Saturday, September 23, 2023

അരാഷ്ട്രീയ വാദവും രാഷ്ട്രീയക്കാരനും

 സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്ത ഒരാൾ പൊടുന്നനെ ഇലക്ഷന് മത്സരിക്കാൻ ഇറങ്ങിയാൽ അയാളെ അരാഷ്ട്രീയ വാദി എന്നാണ് കേരളത്തിൽ വിളിക്കുന്നത്.വർഷങ്ങളായി രാഷ്ട്രീയത്തിൽ ഉള്ളവരെക്കാളും കുറഞ്ഞ യോഗ്യതയാണ് പുതുതായി വന്ന അരാഷ്ട്രീയ വാദിക്കുള്ളത് എന്നും പത്രങ്ങളും രാഷ്ട്രീയക്കാരും പറയും.ആം ആദ്മിയെപ്പോലെ പുതിയ ഒരു പ്രസ്ഥാനം ഉദയം ചെയ്തപ്പോഴും അരാഷ്ട്രീയ പ്രസ്ഥാനം എന്നാണ് വിളിച്ചത്.


നമ്മുടെ നാട്ടിലുള്ള രാഷ്ട്രീയ പ്രവർത്തകൻ ആരാണ്?നിയമസഭയിലേക്കും ലോക സഭയിലേക്കും പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുക്കപ്പെടാൻ അവർക്കുള്ള യോഗ്യത എന്താണ്?

 പൊതുവേ നമ്മുടെ നാട്ടിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്നു എതിരാളികളെ തല്ലിയോതുക്കാനും ബസിനു കല്ലെറിയാനുമോക്കെ പ്രവീണ്യം തെളിയിക്കുന്നതാണ് രാഷ്ട്രീയക്കാരായി മാറുന്നത്.പിന്നെ അത്യാവശ്യം താലൂക്ക് ഓഫീസ്,പഞ്ചായത്ത് ഓഫീസ് ,പോസ്റ്റ് ഓഫീസ് പിക്കറ്റിങ് എന്നിവയൊക്കെ നടത്തുകയും ചെയ്താൽ അധിക യോഗ്യതയായി .കോ ഓപ്പറേറ്റിവ് സൊസൈറ്റികൾ,പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്,പോലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ ലഭ്യമാക്കാൻ ഇടനില നിന്ന് ഇവർ പൊതുജനങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കുന്നു.അടുത്ത പടിയായി തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നു.


രാജ്യത്തിൻ്റെ വികസനത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയോ അത്തരത്തിലുള്ള കാഴ്ചപ്പാടിന് വേണ്ട വിദ്യാഭ്യാസമോ ലോകപരിചയമോ ഇത്തരത്തിൽ വളർന്നു വരുന്ന രാഷ്ട്രീയക്കാർക്ക് ഉണ്ടാകില്ല. അത് സ്വാഭാവികമായും നമ്മുടെ നിയമസഭയിലും ലോകസഭയിലും പഞ്ചായത്തിലും വികസന പദ്ധതികൾ രൂപീകരിക്കുന്നതിലും നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നതിലും പ്രതിഫലിക്കും.


അപ്പോൾ വലിയ വിദ്യാഭ്യാസ യോഗ്യതയില്ലാതിരുന്ന പഴയകാലനേതാക്കൾ വികസനത്തിന് അനുയോജ്യമായ നയങ്ങളും ജനനന്മക്കായുള്ള നിയമങ്ങളും കൊണ്ട് വന്നതെങ്ങനെ എന്ന ചോദ്യമുയരാം.അവർ ജനങ്ങളോടൊപ്പം പ്രവർത്തിച്ച നേതാക്കളായിരുന്നു എന്നാണ് ഉത്തരം.ജനങ്ങളുടെ ദുസ്ഥിതി മാറ്റണം എന്ന് അവർക്ക് തീവ്രമായ ആഗ്രഹമുണ്ടായിരുന്നു.പുസ്തകങ്ങളിലടെയും സ്റ്റഡി ക്ലാസുകളിലൂടെയും അറിവ് നേടാൻ അവർ ശ്രദ്ധിച്ചിരുന്നു.വിദഗ്ധൻമാരിൽ നിന്നും ഉപദേശം വാങ്ങുന്നതിനും അവർ ശ്രദ്ധിച്ചിരുന്നു.


