Monday, December 21, 2020

3 :02 (ഇംഗ്ലീഷ് നോവൽ)


മൈനാക് ധർ 

പ്രസാധകർ :വെസ്റ്റ് ലാൻഡ്  


ഒരു ദിവസം രാവിലെ 3 :02 ന് ലോകം നിശ്ചലമായാൽ എങ്ങനെയിരിക്കും?ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങളും നിശ്ചലമാകുന്നു.ബസുകൾ,കാറുകൾ ,പ്ലൈനുകൾ,ഫോണുകൾ  തുടങ്ങി എല്ലാം നിശ്ചലമാകുന്നു.വൈദ്യുതിയില്ല.മാത്രമല്ല,ഇലക്ട്രോണിക് സംവിധാനവും ആധുനിക സാങ്കേതിക വിദ്യയും പ്രവർത്തിക്കാത്തതുകൊണ്ട് ഇന്ത്യൻ സേനകൾ പോലും നിശ്ചലമായി.

 മൈനാക് ധർ എഴുതിയ 3 :02 എന്ന നോവൽ തുടങ്ങുന്നത് ഇങ്ങനെയാണ്.ഒരു കമ്പനിയുടെ വൈസ് പ്രസിഡന്റായി പ്രമോഷൻ കിട്ടിയ അന്ന് രാത്രി ഉറങ്ങിയുണർന്ന ആദിത്യക്ക് കാണാൻ കഴിഞ്ഞത് പുതിയലോകമാണ്.ജോലിയോ,ബാങ്ക് ബാലൻസോ പ്രസക്തമല്ലാത്ത ഒരു ലോകം.പട്ടാളവും പോലീസുമൊന്നും ഇല്ലാതായ മുംബൈ നഗരത്തിന്റെ നിയന്ത്രണം സാമൂഹ്യ വിരുദ്ധർ ഏറ്റെടുക്കുന്നു.കൈയൂക്കുള്ളവർ കാര്യക്കാരായി മാറുന്നു.കടകൾ കൊള്ളയടിക്കുന്നു.എതിർക്കുന്നവരെ കൊല്ലുന്നു .ഫ്ലാറ്റുകളും കൊള്ളയടിക്കാൻ തുടങ്ങുന്നു.ഈ സാഹചര്യത്തിൽ പഴയൊരു എൻ സി സി കേഡറ്റ് ആയിരുന്ന ആദിത്യ ഫ്ലാറ്റിലുള്ളവരെ സംഘടിപ്പിച്ച് അക്രമികളെ നേരിടുകയാണ്.കുറച്ച് കഴിഞ്ഞപ്പോഴാണ് അറിയുന്നത് ഭൂമിക്ക് വളരെ ഉയരത്തിൽ അണുബോംബ് സ്ഫോടനം നടത്തി ഉപഗ്രഹത്ത്തിന്റെയും ആധുനിക സാങ്കേതിക വിദ്യയുടെയും സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങളെല്ലാം നിശ്ചലമാക്കി ലോകത്തിന്റെയാകെ നിയന്ത്രണം ഇസ്ലാമിക സ്റ്റേറ്റ് (ഐ എസ് ) തീവ്രവാദികൾ പിടിച്ചെടുത്തിരിക്കുകയാണെന്ന്.വൈദ്യതി ലഭിക്കാനും പഴയ ലോകത്തേക്ക് തിരികെ പോകാനും സാധ്യത കുറവാണെന്ന് കണ്ട ആദിത്യയും കൂട്ടുകാരും ഐ ഐ ടിയിലെ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ അനുയോജ്യമായ സാങ്കേതിക വിദ്യകൽ വികസിപ്പിച്ച് വൈദ്യുതിയും ആയുധങ്ങളും ഉണ്ടാക്കുന്നതും ആശുപത്രി,ജലവിതരണം,കൃഷി തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതുമാണ് നോവലിന്റെ ഇതിവൃത്തം.ശത്രുവുമായി തന്ത്രപരമായ ഏറ്റുമുട്ടലുകൾ നടത്തുന്നതിലൂടെ അവരിൽ നിന്ന് പിടിച്ചെടുക്കുന്ന ആയുധങ്ങൾ ഉപയോഗിച്ച് ഒരു സേന രൂപീകരിക്കുന്നു.രഹസ്യ കേന്ദ്രത്തിൽ കഴിയുന്ന ഇന്ത്യൻ പ്രധാനമന്ത്രി ഈ സേനക്ക് സുഭാഷ് ചന്ദ്ര ബോസിന്റെ സേനയായിരുന്ന ആസാദ് ഹിന്ദ് ഭൗജിന്റെ പേരാണ് നൽകുന്നത്.വിവിധ സേനകളിൽ നിന്ന് ചിതറിപ്പോയവരെയും ജനങ്ങളെയും അണിനിരത്തി ആദിത്യയുടെ നേതൃത്വത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈയിൽ നിന്ന് മുംബൈ എയർപോർട്ട് പിടിച്ചെടുക്കുന്നതോടെയാണ് നോവൽ അവസാനിക്കുന്നത്.ലോകം സാധാരണ നിലയിലേക്ക് തിരികെയെത്തുന്നു എന്ന സൂചനയോടെ.

ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന ചിന്ത മാറ്റിവെച്ചാൽ നല്ല രസകരമായി വായിച്ചുപോകാവുന്ന ഒരു ഫാന്റസിയാണിത്.

നിലവിലുള്ള സംവിധാനങ്ങൾ തകർന്നാൽ അത് സമൂഹത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്നും പുതിയ സംവിധാനങ്ങൾ ജനങ്ങൾ എങ്ങനെയായിരിക്കും രൂപീകരിക്കുന്നതിനും ഈ നോവൽ ചർച്ച ചെയുന്നു.നല്ല ഒഴുക്കുള്ള ഭാഷ.അവസാന അധ്യായം വരെയും ആകാംക്ഷ നില നിർത്താൻ മൈനാക് ധറിന് കഴിയുന്നു.വെസ്റ്റ് ലാൻഡ് ആണ് പുസ്തകം പുറത്തിറക്കിയിട്ടുള്ളത്.