Tuesday, April 28, 2020

5 എ എം ക്ലബ്ബ്

വ്യക്തിത്വ വികസന സെമിനാറുകളും ലോകത്തിലെതന്നെ ഏറ്റവും വലിയ വ്യവസായമാണിന്ന്.എന്തുകൊണ്ട് ജനങ്ങൾ വ്യക്തിത്വ സെമിനാറുകളിലും പുസ്തകങ്ങളിലും കൂടുതൽ ആകൃഷ്ടരാകുന്നു എന്ന് ചോദിച്ചാൽ കുറുക്കു വഴിയിലൂടെ കോടീശ്വരനാകുവാനും ജീവിത വിജയം നേടുവാനുമുള്ള മാർഗമായി ഈ പുസ്തകങ്ങളെ കാണുന്നതുകൊണ്ടാണ് എന്നാണ് ഉത്തരം.
വ്യക്തിത്വ വികസന സെമിനാറുകളിലും ഇത്തരം കുറുക്കു വഴികളാണ് പറയുന്നത്.വിഷ്വലൈസേഷൻ ,കോഗ്നിറ്റീവ് റീ സ്ട്രക്ച്ചറിങ് ,ധ്യാനം  തുടങ്ങിയ കുറുക്കു വഴികളിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കോടീശ്വരന്മാരാകാമെന്നും അവർ വിശ്വസിപ്പിക്കുന്നു.സെമിനാറുകളിൽ ജനം തള്ളിക്കയറുന്നുണ്ടെങ്കിലും വ്യക്തിത്വ വികസന പുസ്തകങ്ങൾ ചൂടപ്പം പോലെ വിട്ടു പോകുന്നുവെങ്കിലും ക്ലാസെടുക്കുന്നവരും പുസ്തകം എഴുതുന്നവരുമല്ലാതെ മറ്റാരും കോടീശ്വരന്മാരാകുന്നില്ല എന്ന് കാണാൻ കഴിയുന്നതേയുള്ളൂ.
റോബിൻ ശർമ വ്യക്തിത്വ വികസന രംഗത്തെ പ്രശസ്തനാണ്.അമേരിക്കക്കാരനാണെങ്കിലും അദ്ദേഹത്തത്തിന്റെ അച്ഛൻ ഇന്ത്യക്കാരനായതിനാൽ പകുതി ഇന്ത്യക്കാരനാണെന്നും പറയാം.ശർമ്മയുടെ ആദ്യപുസ്തകം ദി മങ്ക് വൈക്കോ സോൾഡ് ഹിസ് ഫെരാരി ലോകപ്രശസ്തമാണ് .മലയാളത്തിലും ഇത് വിജയം സുനിശ്ചിതം എന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
പൊതുവെ പോസിറ്റീവ് സൈക്കോളജിയുടെ ഗവേഷണ ഫലങ്ങൾ കൂടി കണക്കിലെടുത്താണ് റോബിൻ ശർമ തന്റെ വ്യക്തിത്വ വികസന പുസ്തകങ്ങൾ എഴുതുന്നത്.അതുകൊണ്ടുതന്നെ വിജയത്തിലേക്ക് കുറുക്കു വഴികളൊന്നും അദ്ദേഹം മുന്നോട്ടു വെക്കുന്നില്ല.
5 എ എം ക്ലബ്ബ് എന്ന റോബിൻ ശർമയുടെ പുതിയ പുസ്തകവും ജീവിതചര്യയിൽ 66 ദിവസം കൊണ്ടുണ്ടാക്കുന്ന മാറ്റങ്ങളിലൂടെ ജീവിതത്തിനു തന്നെ മാറ്റങ്ങൾ ഉണ്ടാക്കാനല്ല മാർഗ്ഗങ്ങൾ വ്യക്തമാക്കുന്നു.അതിരാവിലെ അഞ്ച് മണിക്കുണർന്ന്  എക്സർസൈസ് ,ധ്യാനം,വായന തുടങ്ങി ചില ദൈനംദിന പ്രക്രിയകൾക്കായി രാവിലെ ഒരു മണിക്കൂർ മാറ്റിവെക്കുന്നതിലൂടെ ജീവിതത്തിലുണ്ടാക്കാൻ കഴിയുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.കൂടാതെ ജീവിതം ചിട്ടപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങളും പ്രതിപാദിക്കുന്നു.
റോബിൻ ശർമയുടെ മറ്റു പുസ്തകങ്ങളെപ്പോലെതന്നെ രസകരമായി വായിച്ചുപോകാം.പൊതുവെ പ്രയോജനപ്രദമായ പുസ്തകം.ജയ്‌കോ പുബ്ലിഷേഴ്‌സാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.

