Tuesday, August 14, 2018

രണ്ടു സിനിമകൾ

നമ്മുടെ സമൂഹത്തിലെ പ്രശ്നങ്ങൾ മലയാളം സിനിമകളിൽ പ്രതിഫലിക്കുന്നുണ്ടോ? വിദ്യാഭ്യാസത്തിന് കേരളത്തിൽ വലിയ പ്രാധാന്യം ഉള്ളപ്പോൾ തന്നെ വിദ്യാഭ്യാസം മുഖ്യ പ്രമേയമായി വരുന്ന സിനിമകൾ വളരെ കുറവാണ്. ഉള്ളവ തന്നെ ഉപരിപ്ലവമായി വിദ്യാഭ്യാസത്തെ പരിഗണിക്കുന്നവയുമാണ്.
കുറച്ചെങ്കിലും യാഥാർത്ഥ്യ ബോധത്തോടെ സ്കൂൾ വിദ്യാഭ്യാസത്തെ സമീപിച്ച രണ്ട് മലയാളം സിനിമകളാണ് ശ്രീനിവാസൻ തിരക്കഥയെഴുതിയ ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയും മോഹൻ സംവിധാനം ചെയ്ത മാണിക്യ കല്ല് എന്ന സിനിമയും.കർണാടകത്തിൽ നിന്ന് ടി.സി.എച്ച് വ്യാജ ബിരുദം നേടി പലരും കേരളത്തിലെ സ്കൂളുകളിൽ അദ്ധ്യാപകരായ സംഭവവും ,കാറ്റിലും മഴയിലും സ്കൂൾ കെട്ടിടം തകർന്നു കുട്ടി മരിക്കുന്നതും, മാനേജർമാരുടെ ചൂഷണവും ,അദ്ധ്യാപക സംഘടനകളുടെ ഉത്തരവാദിത്തമില്ലായ്മയുമാണ് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം ചർച്ച. ചെയ്യുന്നത്.സർക്കാർ സ്കൂളുകളുടെ നിലവാരമില്ലായ്മയും അത് പരിഹരിക്കാൻ ഒരദ്ധ്യാപകൻ പൊതു ജനങ്ങളുടെ സഹകരണത്തോടെ ശ്രമിക്കുന്നതുമാണ് മാണിക്യ കല്ലിന്റെ പ്രമേയം.അദ്ധ്യാപകരുടെ ഉത്തരവാദത്തമില്ലായ്മയും സ്വന്തം കുട്ടിയെ അൺ എയ്ഡഡ് സ്കൂളിൽ അയച്ചിട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ജാഥ നടത്തുന്ന അദ്ധ്യാപക നേതാവിനേയും ഈ സിനിമയിൽ പരാമർശിക്കുന്നുണ്ട്.
ഈ സിനിമകളൊഴികെ പൊതുവിദ്യാഭ്യാസ ത്തെകുറിച്ച് അധികം സിനിമകൾ മലയാളത്തിൽ വന്നിട്ടില്ല.എന്നാൽ ഹിന്ദിയിലും തമിഴിലും വിദ്യാഭ്യാസം പശ്ചാത്തലമാക്കി നല്ല സിനിമകൾ ഉണ്ടാകുന്നുണ്ട്. താരേ സമീൻ പർ ഉദാഹരണം.
കഴിഞ്ഞയാഴ്‌ച കണ്ട വിദ്യാഭ്യാസം പശ്ചാത്തലമായ രണ്ട്  ഹിന്ദി സിനിമകളാണ് സാകേത് ചൗധരി സംവിധാനം ചെയ്ത് ഇർഫാൻ ഖാൻ ,സാറാ ഖാൻ ,ദിഷിതാ സെഗാൾ എന്നിവർ അഭിനയിച്ച ഹിന്ദി മീഡിയം എന്ന സിനിമയും, സിദ്ധാർ ത്ഥ് മൽഹോത്ര സംവിധാനം ചെയ്ത് റാണി മുഖർജി അഭിനയിച്ച ചിചികി എന്ന സിനിമയും. രണ്ടു സിനിമയുടേയും കേന്ദ്ര ബിന്ദു വിദ്യാഭ്യാസ അവകാശ നിയമമാണ്.
വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് എല്ലാ സ്കൂളിലും അയൽപക്കത്തുനിന്നുള്ള പാവപ്പെട്ട കുട്ടികളെ പ്രവേശിപ്പിക്കണം. ഫീസിൽ ഇളവുണ്ടെങ്കിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് ഫീസ് എന്ന പേരിലുള്ള ഭീമമായ ഫീസ് ഒടുക്കാൻ നിർവാഹമില്ലാത്തതിനാൽ പാവപ്പെട്ടവർ ഇത്തരം സ്കൂളുകളിൽ ചേരുന്നില്ല. വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കി പണക്കാരും ഇടത്തരക്കാരുമാണ് ഈ സീറ്റുകൾ കൊണ്ടു പോകുന്നത്.

