കാരും ശ്രമിക്കുമ്പോൾ, അരിക്ക് വില കുറക്കാനാണ് ശ്രമിക്കുന്നത്.25000 രൂപ മാസ ശമ്പളം ലഭിക്കുന്ന കോളേജ് അധ്യാപകനും റേഷൻ കട വഴി 10 രൂപക്ക് അരി കൊടുക്കാനാണ് എവിടെ മത്സരം.
എ.പി.എൽ കാർക്ക് റേഷൻ നിർത്തലാക്കുന്നു എന്ന് കേട്ടാൽ അപ്പോൾ അപ്പോൾ തുടങ്ങും പാർട്ടികൾ വാളെടുക്കാൻ.ചുരുക്കത്തിൽ നെൽ കർഷകൻ നഷ്ടം സഹിച്ചും അരിയുൽപ്പാദിപ്പിച്ച് ഉയർന്ന ശമ്പളം വാങ്ങുന്നവർക്ക് നൽകണം.എന്നാലല്ലേ അവർക്ക് പൈസ ലാഭിച്ച് കാറും വാഷിങ് മെഷീനുമൊക്കെ വാങ്ങാനാകൂ.ഇനി പട്ടിണികിടന്ന് സഹികെടുമ്പോൽ കുറച്ച് മണലെടുത്ത് വിൽക്കുകയോ,കുറച്ച് നിലത്തിൽ റബ്ബർ നടുകയോ ചെയ്താൽ ഉടൻ അവർ ഭൂ മാഫിയയും മണൽ മാഫിയയുമൊക്കെയായി മാറും.ഭക്ഷ്യസുരക്ഷ കാത്തുസൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം പട്ടിണികിടക്കുന്ന കർഷകന് മാത്രമുള്ളതാണല്ലൊ. ഇനിയിപ്പൊൾ നിലം നികത്തുന്നവരെ ശിക്ഷിക്കാനുമുള്ള നിയമം വരുന്നുവത്രെ.
റേഷൻ കട വഴി എ.പി.എൽ കാർക്കും കുറഞ്ഞ വിലക്ക് അരി കൊടുത്ത് അരിവില ക്രിത്രിമമായി പിടിച്ച് നിർത്തുന്നത് നെൽകൃഷി നശിപ്പിക്കുകയേയുള്ളൂ.നല്ല വില ലഭിച്ചാൽ മാത്രമെ ഏതു കൃ ഷിയും തുടർച്ചയായി നടത്താനും,അതിലേർപ്പെട്ടിരിക്കുന്നവർക്ക് ജീവിക്കാനും കഴിയൂ.സർക്കാർ ജോലിക്കാരും ഗൾഫ്കാരും തോട്ടമുടമകളുമൊക്കെ മക്കളെ എൻഞിനീയരിങ്ങിനും മെഡിസിനുമൊക്കെ അയക്കുമ്പോൽ കർഷകരുടെ മക്കളെ ഫാർമസിക്കെങിലും അയക്കണമല്ലോ. അപ്പോൾ ഭക്ഷ്യ സുരക്ഷ നോക്കുമൊ, അൽപ്പമെങ്കിലും വരുമാനമുണ്ടാക്കാൻ നോക്കണൊ?എന്തായാലും ഈ കൊയ്ത്ത് മെഷീൻ കർഷകന്റെ മുതുകിലെ അവസാനത്തെ വൈക്കോൽ എടുത്ത് കളയാൻ സഹായിക്കട്ടെ.