Tuesday, April 21, 2020

ഇന്ത്യാസ് റെയിൽവേ മാൻ .

ഇന്ത്യയുടെതന്നെ അഭിമാനമായ ഇ ശ്രീധരന്റെ ജീവചരിത്രമാണ് ഇന്ത്യാസ് റെയിൽവേ മാൻ .എഴുതിയത് രാജേന്ദ്ര സി അകലെക്കർ.ഇംഗ്ലീഷിലാണ് ഈ പുസ്തകം.
മെട്രോമാൻ എന്നറിയപ്പെടുന്ന ഇ ശ്രീധരന്റെ ജീവിതയാത്രയെക്കുറിച്ചുള്ള നല്ലൊരു വിവരണമാണ് ഈ പുസ്തകം.തീർച്ചയായും ഇ ശ്രീധരനെ അടുത്തറിയാനും അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കാനാകുമെല്ലാം പുസ്തകം സഹായിക്കും.ഇ ശ്രീധരനെ മാറിനിന്ന് നോക്കിക്കണ്ട്‌ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വായനക്കാർക്ക് മുമ്പിൽ സമർപ്പിക്കുകയാണ് ഗ്രന്ഥകർത്താവ് ചെയ്യുന്നത്.
പക്ഷെ ഒരു ആത്മ കഥ/ജീവചരിത്രം ആഹ്ലാദകരമായ ഒരനുഭവമാകുന്നത് പ്രസ്തുത വ്യക്തിയെ നമുക്ക് അടുത്തറിയാൻ ഗ്രന്ഥത്തിലൂടെ കഴിയുമ്പോളാണ്.ഒരാൾ ഇങ്ങനെയെല്ലാം പ്രവർത്തിച്ചു എന്ന് നമ്മൾ അറിയുമ്പോൾത്തന്നെ അദ്ദേഹം എന്തുകൊണ്ട് അങ്ങനെയെല്ലാം പ്രവർത്തിച്ചു എന്നും അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്തെല്ലാം എന്നും തന്റെ പ്രവർത്തനങ്ങളെ അദ്ദേഹം എങ്ങനെ നോക്കിക്കാണുന്നു എന്നും അറിയാൻ വായനക്കാർക്ക് താത്പര്യം കാണും.അതുകൂടി നല്കുമ്പോഴേ ആ പുസ്തകം ലക്‌ഷ്യം കൈവരിക്കൂ.വർഗീസ് കുരിയന്റെ ഐ ടൂ ഹാഡ്  എ ഡ്രീം എന്ന പുസ്തകവും എ പി ജെ അബ്ദുള്കലാമിന്റെ അഗ്നിച്ചിറകുകളും നമ്മളെല്ലാം ഓർമ്മിക്കുന്നത് അതുകൊണ്ടാണ്.
ഇ ശ്രീധരന്റെ പ്രവർത്തങ്ങളെ മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കുന്നുണ്ട്.പക്ഷെ ശ്രീധരൻ എന്ന മനുഷ്യനെ മനസ്സിലാക്കാൻ അതുപോര.
ഇ ശ്രീധരനെപ്പോലെ ഒരു മഹാൻ ജീവിച്ചിരിക്കുന്ന കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമാണ്.അദ്ദേഹത്തെ കുറിച്ച് കൂടുതൽ നമുക്ക് അറിയാൻ കഴിയുവിധം ഒരു ആത്മ കഥ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ച് കൂടെ ?