ഡൽഹി ഗ്രാമർ സ്കൂൾ എന്ന പ്രശസ്തമായ സ്കൂളിൽ അഡ്മിഷനു വേണ്ടി വ്യാജവരുമാന സർട്ടിഫിക്കറ്റ് കഥാനായകൻ ഹാജരാകുന്നതാണ് ഹിന്ദി മീഡിയത്തിന്റെ കഥാതന്തു. അനർഹർ പാവപ്പെട്ടവർക്കുള്ള സീറ്റ് തട്ടിയെടുക്കുന്നു എന്ന ടിവി ചാനൽ വാർത്തയെ തുടർന്ന് അധികൃതർ അന്വേഷണത്തിനൊരുങ്ങുന്നു. താത്കാലികമായെങ്കിലും കഥാനായകനും കുടുംബത്തിനും അഡ്രസ് നൽകിയ ചേരിയിൽ താമസിക്കേണ്ടി വരുന്നു.അവിടത്തെ കുട്ടികളുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ നായകൻ സർക്കാർ സ്കൂളിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ ധനസഹായം ചെയ്യുകയും സ്കൂൾ നിരന്തരമായി സന്ദർശിക്കുകയും ചെയ്യുന്നു.സ്കൂളിന്റെ പ്രവർത്തനത്തിൽ ആകൃഷ്ടനായ നായകൻ സ്വന്തം കുട്ടിയെ അതേ സ്കൂളിൽ ഹിന്ദി മീഡിയത്തിൽ ചേർക്കുകയാണ്.

അദ്ധ്യാപികയാകാൻ തീവ്രമായി ആഗ്രഹമുള്ള ടൂറന്റ്സ് ഡിസീസ് എന്ന രോഗത്തിന് അടിമയായ നായിക നടത്തുന്ന പോരാട്ടങ്ങളാണ് ചി ചികി എന്ന സിനിമയുടെ പ്രമേയം. സ്വയം നിയന്ത്രിക്കാൻ കഴിയാതെ ഉറക്കെ ശബ്ദമുണ്ടാക്കുകയും തല വെട്ടിക്കുകയും ചെയ്യുന്ന, തലച്ചോർ  സംബന്ധമായ ഒരസുഖമാണ് ടൂറന്റ്സ് ഡിസീസ്. ഈ അസുഖം മൂലം പഠന കാലത്ത് പല സ്കൂളുകളിൽ നിന്നും പുറത്തായിയെന്നു മാത്രമല്ല ഉയർന്ന ബിരുദങ്ങൾ നേടിയിട്ടും തനിക്ക് ഇഷ്ടപ്പെട്ട അദ്ധ്യാപക ജോലി ലഭിക്കുന്നുമില്ല. അവസാനം പ്രശസ്തമായ സെന്റ്.നെറ്റ്കർ സ്കൂളിൽ അദ്ധ്യാപികയായി ജോലി ലഭിച്ചെങ്കിലും പഠിപ്പിക്കേണ്ടി വരുന്നത് വിദ്യാഭ്യാസ അവകാശനിയമപ്രകാരം പ്രവേശനം നൽകി എഫ് ഡിവിഷൻ എന്ന പ്രത്യേക ഡിവിഷനിലേക്ക് നട തള്ളിയ അടുത്ത കോളനിയിലെ വിദ്യാർത്ഥികളെ .മറ്റദ്ധ്യാപകരൊന്നും ഇവരെ പഠിപ്പിക്കാൻ തയ്യാറാകാത്തതു കൊണ്ടാണ് ടുറന്റ്സ് ഡിസീസ് ഉണ്ടായിട്ടും അദ്ധ്യാപികയായി നിയമിച്ചതെന്ന് സ്കൂൾ മാനേജ്മെന്റ്.കുട്ടികളെ മിടുക്കരാക്കാൻ അദ്ധ്യാപിക നടത്തുന്ന ശ്രമമാണ് തുടർന്നുള്ള സിനിമ.നമ്മളെ ഒന്നു ചിന്തിപ്പിക്കും,രണ്ടു സിനിമകളും.


