Saturday, September 23, 2023

അരാഷ്ട്രീയ വാദവും രാഷ്ട്രീയക്കാരനും

 സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്ത ഒരാൾ പൊടുന്നനെ ഇലക്ഷന് മത്സരിക്കാൻ ഇറങ്ങിയാൽ അയാളെ അരാഷ്ട്രീയ വാദി എന്നാണ് കേരളത്തിൽ വിളിക്കുന്നത്.വർഷങ്ങളായി രാഷ്ട്രീയത്തിൽ ഉള്ളവരെക്കാളും കുറഞ്ഞ യോഗ്യതയാണ് പുതുതായി വന്ന അരാഷ്ട്രീയ വാദിക്കുള്ളത് എന്നും പത്രങ്ങളും രാഷ്ട്രീയക്കാരും പറയും.ആം ആദ്മിയെപ്പോലെ പുതിയ ഒരു പ്രസ്ഥാനം ഉദയം ചെയ്തപ്പോഴും അരാഷ്ട്രീയ പ്രസ്ഥാനം എന്നാണ് വിളിച്ചത്.


നമ്മുടെ നാട്ടിലുള്ള രാഷ്ട്രീയ പ്രവർത്തകൻ ആരാണ്?നിയമസഭയിലേക്കും ലോക സഭയിലേക്കും പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുക്കപ്പെടാൻ അവർക്കുള്ള യോഗ്യത എന്താണ്?

 പൊതുവേ നമ്മുടെ നാട്ടിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്നു എതിരാളികളെ തല്ലിയോതുക്കാനും ബസിനു കല്ലെറിയാനുമോക്കെ പ്രവീണ്യം തെളിയിക്കുന്നതാണ് രാഷ്ട്രീയക്കാരായി മാറുന്നത്.പിന്നെ അത്യാവശ്യം താലൂക്ക് ഓഫീസ്,പഞ്ചായത്ത് ഓഫീസ് ,പോസ്റ്റ് ഓഫീസ് പിക്കറ്റിങ് എന്നിവയൊക്കെ നടത്തുകയും ചെയ്താൽ അധിക യോഗ്യതയായി .കോ ഓപ്പറേറ്റിവ് സൊസൈറ്റികൾ,പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്,പോലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ ലഭ്യമാക്കാൻ ഇടനില നിന്ന് ഇവർ പൊതുജനങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കുന്നു.അടുത്ത പടിയായി തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നു.


രാജ്യത്തിൻ്റെ വികസനത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയോ അത്തരത്തിലുള്ള കാഴ്ചപ്പാടിന് വേണ്ട വിദ്യാഭ്യാസമോ ലോകപരിചയമോ ഇത്തരത്തിൽ വളർന്നു വരുന്ന രാഷ്ട്രീയക്കാർക്ക് ഉണ്ടാകില്ല. അത് സ്വാഭാവികമായും നമ്മുടെ നിയമസഭയിലും ലോകസഭയിലും പഞ്ചായത്തിലും വികസന പദ്ധതികൾ രൂപീകരിക്കുന്നതിലും നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നതിലും പ്രതിഫലിക്കും.


അപ്പോൾ വലിയ വിദ്യാഭ്യാസ യോഗ്യതയില്ലാതിരുന്ന പഴയകാലനേതാക്കൾ വികസനത്തിന് അനുയോജ്യമായ നയങ്ങളും ജനനന്മക്കായുള്ള നിയമങ്ങളും കൊണ്ട് വന്നതെങ്ങനെ എന്ന ചോദ്യമുയരാം.അവർ ജനങ്ങളോടൊപ്പം പ്രവർത്തിച്ച നേതാക്കളായിരുന്നു എന്നാണ് ഉത്തരം.ജനങ്ങളുടെ ദുസ്ഥിതി മാറ്റണം എന്ന് അവർക്ക് തീവ്രമായ ആഗ്രഹമുണ്ടായിരുന്നു.പുസ്തകങ്ങളിലടെയും സ്റ്റഡി ക്ലാസുകളിലൂടെയും അറിവ് നേടാൻ അവർ ശ്രദ്ധിച്ചിരുന്നു.വിദഗ്ധൻമാരിൽ നിന്നും ഉപദേശം വാങ്ങുന്നതിനും അവർ ശ്രദ്ധിച്ചിരുന്നു.


യഥാർദ്ധത്തിൽ മുഴുവൻ സമയ രാഷ്ട്രീയക്കാർക്ക് പകരം വിദ്യാഭ്യാസവും ലോകപരിചയവും തൊഴിൽ പരിചയമുള്ളവരാണ് ജനപ്രതിനിധികളാകേണ്ടത്.കൂലിപ്പണിമുതൽ  ശാസ്ത്രജ്ഞർ ഐടിവിദഗ്ധർ തുടങ്ങിയ മേഖലകളിൽ അധ്വാനിച്ച് ജീവിക്കുന്നവരിൽ നിന്നായിരിക്കണം ജനപ്രതിനിധികൾ ഉയർന്നു വരേണ്ടത്.


രാജ്യവികസനത്തിന് അവശ്യം വേണ്ടത് രാഷ്ട്രീയം തൊഴിലായി കൊണ്ട് നടക്കുന്നവരിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുകയാണ്.അങ്ങനെയായാൽ മാസപ്പടി രാഷ്ട്രീയക്കാരിൽനിന്നും നമ്മളെ രക്ഷിക്കാം.