Friday, November 20, 2020

1991:HOW P.V .NARASIMHA RAO MADE HISTORY BY SANJAYA BARU പുസ്തക റിവ്യൂ


ഇൻഡ്യാചരിത്രത്തിലെ ഒരു പ്രധാന അധ്യായമായിരുന്നു ഇന്ത്യ സ്വാതന്ത്രമായത്.അതിനു ശേഷമുള്ള പ്രധാന വഴിത്തിരിവാണ് 1991 ലെ സാമ്പത്തിക പരിഷ്‌കാരം.
ആധുനിക ഇന്ത്യ രൂപപ്പെട്ടത് 1991 ലെ പരിഷ്‌ക്കാരങ്ങൾക്ക് ശേഷമാണ്.അതിൻറെ ശില്പിയാകട്ടെ പി വി നരസിംഹ റാവൂ എന്ന പ്രധാനമന്ത്രിയും .ചുരുക്കത്തിൽ ആധുനിക ഇന്ത്യയുടെ ശില്പിയാണ് പി വി നരസിംഹ റാവൂ.പക്ഷെ ഇതേക്കുറിച്ച് ഇന്ത്യയിൽ ആരും ഓർക്കാറില്ല.അന്ന് ഭരിച്ചിരുന്ന കോൺഗ്രസ് മറക്കാനാഗ്രഹിക്കുന്ന വ്യക്തിത്വമാണ് നരസിംഹ റാവൂ.മറ്റുള്ളവരാകട്ടെ നേട്ടങ്ങൾ റാവുവിന് ചാർത്തിക്കൊടുത്താൽ അവരുടെ ഭരണം മങ്ങിപ്പോകുമെന്ന് ഭയപ്പെടുന്നവരുമാണ്.അതുകൊണ്ടു തന്നെ പി വി നരസിംഹ റാവൂ എന്ന അതി പ്രഗത്ഭനായ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ന് ഓർമിക്കപ്പെടുന്നത് ബാബ്‌റി മസ്ജിദ് പൊളിച്ചപ്പോൾ നിഷ്ക്രിയനായി നിന്ന ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലക്കാണ്.റാവുവിന്റെ ഭരണ കാലത്തെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടുമില്ല.
ഈ സാഹചര്യത്തിലാണ് സഞ്ജയ് ബാറു എഴുതിയ 1991 ഹൗ പി വി നരസിംഹ റാവൂ മെയ്‌ഡ്‌ ഹിസ്റ്ററി എന്ന പുസ്തകം പ്രസക്തമാകുന്നത്.ഈ പുസ്തകം റാവുവിന്റെ സാമ്പത്തിക,രാഷ്ട്രീയ ,വിദേശകാര്യ നയങ്ങളെ വിലയിരുത്തുന്നു.
റാവൂ അധികാരമേൽക്കുമ്പോഴേക്കും ഇന്ത്യ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയായിരുന്നു.വിദേശ നാണ്യ ശേഖരം വളരെക്കുറവ്.അവശ്യ സാധനങ്ങളുടെ ഇറക്കുമതിക്ക് ആവശ്യമായ വിദേശ നാണ്യ കരുതൽ പോലും ഇന്ത്യയിലില്ലായിരുന്നു.ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സോവിയറ്റ് യൂണിയന്റെ തകർച്ച പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനുപോലും മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നതിലേക്ക് ഇന്ത്യയെ നയിച്ചു. റാവുവിന് മുമ്പ് പ്രധാനമന്ത്രിയായിരുന്ന ചന്ദ്ര ശേഖറും ധനകാര്യ മന്ത്രി യശ്വന്ത് സിൻഹയും സാമ്പത്തിക പ്രതി സന്ധി മറികടക്കാൻ കർശന നടപടികൾ സ്വീകരിച്ച് തുടങ്ങിയിരുന്നു.ഇന്ത്യയിൽ കരുതലായി സൂക്ഷിച്ചിരുന്ന സ്വർണം വിദേശ രാജ്യങ്ങളിൽ പണയം വെച്ച് വിദേശ നാണ്യം നേടുക എന്നതായിരുന്നു അത്.ഇന്ത്യ സഹായം തേടിയ പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ അവഗണിക്കുന്ന നയമായിരുന്നു അന്ന് തുടർന്നത്.ജപ്പാൻ വിദേശകാര്യമന്ത്രി ഇന്ത്യൻ വിദേശകാര്യമന്ത്രിയെ കാണാൻ സമയം നൽകാൻ പോലും തയ്യാറായില്ല.