Monday, August 6, 2018

കടയാറ്റ് ഉണ്ണിത്താൻ


പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധമാന്ത്രികനായിരുന്നു കടയാറ്റ് ഉണ്ണിത്താൻ .ഇദ്ദേഹത്തിന്റെ പേര് അറിവായിട്ടില്ല.

വേണാട്ട് രാജാക്കന്മാർ നായർ ഭൂ പ്രഭുക്കൾക്ക് നൽകിയ സ്ഥാനപ്പേരാണ് ഉണ്ണിത്താൻ.ഇവർക്ക് മാടമ്പി സ്ഥാനവുമുണ്ടായിരുന്നു. സിവിലായും ക്രിമിനലായുമുള്ള പരാതികൾക്ക് തീർപ്പ് കൽപ്പിക്കാനും ശിക്ഷ വിധിക്കാനുമുള്ള അധികാരമുള്ളവരാണ് മാടമ്പിമാർ. തറവാട്ടിനോട് ചേർന്ന് ക്ഷേത്രമുണ്ടെങ്കിൽ തറവാട്ടു കാരണവരെ വലിയ പോറ്റി എന്നും വിളിക്കാറുണ്ട്. മാന്ത്രികനായ കട കടയാറ്റുണ്ണിത്താൻ കടയാറ്റ് മാടമ്പി എന്നും കടയാറ്റ് വലിയ പോറ്റി എന്നും അറിയപ്പെട്ടിരുന്നു.

 കൊല്ലം ജില്ലയിലെ കുണ്ടറക്കടുത്ത് മുളവനയിലാണ് കടയാറ്റുകുടുംബം.കടയാറ്റ് തറവാട് വീട് ഇപ്പോഴുമുണ്ട്.
ഈ തറവാടിന്റെ കാരണവരായിരുന്നു മന്ത്രികനായ കടയാറ്റുണ്ണിത്താൻ.
തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുന്നാൾ ബാലരാമവർമ്മയുടെ കാലത്താണ് മഹാ മാന്ത്രികനായ കടയാറ്റുണ്ണിത്താൻ ജീവിച്ചിരുന്നത്. മഹാരാജാവുമായും ദളവയായിരുന്ന വേലുത്തമ്പി ദളവയുമായും ഇദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു.

ആയിരത്തി എണ്ണൂറ്റി എട്ട് ഡിസംബറിൽ വേലുത്തമ്പി ദളവ കൊച്ചിയിലെ പ്രധാനമന്ത്രിയായിരുന്ന പാലിയത്ത് അച്ചന്റെയും വൈക്കം പത്മനാഭപിള്ള, കുഞ്ചക്കുട്ടി പിള്ള എന്നിവരുടെ സഹായത്തോടെ കൊച്ചി ബോൾഗാട്ടി പാലസ്സിൽ താമസിച്ചിരുന്ന ബ്രിട്ടീഷ് റസിഡന്റ് രക്ഷപെട്ട് കൊല്ലത്തെത്തി.വേലുത്തമ്പി ദളവയുടെ നായർ പട ആയിരത്തി എണ്ണൂറ്റി ഒമ്പത് ജനുവരി മാസം കൊല്ലത്തേക്ക് നീങ്ങി. ആയിരത്തി എണ്ണൂറ്റി ഒമ്പത് ജനുവരി 15ന് കൊല്ലത്തിന് സമീപത്തുള്ള കുണ്ടറയിൽ വച്ച് നടത്തിയ  കുണ്ടറ വിളംബരം വഴി പൊതു ജനങ്ങളെ ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ ആഹ്വാനം ചെയ്തു.