യഥാർദ്ധത്തിൽ മുഴുവൻ സമയ രാഷ്ട്രീയക്കാർക്ക് പകരം വിദ്യാഭ്യാസവും ലോകപരിചയവും തൊഴിൽ പരിചയമുള്ളവരാണ് ജനപ്രതിനിധികളാകേണ്ടത്.കൂലിപ്പണിമുതൽ  ശാസ്ത്രജ്ഞർ ഐടിവിദഗ്ധർ തുടങ്ങിയ മേഖലകളിൽ അധ്വാനിച്ച് ജീവിക്കുന്നവരിൽ നിന്നായിരിക്കണം ജനപ്രതിനിധികൾ ഉയർന്നു വരേണ്ടത്.


രാജ്യവികസനത്തിന് അവശ്യം വേണ്ടത് രാഷ്ട്രീയം തൊഴിലായി കൊണ്ട് നടക്കുന്നവരിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുകയാണ്.അങ്ങനെയായാൽ മാസപ്പടി രാഷ്ട്രീയക്കാരിൽനിന്നും നമ്മളെ രക്ഷിക്കാം.

Monday, April 3, 2023

കെ എസ് ആർ ടി സി:ഇനിയെങ്ങോട്ട്?

 


ഏതൊരു രാജ്യത്തിന്റെയും വികസന നയത്തിൽ പ്രാധാന്യം നൽകേണ്ടതാണ് പൊതു ഗതാഗത സംവിധാനം. രാജ്യത്തിന്റെയായാലും സംസ്ഥാനത്തിന്റെയായാലും സാമ്പത്തിക വളർച്ച ഉറപ്പു വരുത്തുന്നതിൽ പൊതുഗതാഗത സംവിധാനത്തിന് പ്രാധാന്യമുണ്ട്.ഈ രംഗത്തെ തകർച്ച ജനങ്ങളെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കും. അതുവഴി ഉയർന്ന ഇന്ധന ഉപയോഗം, അന്തരീക്ഷ മലിനീകരണം എന്നിവക്കും കാരണമാകും.

കേരളത്തിൽ അതി ശക്തമായ പൊതു ഗതാഗത സംവിധാനം നിലവിലുണ്ട്. കെഎസ്ആർടിസി കേരളത്തിന്റെ കുഗ്രാമങ്ങളിൽ പോലും സേവനം ഉറപ്പുവരുത്തുന്നു. മാത്രമല്ല സ്വകാര്യ ബസ്സുകൾ സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ സേവനംനടത്തുന്നു എന്ന് മാത്രമല്ല സർക്കാരിന് നികുതിയും നൽകുന്നു.

എന്നാൽ നഷ്ടമാണ് എന്ന പേരിൽ കെഎസ്ആർടിസിയെ തകർക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇത് എങ്ങനെയാണ് നഷ്ടത്തിലായത് എന്നന്വേഷിക്കാനോ വേണ്ട തിരുത്തലുകൾ വരുത്താനോ ഉള്ള ശ്രമം നടക്കുന്നില്ല. പാർസൽ സർവീസ്, റെസ്റ്റോറന്റുകൾ,താമസ സൗകര്യം ഒരുക്കൽ തുടങ്ങി പലവിധ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഗതാഗതം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ മാത്രം ഒരു നടപടിയും സ്വീകരിയ്ക്കുന്നുമില്ല.