ഈ സാഹചര്യത്തിലാണ് പി വി നരസിംഹ റാവൂ ഇന്ത്യൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്.അപ്പോഴേക്കും ആദ്യ ബാച്ച് സ്വർണം വിദേശത്തേക്ക് പണയമായി പോയിരുന്നു.തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ വിശ്രമ ജീവിതം നയിക്കാൻ ആന്ധ്രപ്രദേശിലേക്ക് തിരികെ പ്പോയ റാവുവിന് രാജീവ് ഗാന്ധിയുടെ മരണത്തെത്തുടർന്നാണ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കേണ്ടി വന്നത്.റാവുവിനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണം അന്നുണ്ടായിരുന്ന കോൺഗ്രസ് എം പി മാരിൽ ഭൂരിപക്ഷവും തെക്കേ ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു എന്നതാണ്.
റാവൂ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ പ്രതിസന്ധി സോവിയറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നേതൃത്വത്തിൽ ഗോർബച്ചേബിനെതിരെ നടന്ന അട്ടിമറിശ്രമമായിരുന്നു.അന്നുണ്ടായിരുന്ന വിദേശ നയത്തിന്റെ തുടർച്ചയെന്നോണം ഇന്ത്യ അട്ടിമറി ശ്രമത്തെ സ്വാഗതം ചെയ്തു.പക്ഷെ അട്ടിമറി ശ്രമം പരാജയപ്പെടുകയും സോവിയറ്റ് യൂണിയതിൻ ബോറിസ് യെൽട്സിന്റെ നേതൃത്വത്തിൽ കൂടുതൽ വലത്തേക്ക് ചെയുകയും ഒടുവിൽ ഗോർബച്ചെബ് അധികാരത്തിൽ നിന്ന് പുറത്തതാകുന്നതിലേക്കും സോവിയറ്റ് യൂണിയൻ വിഘടിക്കുന്നതിലേക്കും നയിച്ചു.
ഇന്ത്യയുടെ വിദേശ കാര്യ നയത്തിൽ പ്രധാന നയംമാറ്റമുണ്ടായത് അതിനു ശേഷമായിരുന്നു.ഏതെങ്കിലും ചേരിയുടെയോ മൂന്നാം ചേരിയുടെയോ ഭാഗമായി നിൽക്കുന്നതിന് പകരം രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകിക്കൊണ്ടുള്ള വിദേശ നയമാണ് രൂപീകരിച്ചത്.റാവൂ അധികാരമൊഴിഞ്ഞു 24 വര്ഷം കഴിഞ്ഞിട്ടും ഇന്നും ഇന്ത്യ തുടരുന്നത് ഈ വിദേശ നയമാണ്.
അധികാരമേറ്റയുടൻ ഇന്ത്യയിൽ നിലനിന്ന വ്യവസായ ലൈസൻസ് രാജ് നിർത്തലാക്കാന് സ്വതന്ത്ര വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാനും റാവൂ നടപടിയാരംഭിച്ചു.അതിനു മുമ്പുള്ള ഇന്ദിരാ ഗാന്ധിയും രജ്ജീവ് ഗാന്ധിയുമടക്കമുള്ള ഭരണാധികാരികൾ ചെയ്യണമെന്നാഗ്രഹിച്ചതും എന്നാൽ രാഷ്ട്രീയ ഇച്‌ഛാ ശക്തിയില്ലാത്തതുമൂലം മാറ്റിവെച്ചതുമായ നടപടിയുമായി റാവൂ മുന്നോട്ടുപോയി.പ്രധാനമന്ത്രി സ്ഥാനത്തിന് പുറമെ വ്യവസായ വാണിജ്യ വകുപ്പിന്റെയും ചുമതല വഹിച്ചത് നരസിംഹ റാവൂ തന്നെയായിരുന്നു.പുതിയ വ്യവസായ വാണിജ്യ നയം ലോക്സഭയിൽ അവതരിപ്പിച്ചത് വാണിജ്യ വ്യവസായ സഹമന്ത്രി പി ജെ കുര്യ നായിരുന്നു.ഇന്ത്യയെ മാറ്റിമറിച്ച ഒരു നയം മാറ്റത്തിന് അന്ന് തുടക്കം കുറിച്ചു . തുടർന്ന് ധനകാര്യ മന്ത്രി മൻമോഹൻ സിംഗ് സാമ്പത്തികനയമാറ്റത്തെ ഉൾപ്പെടുത്തി പുതിയ ബജറ്റ് അവതരിപ്പിച്ചു.