Monday, April 20, 2020

ലൈൻ ഓഫ് കണ്ട്രോൾ

ലൈൻ ഓഫ് കണ്ട്രോൾ എന്ന പേര് കേൾക്കുമ്പോൾ ജമ്മു കശ്മീരിലെ ഇന്ത്യ പാകിസ്ഥാൻ അതിർത്തിയാണ് ഓർമ്മ വരുന്നത്.ഈ ലൈൻ ഓഫ് കണ്ട്രോൾ അത്രിക്രമിച്ച് പാകിസ്ഥാൻ കാശ്മീർ പിടിച്ചെടുക്കാൻ ഒരു ആക്രമണം നടത്തിയാലോ?മൈനാക് ധർ എഴുതിയ ലൈൻ ഓഫ് കണ്ട്രോൾ (എൽ ഓ സി ) എന്ന മിലിറ്ററി ത്രില്ലർ ഭാവിയിൽ നടക്കാൻ സാധ്യതയുള്ള ഒരു യുദ്ധത്തിന്റെ കഥപറയുന്നു.
സൗദി അറേബ്യ ഇസ്ലാമിക് തീവ്രവാദികൾ കീഴടക്കിയ ശേഷം അധികാരം പിടിച്ചെടുത്ത അമീറും പാകിസ്താനിലെ പട്ടാള ഭരണാധികാരിയും തമ്മിലുള്ള സഖ്യത്തെ തുടർന്ന് കാശ്മീർ ആക്രമിച്ച് പിടിച്ചെടുക്കാൻ അവർ തീരുമാനിയ്ക്കുന്നതാണ് ഇതിവൃത്തം.
ഇനിയൊരു ഇന്ത്യ പാകിസ്ഥാൻ യുദ്ധമുണ്ടായാൽ ഉപയോഗിക്കാൻ സാധ്യതയുള്ള ആയുധങ്ങളെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും നോവലിസ്റ്റ് കാര്യമായി ഗവേഷണം നടത്തിയിട്ടുണ്ട് എന്നതാണ് മറ്റു നോവലുകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.
ഇതിൽ നായകനല്ല.നായകന്മാരേയുള്ളൂ.ബുദ്ധിജീവിയും പുസ്തകപ്രേമിയുമായ ഇന്ത്യയുടെ പ്രധാനമന്ത്രി വിവേക് ഖോസ്ല മുതൽ കര-നാവിക-വ്യോമ സേനകളിലെ ഓഫീസർമാർ വരെയും പാകിസ്ഥാൻ കര-നാവിക-വ്യോമ സേനകളിലെ ഓഫീസർമാരുമെല്ലാം നായകന്മാരാണ്.പാകിസ്താനിലെ മിടുക്കനായ ഇന്ത്യൻ ചാരനെയും നോവലിസ്റ്റ് ക്ലൈമാക്സിലേക്ക് ഒളിപ്പിച്ച് വെക്കുന്നുണ്ട്.പാകിസ്ഥാൻ പട്ടാള ഭരണാധികാരിയും സൗദി അറേബ്യ ഭരിക്കുന്ന അമീറുമാണ് വില്ലൻ എന്ന് പറയാം.
പ്രാഗൽഭ്യം കൊണ്ടും കുറച്ചോക്കെ ഭാഗ്യം കൊണ്ടും കാശ്മീർ പിടിച്ചെടുക്കാനുള്ള പാകിസ്താന്റെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തുന്നു.അണ്വായുധത്തിലേക്ക് നീങ്ങിയേക്കുമെന്നുള്ള ഭയത്താൽ യുദ്ധത്തെ എതിർത്ത പാകിസ്ഥാൻ പട്ടാള മേധാവികൾ അധികാരം പിടിച്ചെടുക്കുകയും ഇന്ത്യ പ്രഖ്യാപിച്ച വെടി  നിർത്തൽ അംഗീകരിക്കുയും ചെയ്യുന്നു.അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയോ എന്ന ചോദ്യത്തിനുത്തരമാണ് നോവലിന്റെ ക്ലൈമാക്സ് ..
വായിക്കാൻ കൊള്ളാവുന്ന ഒരു പുസ്തകം.