 എന്നാൽ യഥാർത്ഥത്തിൽ കെഎസ്ആർടിസി നഷ്ടത്തിലാണോ എന്ന് പരിശോധിക്കേണ്ടത്. കെഎസ്ആർടിസിയുടെ തലപ്പത്തുള്ള മാനേജ്മെന്റിന്റെ നയവൈകല്യങ്ങൾ മൂലമാണ് നഷ്ടത്തിൽ ആയത് എന്ന് മനസ്സിലാക്കാം. 2016ൽ 6377 ഷെഡ്യൂളുകൾ കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തിരുന്നെങ്കിൽ ഇന്ന് 3700 ഷെഡ്യൂൾ മാത്രമേ ഓപ്പറേറ്റ് ചെയ്യുന്നുള്ളൂ.ജീവനക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്.ലാഭത്തിൽ ഓടിക്കൊണ്ടിരുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌ ബസ്സുകൾ കെ എസ് ആർ ടി സിയിൽ നിന്നെടുത്തുമാറ്റി കെ സ്വിഫ്റ്റ് എന്നൊരു സ്ഥാപനം രൂപീകരിച്ചിരിക്കുകയാണ്.ബസിന്റെ റൂട്ട്, സമയം എന്നിവ തീരുമാനിക്കുന്നത് മാനേജ്മെന്റ് നേരിട്ടാണ്. പക്ഷേ കളക്ഷൻ കുറയുന്നതിന്റെ പഴി തൊഴിലാളികൾക്കും.

വിദ്യാർഥികൾക്കുള്ള കൺസഷനും മറ്റു വിഭാഗക്കാർക്ക് പാസ്സും നൽകുന്ന ഇനത്തിൽ കെഎസ്ആർടിസിക്ക് നഷ്ടം പ്രതിവർഷം 830 കോടി രൂപയാണ്.ഇത് യഥാർത്ഥത്തിൽ സർക്കാർ വഹിക്കേണ്ട ബാധ്യതയാണ്. ഒരു വർഷം സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്ന സഹായധനം 1350 കോടി മാത്രമാണ്. പേരോ സർക്കാർ വാരിക്കോരി ധനസഹായം നൽകിയാണ് കെഎസ്ആർടിസിയെ നിലനിർത്തുന്നതെന്നും.

യഥാർത്ഥത്തിൽ  ചിലവിനും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനുമുള്ള വരുമാനംകെഎസ്ആർടിസി സ്വന്തമായി ഉണ്ടാക്കുന്നുണ്ട്. മുൻകാലങ്ങളിൽ വിവിധ പരിഷ്കരണങ്ങളുടെ പേരിൽ മാനേജ്മെന്റ് കടമെടുത്ത തുകയുടെ പലിശ നൽകാനാണ് വരുമാനത്തിന്റെ നല്ലൊരു ഭാഗം ഉപയോഗിക്കുന്നത്.

കെഎസ്ആർടിസിയിൽ ശമ്പളം നൽകാൻ പോലും കഴിയുന്നില്ലെങ്കിൽ അത് മാനേജ്മെന്റിന്റെ പരാജയമല്ലേ?1200 ബസുകൾ സ്പെയർപാർട്ടുകളില്ലാത്തതുമൂലം കട്ടപ്പുറത്താണ്. ഇത് നന്നാക്കിയിറക്കാൻ പോലും മാനേജ്മെന്റിന് കഴിയുന്നില്ല.

ഈ സാഹചര്യത്തിൽ ഒരു ട്രാൻസ്‌പോർട് വകുപ്പ് മന്ത്രിയും ഐ എ എസുകാരൻ എം ഡി യുമൊക്കെ വേണോ എന്നാലോചിക്കണം. കെ എസ് ആർ ടി സി യെ പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കണം.അൻപത് ശതമാനം ഓഹരികൾ വേണമെങ്കിൽ സർക്കാരിന് കൈവശം വെക്കാം.മുപ്പത് ശതമാനം ഓഹരികൾ ജീവനക്കാർക്കും നൽകാം. ബാക്കി ഇരുപത് ശതമാനം ഓഹരി വിപണി വഴി നൽകാം. ഇങ്ങനെ ചെയ്താൽ  കണ്ണായ സ്ഥലങ്ങളിലുള്ള കെ എസ് ആർ ടി സി യുടെ വസ്തുവകകളുടെ കണക്കും വരുമാന ചെലവ് കണക്കുകളുമെല്ലാം ഓരോ മൂന്നുമാസത്തിലും റിപ്പോർട്ടായി ജനങ്ങൾക്ക് ലഭ്യമാകും. വിദഗ്ധർ തലപ്പത്തു വരുന്നത്തോടെ കെ എസ് ആർ ടി സി യുടെ പ്രവർത്തനവും മെച്ചപ്പെടും.