അപ്പോഴേക്കും കൂടുതൽ ബ്രിട്ടീഷ് സൈന്യം എത്തി പാളയംകോട്ടയും പത്മനാഭപുരവും ഉദയഗിരി കോട്ടയും കീഴടക്കുകയും തിരുവനന്തപുരത്തേക്ക് മുന്നേറുകയും ചെയ്തിരുന്നു.
ഉമ്മിണിത്തമ്പിയുടെ സ്വാധീനത്തിൽ പെട്ട മഹാരാജാവ് വേലുത്തമ്പിയെ ശത്രുവായി പ്രഖ്യാപിച്ചു.

തിരുവനന്തപുരത്തായിരുന്ന വേലുത്തമ്പി ദളവ കിളിമാനൂർ കൊട്ടാരത്തിലെത്തി. അപ്പോഴേക്കും കൊല്ലത്ത് ക്യാമ്പുചെയ്തിരുന്ന നായർ പട രാജാവിന്റെ നിർദ്ദേശ പ്രകാരം പിരിഞ്ഞു പോയിരുന്നു.അവിടെ നിന്ന് കടയാറ്റ് തറവാട്ടിലെത്തി. കടയാറ്റുണ്ണിത്താന്റെ മാന്ത്രിക പ്രവർത്തി തനിക്ക് ബ്രിട്ടീഷുകാരെ നേരിടാൻ സഹായകമാകുമെന്ന് ദളവ പ്രതീക്ഷിച്ചിരുന്നു. അതായിരുന്നു അവസാന ആശ്രയവും. തന്റെ നിസ്സഹായത വേലുത്തമ്പിയോട് തുറന്നു പറയാനുള്ള മടി കൊണ്ട് ഉണ്ണിത്താൻ പടിപ്പുര മാളിക തുറന്ന് പുറത്തിറങ്ങിയില്ല. വേലുത്തമ്പി ഒരു ദിവസം മുഴുവൻ കാത്തിരുന്നു. തന്നെ കണ്ടേ വേലുത്തമ്പി ദളവ പോകൂ എന്ന് തിരിച്ചറിഞ്ഞ കടയാറ്റുണ്ണിത്താൻ തന്റെ മാന്ത്രിക ഗ്രന്ഥങ്ങൾക്ക് തീ കൊളുത്തി പടിപ്പുര മാളികയോടൊപ്പം വെന്തു ചാമ്പലായി.

പ്രത്യാശ നശിച്ച വേലുത്തമ്പി ദളവ ഉടവാൾ കടയാറ്റ് തറവാട്ടിലേൽപ്പിച്ചിട്ട് മണ്ണടിയിലേക്ക് പോയി.18O9 മാർച്ച് 29 സ്വന്തം അനുജന്റെ വാൾ മാറിൽ കുത്തിയിറക്കി വേലുത്തമ്പി ദളവ വീര മരണം പ്രാപിച്ചു.

ഈ കഥയിൽ എത്രത്തോളം ചരിത്രമുണ്ടെന്നറിയില്ല.എന്റെ കുട്ടിക്കാലം മുതൽ കേട്ടു വരുന്ന കഥയാണിത്.ഇതേ കഥ പ്രസിദ്ധ മജീഷ്യൻ ഗോപിനാഥ് മുതുകാട് മാജിക്കായി അവതരിപ്പിച്ചിട്ടുണ്ട്.

Thursday, July 12, 2018

അയൽ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ് പാർട്ടികൾ പാക്കിസ്ഥാൻ കമ്മ്യൂണിസ്റ്റ് പാർട്ടി


സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തുതന്നെ ആദ്യ പാകിസ്ഥാൻ കമ്മ്യൂണിസ്റ്റ് പാർട്ടി  രൂപീകരിച്ചെങ്കിലും മൂന്നാഴ്ച്ച മാത്രമായിരുന്നു പാർട്ടിയുടെ   ആയുസ്സ്.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നേതാക്കളായിരുന്ന തേജാ സിംഗ് സ്വതന്തറും ഫസൽ ഇലാഹി ബുർഖാനുമായിരുന്നു  പാർട്ടി രൂപീകരണത്തിനു  പിന്നിൽ.ബുർഖാനും സ്വതന്തറും ദത്തും അടങ്ങിയ പോളിറ്റ്  ബ്യുറോവും രുപീകരിച്ചു.
എന്നാൽ ദേശീയ സ്വയം നിർണയാവകാശത്തിനുള്ള ആദ്യനയം തിരുത്തി മതാടിസ്ഥാനത്തിനുള്ള പാകിസ്ഥാൻ രൂപീകരണം പിന്തിരിപ്പനാണെന്ന നിലപാടായിരുന്നു സി പി സ്വീകരിച്ചത്.എന്നാൽ സ്വതന്തറും  ബുർഖാനും നയം അംഗീകരിക്കാൻ കൂട്ടാക്കിയില്ല.1946  ജൂലൈ 16  ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ (പി സി പി )രൂപീകരിച്ചതായി ലോകത്തെ 40 കമ്മ്യൂണിസ്റ്റ് പാർട്ടികളെ ഇവർ കത്ത് മുഖേന അറിയിച്ചു.
പഞ്ചാബിലെ 2293  പാർട്ടി   അംഗങ്ങളിൽ പകുതിയോളം പേർ ,പ്രത്യേകിച്ചും പടിഞ്ഞാറൻ പഞ്ചാബിലുള്ളവർ പുതിയ പാർട്ടിയിൽ ചേർന്നു .സിന്ധിൽ ഖാദിർ ബക്ഷ് നിസാമനിയുടെ  നേതൃത്വത്തിലുള്ളവരും പി സി പി അംഗങ്ങളായി.എന്നാൽ തുടർന്ന് നടന്ന വർഗീയ ലഹളകളെത്തുടർന്ന് ഹിന്ദു,സിഖ് വിഭാഗത്തിൽപെട്ട കമ്മ്യൂണിസ്റ്റുകാർക്ക് ഇന്ത്യൻ ഭാഗത്തുള്ള പഞ്ചാബിലേക്ക് നീങ്ങേണ്ടി വന്നു.അതോടെ പാർട്ടി പ്രവർത്തന രഹിതവുമായി.
കൽക്കട്ടയിൽ 1948 മാർച്ച് 6 ന് നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ സമ്മേളനത്തിൽ വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ രുപംകൊണ്ടു.പാകിസ്ഥാൻ ഭാഗത്ത് നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ യോഗം ചേർന്ന് സി പി പി രുപീകരിച്ചു .അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടനയുടെ സ്ഥാപകനായിരുന്ന സഹീർ അബ്ബാസിനെ സ്ഥാപക ജനറൽ സെക്രെട്ടറിയായി തെരഞ്ഞെടുത്തു.കിഴക്കൻ പാകിസ്ഥാനിൽ (ഇപ്പോഴത്തെ ബംഗ്ളാദേശ് )സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ച്.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പല മുസ്ലിം നേതാക്കളെയും പാകിസ്ഥാൻ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ നീയോഗിച്ചു .
          ആയിരത്തി തൊള്ളായിരത്തി അൻപത്തി ഒന്നിൽ റാവൽപിണ്ടി ഗുഡാലോചന കേസിൽ പെടുത്തി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ പാകിസ്ഥാൻ സര്ക്കാര് ജയിലിലടിച്ചു .ശക്തമായ അടിച്ചമർത്തലും തുടർന്ന് നടന്നു.ഇന്ത്യൻ പ്രധാനമന്ത്രി ജവർലാൽനെഹ്റു ഇടപെട്ട് പല നേതാക്കളെയും ഇന്ത്യലിലേക്ക് കൊണ്ടുവന്നു.ഇക്കാലമായപ്പോഴേക്കും പടിഞ്ഞാറൻ പാകിസ്ഥാനിൽ പാർട്ടി ദുർബലമായിത്തുടങ്ങിയിരുന്നു .