Friday, April 17, 2020

എർവിൻ ഷ്രോഡിങ്ങർ തരംഗങ്ങൾ സൃഷ്ടിച്ച മനുഷ്യൻ

ശാസ്ത്രജ്ഞന്മാരുടെ ജീവിതമെങ്ങനെയായിരിക്കും?ഇരുപത്തിനാല് മണിക്കൂറും പരീക്ഷണ ശാലകളിൽ കഴിയുന്ന മുരടന്മാരായ അരസികന്മാരായാണ് നമ്മൾ അവരെക്കാണുന്നത്.അതുകൊണ്ടുതന്നെ അവരെക്കുറിച്ചുള്ള പുസ്തകങ്ങൾ ഒന്നും നാം വായിക്കാറുമില്ല.വിക്രം സാരാഭായ് ഒന്നാംതരമായി വീണ വായിക്കുമായിരുന്നെന്നും ഐൻസ്റ്റീനും ഹോമി ജഹാംഗീർ ഭാഭയുമൊക്കെ നല്ല കലാകാരന്മാരായിരുന്നെന്നും എത്രപേർക്കറിയാം?
ശാസ്ത്രത്തോടുള്ള മുൻവിധി മാറുന്നതിന് ശാസ്ത്രജ്ഞന്മാരെക്കുറിച്ച് നാം കൂടുതൽ അറിയേണ്ടതായിട്ടുണ്ട്.അതിനാൽത്തന്നെ ശാസ്ത്രജ്ഞന്മാരുടെ ജീവ ചരിത്രവും മലയാളത്തിലേക്ക് കൂടുതലായി വരേണ്ടതുണ്ട്.
രണ്ടാം  ലോക മഹായുദ്ധ കാലത്ത് അണുബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട  ശാസ്ത്രജ്ഞന്മാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് റോബർട്ട് ജംഗ്  എഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷ ദിവ്യസൂര്യ സഹ്രസ്യസ എന്ന പേരിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി.അതിനു ശേഷം ശാസ്ത്രജ്ഞന്മാരെക്കുറിച്ച് രസകരമായ പുസ്തകങ്ങൾ അധികം മലയാളത്തിൽ വന്നിട്ടില്ല.
ജോർജ് വർഗീസ് എഴുതിയ എർവിൻ ഷ്രോഡിങ്ങർ തരംഗങ്ങൾ സൃഷ്ടിച്ച മനുഷ്യൻ എന്ന പുസ്തകം കണ്ടപ്പോൾ പെട്ടെന്ന് ദിവി സൂര്യ സഹ്രസ്യയാണ് ഓർമ്മ വന്നത്.അതിൽ പ്രതിപാദിച്ചിരിക്കുന്ന ശാസ്ത്രജ്ഞന്മാരുടെ സമകാലികനും സുഹൃത്തുമൊക്കെയായിരുന്നല്ലോ ഷ്രോഡിങ്ങർ.ഗ്രന്ഥകർത്താവായ ജോർജ് വർഗീസ് ഭൗതിക ശാസ്ത്ര പ്രൊഫെസ്സറായത് മൂലം ക്വാണ്ടം സിദ്ധാന്തത്തെയും അതിനെത്തുടർന്ന് ഭൗതിക ശാസ്ത്രത്തിലുണ്ടായ ഭൂമികുലുക്കത്തേയും വിശദമായി പ്രതിപാദിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഷ്രോഡിങ്ങറിന്റെ ജീവിത കഥ രസകരമായി ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി ഭൗഅതികാ ശാസ്ത്രത്തിൽ പൊളിച്ചെഴുത്തിന്റെ കാലമായിരുന്നു.