Monday, February 11, 2019

അളള് രാമേന്ദ്രൻ


അച്ഛാ....
എന്തെടാ ?
നമുക്കിന്നൊരു സിനിമക്ക് പോകാം
ഏതു സിനിമ?
അള്ള് രാമേന്ദ്രൻ.സിത്താര തിയേറ്ററിൽ അതാണ്
കുഞ്ഞൂട്ടൻ എന്നു പേരായ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ ഇളയ മകൻ സിനിമയുടെ ആരാധകനാണ്. അവധി ദിവസം ഞാൻ വീട്ടിലിരിക്കുന്നതു കണ്ടാൽ ഉടൻ തുടങ്ങും സിനിമക്ക് പോകാനുള്ള നിർബന്ധം.ഞായറാഴ്ചയിലെ അങ്ങനെയൊരു സീനാണിത്.
ഞാൻ കണ്ടു. എടുത്തടിച്ചതു പോലെ ഞാൻ പറഞ്ഞു.
അയ്യോ! ഞാനും കൂടി വരാമായിരുന്നു. എവിടന്നു കണ്ടു? അവൻ വിഷമത്തോടെ ചോദിച്ചു.
ഞാനും ഓഫീസിലെ ശശിയേട്ടനും കൂടി മിനത്തൊന്ന് പോയി.
എങ്ങനെയുണ്ട്? കുഞ്ചാക്കോ ബോബന്റെ സിനിമയല്ലേ നന്നായിരിക്കും. അവൻ പ്രത്യാശിച്ചു.
ബിലഹരി സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ നായകനായ ചിത്രമാണ് അള്ള് രാമേന്ദ്രൻ .ഞാൻ പറഞ്ഞു തുടങ്ങി. കുഞ്ചാക്കോ ബോബന്റെ പതിവ് വേഷങ്ങളിൽ നിന്നു മാറി കുറച്ചൊക്കെ വില്ലൻ സ്വഭാവമുള്ള ഒരു കഥാപാത്രമാണ് പോലീസ് ഡ്രൈവർ രാമചന്ദ്രൻ. ഓടിക്കുന്ന പോലീസ് ജീപ്പിന് നിരന്തരം ആരോ അള്ളുവെച്ച് ടയർപങ്ങ്ചറാക്കുന്നതു മൂലം ജോലിയിൽ നിന്നു തന്നെ ലോംഗ് ലീവെട്ടുക്കേണ്ടി വരുന്ന പോലീസുകാരനാണ് രാമചന്ദ്രൻ. നാട്ടുകാരുടെയിടയിൽ അള്ള് രാമചന്ദ്രൻ എന്ന വട്ടപ്പേരും കിട്ടുന്നു. കഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ പൂർണ്ണമായും ഉൾക്കൊണ്ടിട്ടുണ്ട്. നടനെന്ന നിലയിൽ കുഞ്ചാക്കോ ബോബൻ പക്വതയാർജിച്ചിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ നായകൻ പ്രതിനായകനാവുകയുംകൃഷ്ണ ശങ്കർ അവതരിപ്പിക്കുന്ന ജിത്തു എന്ന കഥാപാത്രത്തിലേക്ക് ചിത്രം തിരിയുകയും ചെയ്യുന്നു. കൃഷ്ണ ശങ്കർ നല്ല അഭിനയം കാഴ്ചവെക്കുന്നു. പ്രതീക്ഷയുണർത്തുന്ന നടനാണിദ്ദേഹം. അപർണ്ണ ബാലമുരളി, ചാന്ദ്നി ശ്രീധരൻ എന്നിവരാണ് നായികമാർ.ള്ള വേഷവും അവതരിപ്പിക്കാൻ ശേഷിയുള്ള നായികമാരുടെ നിരയിലേക്ക് അപർണ്ണ ബാലമുരളി ഉയർന്നു വരുന്നുണ്ട്. ചാന്ദ്നി ശ്രീധരൻ കാവ്യാ മാധവനെ അനുകരിക്കുന്നോ എന്ന് സംശയം. ചിലപ്പോൾ വിദൂര ദൃശ്യങ്ങളിലുള്ള സാമ്യം കൊണ്ട് തോന്നുന്നതുമാകാം.
സംവിധായകൻ പ്രതിഭാശാലിയാണ്. രണ്ടാം പകുതിയുടെ എഡിറ്റിങ്ങിൽ കുറേക്കൂടി ശ്രദ്ധിക്കാമായിരുന്നു. ഗാനങ്ങളുണ്ടോ? ഉണ്ടെങ്കിൽ തന്നെ ഓർമ്മയിൽ നിൽക്കുന്നില്ല. തിരക്കഥയും ക്യാമറയും നന്നായി.ഹരീഷ് കണാരന് പ്രത്യേകിച്ച് അഭിനയിക്കാനൊന്നുമില്ലെങ്കിലും സ്വാഭാവികമായ അഭിനയം കൊണ്ട് റോൾ നന്നാക്കി. സലീം കുമാറും ശ്രീനാഥ് ഭാസിയും നന്നായി. ധർമ്മജനും പാട്ടു പഠിപ്പിക്കുന്ന റോളിൽ വന്നയാളിനും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു.
അപ്പോൾ ഈ സിനിമ അത്ര നല്ലതാണോ? കുഞ്ഞൂട്ടൻ ചോദിച്ചു
കഥ പല സ്ഥലത്തും യുക്തിക്ക് നിരക്കുന്നില്ല. സിനിമ എപ്പോഴും യുക്തിപരമാവണമെന്നില്ല. പക്ഷേ അത് പ്രേക്ഷകന് അനുഭവപ്പെടാത്ത വിധം സിനിമ കൊണ്ടു പോകന്നതിലാണ് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും മിടുക്ക്.ഒന്നാം പകുതി ഒരു ത്രില്ലർ സിനിമയുടെ രസത്തിൽ പോയ ശേഷം രണ്ടാം പകുതിയിൽ കുറച്ചൊരു ഇഴച്ചിലുണ്ടായി.
അച്ഛാ ഞാനൊരു കാര്യം പറയട്ടേ. പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല. സാഹിത്യ ഭാഷയൊക്കെ മാറ്റിവെച്ചിട്ട് പറയണം. സിനിമ കൊള്ളാമോ ഇല്ലയോ?
കൊള്ളാം. കണ്ടു കൊണ്ടിരിക്കാം.