വര്ഷങ്ങളായി കുടുംബാധിപത്യം തുടർന്ന് പോരുന്ന കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനും റാവൂ ശ്രമിച്ചു.ദശകങ്ങൾക്ക് ശേഷം കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.മാത്രമല്ല തിരുപ്പതിയിൽ ചേർന്ന എ ഐ സി സി സമ്മേളനത്തിൽ പുതിയ സാമ്പത്തിക നയം മാറ്റത്തിനുള്ള അംഗീകാരവും നേടി .നരസിംഹ റാവൂ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ് 24 വര്ഷം കഴിഞ്ഞിട്ടും പിന്നീട് ഇതുവരെയും കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല എന്നും പ്രിയങ്കയും രാഹുലുമൊക്കെ ഇല്ലെങ്കിൽ ഇന്ത്യയും കോൺഗ്രസ്സും മതേതരത്വവുമൊക്കെ തകർന്നു പോകും എന്ന് ഇടതുപക്ഷ പാർട്ടികൾ പോലും പാടിനടക്കുകയാണ് എന്നോർക്കുമ്പോഴേ നരസിംഹ റാവുവിന്റെ മഹത്വം മനസ്സിലാകൂ.
അഞ്ചു വര്ഷം ഭരണം പൂർത്തിയാക്കി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തി രാജ്യ സുരക്ഷ ശക്തിപ്പെടുത്തി കോൺഗ്രസിനെ ശക്തിപ്പെടുത്തി സ്ഥാനമൊഴിഞ്ഞ നരസിംഹ റാവുവിന് അർഹതപ്പെട്ട അംഗീകാരം ഇന്ത്യ ചരിത്രത്തിൽ ലഭിച്ചില്ല.നവഭാരത ശില്പിയായ റാവുവിന്റെ പങ്ക് തമസ്കരിക്കാനാണ് നെഹ്‌റു കുടുംബം ശ്രമിച്ചു വരുന്നത്.ഇപ്രകാരം അവർ തമസ്കരിക്കാൻ ശ്രമിച്ച പട്ടേലിനെയും സുഭാഷ് ചന്ദ്ര ബോസിനേയുമൊക്കെ ബി ജെ പി ഏറ്റെടുത്തു .ആദർശപരമായ പ്രശനം മൂലം റാവുവിനെ ഏറ്റെടുക്കാൻ അവർക്കും കഴിയുന്നില്ല.വിവിധ മന്ത്രി സഭകൾ മാറി വന്നിട്ടും റാവൂ രൂപീകരിച്ച നയങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്.
ഇന്ത്യയുടെ വികസനത്തിന്റെ ശില്പിയാണെങ്കിലും പതുക്കെ പതുക്കെ വിസ്‌മൃതിയിലേക്ക് ആണ്ടു കൊണ്ടിരിക്കുന്ന ഒരു മുൻ പ്രധാനമന്ത്രിയുടെ നയങ്ങളെ വസ്തുതാപരമായി വിശകലനം ചെയ്യുകയാണ് 1991 ഹൗ പി വി നരസിംഹ റാവൂ മെയ്‌ഡ്‌ ഹിസ്റ്ററി എന്ന പുസ്തകം.എന്തുകൊണ്ടോ ബാബ്‌റി മസ്ജിദ് തകർച്ചയുടെ ബന്ധപ്പെട്ട വസ്തുതകൾ ഈ പുസ്തകത്തിൽ കാര്യമായി ചർച്ച ചെയ്യുന്നില്ല.
നരസിംഹ റാവുവിനെയും പിന്നീട്‌ മൻമോഹൻ സിങ്ങിനെയും അപമാനിച്ച് അധികാരത്തിൽ നിന്ന് ഇറക്കി വിട്ട നെഹ്‌റു കുടുംബത്തിന്റെ ധര്ഷ്ട്യവും വിവരക്കേടും ഇന്ന് ഇന്ത്യയെ എവിടെയെത്തിച്ചിരിക്കുന്നു എന്ന് മനസിലാക്കുമ്പോഴേ പി വി നരസിംഹ റാവുവിന്റെ പ്രസക്തി തിരിച്ചറിയൂ.
ഈ ഇംഗ്ലീഷ് പുസ്തകം പ്രസിദ്ധീകരിച്ചത് അലിഫ് ബുക്ക്സ് .