ക്വാണ്ടം ഭൗതികവും റിലേറ്റിവിറ്റി തിയറിയും ആധിപത്യം സ്ഥാപിച്ച് തുടങ്ങിയിരുന്നു.യൂറോപ്പിലാകെ ഭൗതിക ശാസ്ത്രത്തിൽ ഉണർവുണ്ടായി.ലോകത്തെ മികച്ച തലച്ചോറുകൾ ഭൗതിക ശാസ്ത്രത്തിലേക്ക് ആകർഷിക്കപ്പെട്ടു.
വിയന്നയിൽ ജനിച്ച ഷ്രോഡിഗർ വിയന്നയിലെ ഫിസിക്സ് ഇൻസ്റ്റിട്യൂട്ടിലാണ് ആദ്യമായി നിയമിതനാകുന്നത്.പിന്നീട്‌ സൂറിച്ചിലേക്കും തിരികെ ബർലിനിലേക്കുമെല്ലാം എത്തിയെങ്കിലും നാസികളുമായുള്ള സ്വരച്ചേർച്ചയില്ലായ്മ കാരണം ഡബ്ലിനിൽ ജോളി സ്വീകരിക്കുകയായിരുന്നു.ഇതിനിടെ ഭൗതിക ശാസ്ത്രത്തിലെ നോബൽ പ്രൈസും ലഭിച്ചു.രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം തിരികെ വിയന്നയിലെത്തിയ ഷ്രോഡിങ്ങർ അവിടെത്തന്നെയാണ് മരിച്ചതും.
ഷ്രോഡിംഗറിന്റെ ജീവിതം രസകരമായി പറഞ്ഞു പോകുന്നതിനിടയിൽ ജോർജ് വർഗീസ് പലപ്പോഴും തന്റെ ഇഷ്ട വിഷയമായ സൈദ്ധാന്തിക ഭൗതികത്തിലേക്കും മറ്റു ശാസ്ത്രജ്ഞന്മാരിലേക്കും അവരുടെ പരീക്ഷണങ്ങളിലേക്കുമെല്ലാം തിരിഞ്ഞു പോകുന്നുണ്ട്.വിജ്ഞാന പ്രദമാണെങ്കിലും പുസ്‌കത്തിന്റെ ഏകാഗ്രത പലപ്പോഴും നഷ്ടപ്പെടാൻ ഇതിടയാക്കുന്നു.ഐൻസ്റ്റീനും നീൽസ് ബോറും തമ്മിലുള്ള സൈദ്ധാന്തിക ഗ്രൂപ്പിസവും ഷ്രോഡിങ്ങർ ഐൻസ്റ്റീന്റെ ഭാഗത്തും ഹൈസൻബെർഗ് ബോറിന്റെ ഭാഗത്തും നിന്നും നടത്തിയ സൈദ്ധാന്തിക യുദ്ധങ്ങളെപ്പറ്റിയും പ്രദിപാദിച്ചിട്ടുള്ളത് പുതിയ അറിവ് നൽകുന്നു.വലിയ ശാസ്ത്രഞ്ജന്മാരാണെങ്കിലും അവരെല്ലാം നമ്മെപ്പോലെ സാധാരണ മനുഷ്യരുടെ ദൗർബല്യങ്ങളുമുള്ളവരാണെന്ന അറിവ് രസകരമായിത്തോന്നി.
ഡി സി ബുക്ക്സ് പുറത്തിറക്കിയിട്ടുള്ള ഈ പുസ്തകം വളരെ രസകരമായി വായിച്ച് പോകാവുന്ന ഒന്നാണ്.ശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രകാരന്മാരെക്കുറിച്ചും മലയാളത്തിൽ പുസ്തകങ്ങൾ ഉണ്ടാകുന്നത് ഒരു ശാസ്ത്ര സംസ്കാരം കേരളത്തിൽ വളർത്തിയെടുക്കുന്നതിന് ഉപകരിക്കും.