Monday, March 27, 2023

നേരിട്ടുള്ള ഇന്റർനെറ്റ്‌ സേവനം വരുന്നു

 ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഇന്ത്യ ഒരു പടി കൂടി മുന്നേറിയിരിക്കുകയാണ്. ഒരുകാലത്ത് പട്ടിണി രാജ്യം ആയ ഇന്ത്യ ബഹിരാകാശ ശാസ്ത്രത്തിനായി പൈസ ചെലവഴിക്കുന്നതിന് എതിരെ  വിമർശനം ഉയർന്നുവന്നിരുന്നു.എന്നാൽ ഇന്ന് ഈ സാങ്കേതികവിദ്യ  ഇന്ത്യ വ്യാപാര അടിസ്ഥാനത്തിലും ഉപയോഗിക്കാൻ തുടങ്ങി.2023 മാർച്ച് 26ന് 36 ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിൽ എത്തിച്ചുകൊണ്ട് രാജ്യം ഒരു മുന്നേറ്റം കൂടി കാഴ്ചവച്ചിരിക്കുകയാണ്.

 വർഷം ഒക്ടോബർ 23 നടത്തിയ വിക്ഷേപണത്തിൽ 36 ഉപഗ്രഹങ്ങളെ ഐ എസ് ആർ ഒ  ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. എൽ എം വി ത്രീ  റോക്കറ്റുകൾ ഉപയോഗിച്ചാണ് ഈ ഉപകരണങ്ങളെ ഭൂമിയോട് അടുത്ത ഭ്രമണപഥത്തിൽ എത്തിച്ചത്. ഇന്ത്യയിലെ ഭാരതി എയർടെൽ കൂടി ഓഹരി പങ്കാളിത്തമുള്ള വൺവെബ് ഗ്രൂപ്പ് ഓഫ് കമ്പനിക്ക് വേണ്ടിയാണ് ഐഎസ്ആർഒ ഈ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചത്.ഈ കമ്പനി ഇതിനകം 618 ഉപഗ്രഹങ്ങളെയാണ് ബഹിരാകാശത്ത് എത്തിച്ചത്. ലോകത്ത് എല്ലായിടത്തും ഇന്റർനെറ്റ് സേവനം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. നേരിട്ട് ഇന്റർനെറ്റ് സേവനം ഭൂമിയിൽ എല്ലായിടത്തും ഉറപ്പുവരുത്തുകയാണ് ഉദ്ദേശം. ഈ വർഷം തന്നെ സേവനം ആരംഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.ഇന്റർനെറ്റ് സേവനം ഭൂമിയിൽ ലഭിക്കുന്നതിന് ഒരു മോഡൽ ആന്റിന സ്കൈ റൂട്ടർ എന്നിവ ആവശ്യമാണ്. ഏകദേശം 500 ഡോളറിന് അടുപ്പിച്ച് ഇവ ലഭ്യമാക്കാം എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കൂടാതെ ആയിരം കെ ബി പി എസ് ഇന്റർനെറ്റ് സ്പീഡ്  സേവനം മാസം 99 ഡോളർ നിരക്കിൽ നൽകാൻ കഴിയുമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

 ഇന്ത്യയിൽ ഇത്തരത്തിൽ ലഭ്യമാക്കുന്നതിന് ഗവൺമെന്റ് പുതിയ നയം പുറപ്പെടുവിക്കേണ്ടതുണ്ട്. നയം വന്നു കഴിഞ്ഞാൽ മാത്രമേ ഇന്ത്യയിലെ ഇന്റർനെറ്റ്‌ നിരക്ക് അറിയാൻ കഴിയൂ.