                    ശക്തമായ അടിച്ചമർത്തലിനെ തുടർന്ന് ആസാദ് പാകിസ്ഥാൻ പാർട്ടി എന്നപേരിൽ ഒരുപാർട്ടി രൂപീകരിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം തുടർന്നു .മിയാൻ ഇഫ്തിക്കറുദീൻ ആയിരുന്നു നേതാവ്.ആയിരത്തി തൊള്ളായിരത്തി അൻപത്തിയേഴിൽ ഇടതുപക്ഷ പ്രവർത്തകർ നാഷണൽ അവാമി പാർട്ടി രുപീകരിച്ചു .ആസാദ് പാകിസ്ഥാൻ പാർട്ടി അവാമി പാർട്ടിയിൽ ലയിക്കുകയും ചെയ്തു.
                  ആയിരത്തി തൊള്ളായിരത്തി അറുപത് ആയപ്പോഴേക്കും പടിഞ്ഞാറൻ പാകിസ്താനിലെ പാർട്ടി അംഗങ്ങളുടെ എണ്ണം മുവ്വായിരത്തോളമായിരുന്നു.പടിഞ്ഞാറൻ പാകിസ്ഥാനിൽ പ്രവർത്തനം അസാധ്യമായതിനെ തുടർന്ന് യൂറോപ് കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനം നടത്താൻ തുടങ്ങി.ഭഗവത് എന്ന പേരിൽ ഒരു ഉറുദു മാസികയും പ്രസിദ്ധീകരണമാരംഭിച്ചു.
കിഴക്കൻ പാകിസ്ഥാനിൽ പാർട്ടി കുറേയൊക്കെ ശക്തമായിരുന്നു.അവാമി ലീഗ്,കൃഷക് പ്രജാപാർട്ടി,നിസാം ഇസ്ലാം എന്നീ പാർട്ടികളുമായി ചേർന്ന് ഗണതന്ത്രി ദൾ  എന്ന ഐക്യ മുന്നണി രുപീകരിച്ച് ഇലക്ഷന് മത്സരിച്ചു .പത്ത് സ്ഥാനാർത്ഥികൾ മത്സരിച്ചതിൽ 4  പേര് വിജയിച്ചു.23 പാർട്ടി അംഗങ്ങൾ മറ്റു പാർട്ടികളുടെ സ്ഥാനാർഥികളെയും വിജയിച്ചു.
ആയിരത്തി തൊള്ളായിരത്തി അൻപത്തി നാലിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും വർഗ്ഗ ബഹുജന സംഘടനകളായ നാഷണൽ സ്റ്റുഡന്റസ് ഫെഡറേഷൻ ,പ്രോഗ്രസ്സിവ് റൈറ്റേഴ്സ് മൂവ്മെന്റ് ,റെയിൽവേ വർക്കേഴ്സ് യൂണിയൻ  എന്നിവയും നിരോധിച്ചു.തുടർന്ന് കുൽ  പാകിസ്ഥാൻ കിസാൻ അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി.
ആയിരത്തി തൊള്ളായിരത്തി അറുപത്തി എട്ടിൽ ധാക്കയിൽ നടന്ന നാലാം പാർട്ടി കോൺഗ്രസിൽ കിഴക്കൻ പാകിസ്ഥാനിൽ പ്രത്യേകം രാഷ്ട്രീയ പാർട്ടി രുപീകരിക്കാൻ തീരുമാനിച്ചു.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഈസ്റ്റ് പാകിസ്ഥാൻ എന്നായിരുന്നു പേര്.ബംഗ്ലാദേശ് രൂപീകരണത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ സജീവമായി പങ്കെടുത്ത പാർട്ടി ബംഗ്ലാദേശ് രൂപീകരണത്തിന് ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബംഗ്ളാദേശ് എന്ന പേരുമാറ്റി.സുഖേന്ദു ദസ്തിക്കാറായിരുന്ന ജനറൽ സെക്രട്ടറി.
ഇക്കാലത്തുതന്നെ പടിഞ്ഞാറൻ പാകിസ്ഥാനിൽ നാഷണൽ അവാമി പാർട്ടി പിളർന്നു.അഫ്സൽ ബംഗാഷിന്റെ നേതൃത്വത്തിലുള്ള വിഭാഗം മസ്ദൂർ കിസാൻ പാർട്ടി (എം കെ പി )രുപീകരിച്ചു .ഷേർ  അലി ബച്ച  ആയിരുന്നു ജനറൽ സെക്രട്ടറി.മേജർ ഇഷാഖിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ഗ്രൂപ്പും എം കെ പി യിൽ ലയിച്ചു .