Thursday, April 16, 2020

ദി ഗേൾ ഇൻ റൂം 105

ചേതൻ  ഭാഗത്ത് അറിയപ്പെടുന്ന ഇന്ത്യൻ ഇംഗ്ലീഷ്  നോവലിസ്റ്റാണ്.ഫൈവ് പോയിന്റ് സം വൺ തുടങ്ങിയ നോവലുകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.വിജയ് അഭിനയിച്ച നൻപൻ എന്ന സൂപ്പർഹിറ്റ് തമിഴ് സിനിമ ഇദ്ദേഹത്തിന്റെ ഫൈവ് പോയിന്റ് സം വൺ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്.ഈ നോവലും ടു സ്റ്റേറ്റ്സ് തുടങ്ങിയ നോവലുകളും ഹിന്ദിയിലും സിനിമയാക്കിയിട്ടുണ്ട്.
മലയാളത്തിൽ പദ്മരാജൻ സംവിധാനം ചെയ്ത നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമക്ക് ആധാരമായ നോവൽ എഴുതിയ കെ കെ സുധാകരനെയാണ് ചേതൻ ഭഗത്ത് ഓർമിപ്പിക്കുന്നത്.കെ കെ സുധാകരൻ ചേതൻ ഭഗത്തിനേക്കാൾ മുമ്പ് എഴുതിത്തുടങ്ങിയതാണ്.മലയാളത്തിൽ ഏറെ വായനക്കാരുമുണ്ട്.രണ്ടു പേരുടെയും ഭാഷ മനോഹരമാണ്.ആഹാരത്തിന്റെ രുചി സ്ഥലങ്ങളുടെ മനോഹാരിത എന്നിവയൊക്കെ മനസ്സിൽ തട്ടുംവിധം എഴുതാൻ രണ്ടുപേർക്കും അറിയാം.പുരുഷന്റെ അപകർഷതാ ബോധം,സുന്ദരിയായ സ്ത്രീയോടും തിരികെയുമുള്ള ആരാധനയും പ്രേമവും തുടങ്ങിയവയൊക്കെ വർണിച്ച് ഇതെന്റെ കഥയല്ലേ,ഇതെനിക്കും സംഭവിച്ചെങ്കിൽ എന്നൊക്കെ വായനക്കാരെ മോഹിപ്പിക്കുന്നതിൽ രണ്ടുപേരും മുന്നിലാണ്.രണ്ടു പേരും ചേരുവകളിൽ വലിയ മാറ്റമൊന്നും വരുത്താതെ തുടർച്ചയായി നോവലുകൾ എഴുതി വിടുന്നുമുണ്ട്.പിന്നെ ചേതൻ ഭഗത്ത് ഇംഗ്ലീഷിൽ എഴുതുന്നതുകൊണ്ട് കൂടുതൽ പ്രശസ്തനായി ,സുധാകരൻ മലയാളത്തിൽ മാത്രം എഴുതുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പ്രശസ്തി കേരളത്തിലൊതുങ്ങി എന്നേയുള്ളൂ.
ചേതൻ ഭാഗത്തിന്റെ പുതിയ പുസ്തകം ദി ഗേൾ ഇൻ റൂം 105 എന്ന നോവൽ വായിച്ച് കഴിഞ്ഞപ്പോഴാണ് ഇതെഴുതണമെന്ന് തോന്നിയത്.സ്ഥിരം പച്ചക്കറികൾ മാത്രം ഉപയോഗിച്ച് മസാലയുടെ അളവിൽ മാത്രം മാറ്റം വരുത്തി ഒരു കറി  കൂടിയുണ്ടാക്കാനുള്ള ശ്രമമാണ് ചേതൻ ഭഗത്ത് നടത്തുന്നത്.
പതിവുപോലെ ഈ നോവലിന്റെ പശ്ചാത്തലവും ഐ ഐ റ്റി  തന്നെയാണ്.നായകൻ പതിവ് പോലെ ഐ ഐ യിൽ നിന്ന് പഠിച്ചിറങ്ങിയ ഉയരങ്ങളിലെത്താൻ കഴിയാതെ പോയായാളും ഐ ഐ ടിയുടെ ഹോസ്റ്റലുകളിലൊന്നിൽ നടന്ന ഒരു പെൺകുട്ടിയുടെ മരണവും അത്തിനെത്തുടർന്നുള്ള അന്വേഷണവുമൊക്കെയാണ് വിഷയം.വിഷയത്തിലും കെ കെ സുധാകരനെ ഓർമ്മ വരുന്നു.അദ്ദേഹത്തിന്റെ ഒരു നോവൽ നീയെത്ര ധന്യ എന്ന പേരിൽ സിനിമയാക്കിയിരുന്നു.നോവലിന്റെ പേര് മറന്നുപോയി.അതിലും ഒരു പെൺകുട്ടിയുടെ മരണവും തുടർന്നുള്ള ഓർമകളുമൊക്കെയാണ് വിഷയം.
പെൺകുട്ടിയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ തുടങ്ങിയുള്ള അന്വേഷണങ്ങൾക്കും അന്തിമ കണ്ടെത്തലിനുമൊന്നും തീരെ പുതുമയില്ല.പിന്നെ എന്ത് കൊണ്ട് ഈ പുസ്തകം മുഴുവനും വായിച്ചു എന്നു ചോദിച്ചാൽ നമ്മുടെ ഉള്ളിലുള്ള അപകർഷതാ ബോധത്തെ വകവെക്കാതെ നമുക്ക് അപ്രാപ്യമെന്ന് തോന്നുന്ന ഒരു സുന്ദരി പ്രേമിക്കുന്നതുമൊക്കെ വായിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്.പോരാത്തതിന് നല്ല ഒഴുക്കുള്ള ഇംഗ്ലീഷ് ഭാഷയും.ഇതുപോലെ ഇംഗ്ലീഷിൽ എഴുതാൻ കഴിഞ്ഞെങ്കിൽ എന്ന് മോഹിപ്പിക്കുന്ന ഇംഗ്ലീഷ്..ചേതൻ ഭാഗത്തിന്റെ തന്നെ ഹാഫ് ഗേൾ ഫ്രണ്ട് എന്ന പുസ്തകത്തിലെ ബീഹാരിയായ നായകൻ ഇംഗ്ലീഷ് നന്നാവാൻ വായിക്കുന്നത് ചേതൻ  ഭഗത്തിന്റെ നോവലുകളാണ്.
യാത്രക്കിടയിലും കോവിഡിന് ഇടയിലുമൊക്കെ വായിക്കാൻ പറ്റിയ പുസ്തകം.വെറുതെയിരിക്കുകയാണെങ്കിൽ  വായിച്ചോളൂ.മലയാള പത്രങ്ങളേക്കാളും  ടി വി ചർച്ചകളെക്കാളും  ഭേദമാണത്.