Thursday, February 16, 2023

മഹാവീര്യർ :സിനിമയും കേരളവും

 വീണ്ടും ഒരു സിനിമയെപ്പറ്റിയാണ് എഴുതുന്നത്. അടുത്തിട ഒ ടി ടി യിൽ വന്ന മഹാവീര്യർ എന്ന സിനിമ കണ്ടു.ആധുനിക കാലത്തെ കോടതിയിലേക്ക് പഴയകാലത്തെ രാജാവും പരിവാരങ്ങളും ഒരു കേസുമായി വരുന്നതാണ് കഥ. ആധുനിക കോടതിയ്യാണെങ്കിലും പ്രതികൂട്ടിൽ സിംഹാസനം ഇട്ടിരിക്കാനുള്ള അവകാശമൊക്കെ രാജാവിന് ലഭിക്കുന്നുണ്ട്. രാജാവിന്റെ എക്കിൾ മാറ്റാൻ ഒരുപെൺകുട്ടിയുടെ കണ്ണീർ കുടിച്ചാൽ മതിയെന്ന് സ്വപ്നത്തിൽ കണ്ടത്രേ. എത്രയൊക്കെ ശരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടും പെൺകുട്ടി കണ്ണീർ നൽകുന്നില്ല. പീഡനത്തിനെതിരെ പരാതി നൽകിയ പെൺകുട്ടിയെ വിവിധ വക്കീലന്മാർ വിസ്‌തരിക്കുന്നു. അതിനു ശേഷം കോടതി വിധിക്കുന്നത് ഭരണാധികാരിയുടെ എക്കിൾ മാറേണ്ടത് രാജ്യനന്മക്ക് ആവശ്യമാണെന്നും അതിനായി അൽപ്പം കണ്ണീർ നൽകണമെന്നുമാണ്. കോടതിയുടെ നേതൃത്വത്തിൽ കണ്ണീർ ലഭിക്കുന്നതിനായി പെൺകുട്ടിയെ പലവിധത്തിൽ പീഡിപ്പിക്കുന്നു. എന്നിട്ടും കണ്ണീർ വരുന്നില്ല. നിരാശരായി നിൽക്കുമ്പോൾ ഒരാൾ പെൺകുട്ടിയെ തൂവൽ കൊണ്ട് തഴുകി സന്തോഷിപ്പിച്ചു ആനന്ദക്കണ്ണീർ വരുത്തി അത് രാജാവിന് കൊടുക്കുന്നു. അതുകുടിച്ച രാജാവിന് എക്കിൾ മാറുന്നു. പ്രജകളെ കണ്ണീരിനായി പീഡിപ്പിക്കണമെന്നില്ലെന്നും സന്തോഷിപ്പിച്ചാലും മതി എന്നും ഒരു സന്ദേശം ഇതിലുണ്ട്. ഭരണാധികാരി രാജ്യത്തിന്റെയും വികസനത്തിന്റെയും പ്രതീകമാവുകയും ഭരണാധികാരിയുടെ സുഖവും സന്തോഷവും ഉറപ്പുവരുത്തുക പ്രജകളുടെ മുഖ്യ ലക്ഷ്യം ആവുകയും ചെയ്യുന്ന അവസ്ഥ സിനിമ ചൂണ്ടിക്കാണിക്കുന്നു. സിനിമയിലെ കഥാപാത്രമായ ബിജുക്കുട്ടൻ പറയുന്നതുപോലെ രാജാവിന്റെ എക്കിൾ മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ നമ്മളൊക്കെ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം.

എന്നെ അത്ഭുതപ്പെടുത്തിയത് ഈ സിനിമയുടെ കഥ എഴുതിയത് പ്രശസ്ത സാഹിത്യകാരനായ എം മുകുന്ദനാണെന്നതാണ്. സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്ന കാലത്തെ എം മുകുന്ദന്റെ പല വാക്കുകളും പ്രവർത്തികളും കണ്ടാൽ ഇങ്ങനെയൊക്കയുള്ള ആശയങ്ങളുള്ള മനുഷ്യനാണെന്ന് പറയുകയേ ഇല്ല. ഒരു പഴംചൊല്ലുണ്ട്.ആനപ്പുറത്തിരിക്കുമ്പോൾ പട്ടിയെ പേടിക്കണ്ടെന്ന്. ആനപ്പുറത്തുനിന്നിറങ്ങി ചുറ്റും നിൽക്കുന്ന പട്ടികളെ കണ്ടപ്പോൾ മുകുന്ദന് പഴയ ആദർശമൊക്കെ വീണ്ടും ഓർമ്മവന്നതുമാകാം. നമ്മുടെ സൈബർ പോരാളികൾക്കും ഭരണക്കാർക്കുമൊക്കെ ഇത് കണ്ട് മനസിലാക്കാനുള്ള ബുദ്ധിയില്ലാത്തത് അങ്ങയുടെ ഭാഗ്യം.