ആയിരത്തി തൊള്ളായിരത്തി എഴുപത് മാർച്ചിൽ സിന്ധിലെ ഹൈദരാബാദിൽ എഴുത്തുകാരും സാമൂഹ്യപ്രവർത്തകരും ബുദ്ധിജീവികളും ചേർന്ന് അവാമി തഖ്രീഖ് പാകിസ്ഥാൻ( റ്റി പി )എന്ന ഇടതുപക്ഷ പാർട്ടി രുപീകരിച്ചു.മതേതരത്വം,ജാതി വിരുദ്ധ പ്രവർത്തനം,അഴിമതി,സൈനിക മേധാവിത്വം,സാമ്രാജ്യത്വം എന്നിവക്കെതിരെ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ വിശ്വസിക്കുന്ന ഒരു പാർട്ടിയായിരുന്നു ഇത്.പ്രമുഖ ചിന്തകനായിരുന്ന റസൂൽ ബക്ഷ് പാലീജോയായിരുന്നു  ജനറൽ സെക്രെട്ടറി.

പാകിസ്ഥാൻ ഭരണാധികാരിയായിരുന്ന അയുബ്ബ് ഖാൻ നടപ്പിലാക്കിയ ഭൂ പരിഷ്കരണത്തിനും യന്ത്രവൽക്കരണത്തിനും എതിരെ മസ്ദൂർ കിസാൻ പാർട്ടിയുടെ നേതൃത്വത്തിൽ വടക്കു പടിഞ്ഞാറൻ അതിർത്തി സംസ്ഥാനത്ത് ആയിരത്തി തൊള്ളായിരത്തി എഴുപത്തിൽ കർഷക സമരം ആരംഭിച്ചു.ജന്മിമാരുടെ സ്വകാര്യ ഗുണ്ടകളും സൈന്യവും സമരത്തെ അടിച്ചമർത്തി.സംഘടനയുടെദേശീയ വൈസ് പ്രസിഡന്റ് മൗലവി മുഹമ്മദ് സാദിഖ് കൊല്ലപ്പെട്ടു.സമരത്തെ അടിച്ചമർത്തിയെങ്കിലും കർഷകർക്കിടയിൽ എം കെ പി ക്ക് നല്ല സ്വാധീനമുണ്ടായിരുന്നു.
ആയിരത്തി തൊള്ളായിരത്തി എഴുപത്തിലും എഴുപത്തി ഏഴിലും നടന്ന തെരഞ്ഞെടുപ്പുകൾ എം കെ പി ബഹിഷ്കരിച്ചു.ജനാധിപത്യ പുനഃസ്ഥാപനത്തിനായി പ്രധാന ഇടതുപക്ഷ പാർട്ടികൾ ചേർന്ന് രുപീകരിച്ച അവാമി ജംബുരി ഇത്തിഹാജ് പാകിസ്ഥാൻ(ജനകീയ ജനാധിപത്യ സഖ്യം- ജെ പി ) എന്ന മുന്നണിയിലും എം കെ പി ചേർന്നില്ല.
ആയിരത്തി തൊള്ളായിരത്തി എഴുപത്തി എട്ടിൽ എം കെ പി  മുന്ന് വിഭാഗങ്ങളായി പിളർന്നു.വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെയും വടക്കൻ പഞ്ചാബിലേയും പ്രവർത്തകർ ബംഗാഷിന്റെ നേതൃത്വത്തിലും പഞാബിലെയും കറാച്ചിയിലെയും പ്രവർത്തകർ ഷേർ  അലി ബാഘയുടെ യും  ഇമതിയാസ് ആലത്തിന്റെയും നേതൃത്വത്തിന്റെയും മുഉന്നംതെ വിഭാഗം മേജർ ഇഷാഖിന്റെ നേതൃത്വത്തിലും പ്രവർത്തിച്ച് തുടങ്ങി.ബാഖയുടേയും  ഇമതിയാസ് ആലത്തിന്റെയും നേതൃത്വത്തിലുള്ള വിഭാഗം ജനകീയ ജനാധിപത്യ സഖ്യത്തിൽ ചേർന്നു .
ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിൽ ചേർന്ന രണ്ടാം പാർട്ടി കോൺഗ്രസിൽ,യൂണിറ്റി കോൺഗ്രസ് എന്നാണിത് അറിയപ്പെടുന്നത്,എം കെ പി യും പാക്കിസ്ഥാൻ വർക്കേഴ്സ് പാർട്ടിയും ലയിച്ചു .തുടർന്ന് സിയ ഉൽ ഹഖിന്റെ ഭരണത്തിനെതിരെയുള്ള പ്രവർത്തനത്തിലും ജനാധിപത്യ പുനഃസ്ഥാപനത്തിനുള്ള പ്രസ്ഥാനം രൂപീകരിക്കുന്നതിലും പ്രവർത്തനത്തിലും പ്രസ്ഥാനം സജീവമായിരുന്നു.