നല്ല രീതിയിൽ സംവിധാനം ചെയ്ത സിനിമയിൽ എല്ലാവരും നന്നായി.പ്രത്യേകിച്ചും സിദ്ദിഖ് അവതരിപ്പിച്ച ജഡ്ജി.

Friday, February 10, 2023

എം എസ് വലിയത്താൻ :മയൂരശിഖ-ജീവിതം അനുഭവം അറിവ്

 കേരളത്തിന്റെ ശാസ്ത്ര ചരിത്രത്തിൽ അവിസ്മരണീയനായ വ്യക്തിയാണ് എം എസ് വലിയത്താൻ. ശ്രീചിത്ര സെന്റർ ഫോർ മെഡിക്കൽ സയൻസ് എന്ന ചികിത്സാ ഗവേഷണ സ്ഥാപനം കേരളത്തിൽ തുടക്കം കുറിച്ചു എന്ന് മാത്രമല്ല ശ്രീചിത്ര ഹാർട്ട്‌ വാൽവ് എന്ന അന്താരാഷ്ട്ര പ്രശസ്തമായ ഹൃദയ


വാൽവ് കേരളത്തിൽ വികസിപ്പിച്ചെടുത്തു എന്നതും വലിയത്താന്റെ സംഭാവനയാണ്.ഇന്ത്യയിൽ ആദ്യമായാണ് മെഡിക്കൽ രംഗത്ത് ഗവേഷണം നടത്തുന്നതെന്നതും ഓർമ്മിക്കേണ്ടതാണ്.

എം എസ് വലിയത്താനെക്കുറിച്ചുള്ള ഒരുപുസ്തകം ഇന്ത്യയിൽത്തന്നെ ആദ്യമായാണ്. അദ്ദേഹം ആത്മകഥ എഴുതിയിട്ടില്ല. പലപ്പോഴായി എഴുതിയ ലേഖനങ്ങളും വി ഡി സെൽവരാജ് നടത്തിയ അഭിമുഖവുമാണ് ഈ പുസ്തകത്തിലുള്ളത്. ചിന്താ പബ്ലിക്കേഷൻ ആണ് ഇത് പുറത്തിറക്കിയിട്ടുള്ളത്.

വായന, എഴുത്ത് പ്രാചീന ഭാരത ശാസ്ത്ര ചരിത്രം, തിരുവിതാംകൂറിലെ വൈദ്യശാസ്ത്ര ചരിത്രം, രോഗങ്ങളുടെ ചരിത്രം, ശ്രീചിത്ര വാൽവ്,വലിയത്താന്റെ സ്മരണകൾ എന്നിവയെ ആസ്പദമാക്കിയുള്ള ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. തുടർന്ന് വലിയത്താനുമായി നടത്തിയ സുദീർഘമായ ഒരഭിമുഖ സംഭാഷണവുമുണ്ട്. പുസ്തകത്തിന്റെ അവസാനം വലിയത്താന്റെ ജീവ രേഖ ചേർത്തിട്ടുണ്ട്. ഇത് തുടക്കത്തിലായിരുന്നെങ്കിൽ പുസ്തകം കൂടുതൽ പാരായണയോഗ്യമായേനെ.

ശ്രീചിത്ര സെന്റർ ആരംഭിക്കുന്നതിന്  തുടക്കം കുറിച്ച കൂടിക്കാഴ്ചയെക്കുറിച്ച് വലിയത്താൻ അനുസ്മരിക്കുന്നുണ്ട്.

മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ മുൻകൈ എടുത്താണ് വലിയത്താനെ ശ്രീ ചിത്രയുടെ ചുമതല ഏൽപ്പിക്കുന്നത്. അന്ന് അദ്ദേഹം ഹൃദയ ശസ്ത്രക്രിയയിൽ യു എസ് എയിൽ ഡോ. ജോർജ് ഗിബ്ബന്റെകീഴിൽ പരിശീലനം പൂർത്തിയാക്കി മദ്രാസ് ഐ ഐ റ്റിയിൽ പ്രൊഫസർ ആയും റെയിൽവേ ആശുപത്രിയിൽ സർജനുമായും ജോലി ചെയ്യുമായിരുന്നു.

ഹൃദയചികിത്സക്കായി ശ്രീ ചിത്ര സെന്ററിന്റെ പണി തീർന്ന് കിടക്കുകയായിരുന്നു.പക്ഷേ ആശുപത്രി ആരംഭിക്കാൻ കഴിഞ്ഞില്ല. ആദ്യ കൂടിക്കാഴ്ചക്കായി മുഖ്യമന്ത്രി അച്യുതമേനോന് മുമ്പിലെത്തിയ വലിയത്താൻ മൂന്ന് നിർദേശങ്ങൾ മുന്നോട്ട് വച്ചു.നിലവിലുള്ള ഫണ്ട്‌ അപര്യാപ്‍തമാണെന്നും അത് കൂടാനാമെന്നുമായിരുന്നു ആദ്യ നിർദേശം. ആശുപത്രിക്ക് സ്വയം ഭരണാവകാശം വേണമെന്നും ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ ഡോക്ടർമാരെയും ഗവേഷകരെയും നിയമിക്കാൻ സ്വാതന്ത്ര്യം വേണമെന്നും അങ്ങനെയുള്ളവരെ ആകർഷിക്കാൻ തക്ക ശമ്പള സ്കെയിലുകൾ ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നുമായിരുന്നു മറ്റുരണ്ട് ആവശ്യങ്ങൾ. ആവശ്യമായ ഫണ്ട്‌ ഉണ്ടാകുമെന്നും സ്വയംഭരണാവകാശം ഉണ്ടാകുമെന്നുമുള്ള തീരുമാനങ്ങൾ അച്യുതമേനോൻ ഉടൻതന്നെ കൈകൊണ്ടു. ഹൃദയശസ്ത്രക്രിയാ രംഗത്തും ഗവേഷണ രംഗത്തും ലോക നിലവാരം പുലർത്തുന്ന ഗവേഷണ സ്ഥാപനം കേരളത്തിൽ ഉയർന്നു വരികയും ചെയ്തു. എന്നാൽ അച്യുതമേനോൻ സ്ഥാനമൊഴിഞ്ഞതിന് ശേഷം ഫണ്ട്‌ നൽകുന്നതിൽ കേരള സർക്കാർ വീണ്ടും അമാന്തം കാണിച്ചു. അപ്പോഴേക്കും കേന്ദ്ര ഗവർമെന്റ് സ്ഥാപനം ഏറ്റെടുത്തു.

സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ പ്രതിരോധ വാക്‌സിനുകൾ വികസിപ്പിക്കുന്നതിന് ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള ലേഖനമാണ് ശ്രദ്ധേയമായ ഒന്ന്. പുരാതന കാലം മുതൽ ഇന്ത്യ കൈവരിച്ച ശാസ്ത്രീയ നേട്ടങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ചരക, ശുശ്രുത സംഹിതകൾ പഠിക്കുന്നതിലേക്ക് തന്നെ നയിച്ചതെന്ന് അദ്ദേഹം പറയുന്നുണ്ട്. പഴയ ശാസ്ത്ര നേട്ടങ്ങൾ തുടരാൻ ഇന്ത്യക്ക് കഴിയാതെപോയതെന്താണെന്നും ആദ്ദേഹം അന്വേഷിക്കുന്നുണ്ട്.

ബാല്യകാലത്തേക്കുറിച്ചും, മെഡിക്കൽ പഠനത്തേക്കുറിച്ചും, വിദേശത്തെ ഗവേഷപ്രവർത്തനങ്ങളെക്കുറിച്ചും ചെറിയ ലേഖനങ്ങളിലൂടെയും പരാമർശങ്ങളിലൂടെയും വലിയത്താൻ വ്യക്തമാക്കുന്നുണ്ട്. ഇത് വായിക്കുമ്പോൾ ഒരു ആത്മകഥ അദ്ദേഹം എഴുതിയിരുന്നു എങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു.വരും തലമുറക്ക് അതൊരു പ്രചോദനമായിരിക്കും.