                           ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിൽ മേജർ ഇഷാഖിന്റെ  നേതൃത്വത്തിലുള്ള വിഭാഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാനുമായി ലയിച്ച് കമ്മ്യൂണിസ്റ്റ് മസ്ദൂർ കിസാൻ പാർട്ടി (സി എം കെ പി ) രുപീകരിച്ച്.
രണ്ടായിരത്തി മുന്ന്നിൽ സി എം കെ പി വീണ്ടും പിളർന്നു.മേജർ ഇഷാഖിന്റെ നേതൃത്വത്തിലുള്ളവർ എം കെ പി പുനരുജ്ജീവിപ്പിച്ചു .സൂഫി അബ്ദുൽ ഖലീക് ബലൂച്ചിന്റെയും നെയ്മുർ റഹ്മാന്റേയും നേതൃത്വത്തിലുള്ളവർ മാർക്സിസ്റ്റ് ലെനിനിസ്റ്റ് തത്വ ചിന്തയിൽ ഉറച്ചുനിന്ന് സി എം കെ പിയിൽ തുടരുകയും ചെയ്തു.രണ്ടായിരത്തി ഒൻപത് അവസാനം സി എം കെ പിയിൽ വീണ്ടും പിളർപ്പുണ്ടായി.സൂഫി അബ്ദുൾ ഖലീക് ബലൂച്ചിന്റെ നേതൃത്വത്തിലുള്ളവർ വർക്കേഴ്സ് പാർട്ടി ഓഫ് പാകിസ്ഥാൻ രൂപീകരിച്ചു .
നെയ്മർ റഹ്മാൻ സി എം കെ പി ജനറൽ സെക്രെട്ടരിയായി .കർഷകരുടെ ഇടയിൽ പ്രവർത്തിക്കുന്ന സി എം കെ പി ക്ക് അവാമി മോർച്ച എന്ന പ്രസിദ്ധീകരണമുണ്ട്.ചൈന- പാകിസ്ഥാൻ  ഇക്കണോമിക് കോറിഡോറിനെ ശക്തമായി ഒരു നിലപാടാണ് ഇവർ സ്വീകരിച്ചിരിക്കുന്നത് എന്നത് ഇന്ത്യക്കാർക്ക് താല്പര്യമുണ്ടാക്കിയേക്കാം.
                         പാകിസ്ഥാനിൽ പ്രവർത്തിച്ചുവന്ന പ്രധാന ഇടതുപക്ഷ പാർട്ടിയായിരുന്നു 1995 രുപീകരിച്ച ജദോജ ഇൻക്വിലാബി തഹ്രീക്  എന്ന സംഘടന .യൂറോപ്പിൽ പഠനം നടത്തിയിരുന്ന വിദ്യാർഥികളാണ് സംഘടന രൂപീകരിച്ചത്.പിന്നീട് ലേബർ പാർട്ടി ഓഫ് പാകിസ്ഥാൻ എന്ന് പേരുമാറ്റിയ സംഘടനയുടെ നേതാക്കൾ നിസ്സാർഷാ, ഫാറൂർഖ് താരിഖ് എന്നിവരായിരുന്നു.ഏഴായിരത്തി  മുന്നൂറിലധികം അംഗങ്ങളും മസ്ദൂർ  ജടാജൂദ് എന്ന പേരിലുള്ള ഉറുദു വാരികയും പാർട്ടിക്ക് സ്വന്തമായി ഉണ്ടായിരുന്നു.
നിലവിൽ ലേബർ പാർട്ടി ഓഫ് പാകിസ്ഥാൻ   കമ്മ്യൂണിസ്റ്റ് മസ്ദൂർ കിസാൻ പാർട്ടി (സി എം കെ പി )യും നാഷണൽ വർക്കേഴ്സ് പാർട്ടിയും ലയിച്ച് അവാമി വർക്കേഴ്സ് പാർട്ടി എന്ന പുതിയ പാര്ടിയ്യായി പ്രവർത്തിക്കുകയാണ്. ഫാറൂർഖ് താരിഖ് ആണ്  ജനറൽ സെക്രെട്ടറി.