Wednesday, April 15, 2020

മനസ്സ് പറയുന്നത്

ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിൽ പ്രശസ്തയാണ് പ്രീതീഷേണായ്‌ .ഇതിനകം പതിനൊന്ന് നോവലുകൾ എഴുതിക്കഴിഞ്ഞു.ഇതിൽ രണ്ട് നോവലുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കഴിഞ്ഞു.സീക്രട്ട് വിഷ് ലിസ്റ്റ് എന്ന നോവലിന്റെ മലയാള പരിഭാഷയായ മനസ്സ് പറയുന്നത് എന്ന പുസ്തകവും വായനക്കാരെ പിടിച്ചിരുത്തുന്നതാണ്.
വിവാഹിതയായ സ്ത്രീക്ക് മറ്റ് പുരുഷന്മാരോട് ഇഷ്ടം തോന്നുന്നതും അത് ശാരീരിക ബന്ധത്തിലെത്തുന്നതുമെല്ലാം മലയാളം സിനിമകളിലും നോവലുകളിലും ധാരാളം പ്രതിപാദിച്ചിട്ടുണ്ട്.ഭർത്താവിന്റെ മദ്യപാനം,പരസ്ത്രീഗമനം ,പണത്തോടുള്ള അത്യാർത്തി തുടങ്ങി ധാരാളം ന്യായീകരണങ്ങൾ അതിനൊക്കെ നിരത്തിയാണ് ഐ വിഷയം കൈകാര്യം ചെയ്യുന്നത്.എന്നാൽ മദ്യപാനമോ പുകവലിയോ മറ്റു സുഹൃത്തുക്കളുമായി കറങ്ങി നേതാക്കളോ ഒന്നുമില്ലാത്ത മലയാളികളുടെ മാതൃക പുരുഷോത്തമനായ ഒരു ഭർത്താവിനെ വിട്ട് മറ്റൊരു പുരുഷനോടൊപ്പം ശരീരവും മനസ്സും പങ്കുവെയ്ക്കുന്ന ഒരു സാധാരണ കുടുംബിനിയെയാണ് പ്രീതീഷേണായ്‌ അവതരിപ്പിക്കുന്നത്.ഇത് നോവലിന്റെ കഥയല്ല.പശ്ചാത്തലം മാത്രമാണ്.
പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും ഇഷ്ടങ്ങളും മോഹങ്ങളുമുണ്ടെന്നും സാമ്പത്തിക സുരക്ഷിതത്വവും മിടുക്കന്മാരായ മക്കളുമുണ്ടായാലും ഇഷ്ടങ്ങൾക്ക് പകരമാകില്ല എന്നുമാണ് നോവൽ പറയാൻ ശ്രമിക്കുന്നത്.പരിഭാഷയിലും നഷ്ടപ്പെടാത്ത ഒഴുക്കും ആർജ്ജവവും നോവലിന്റെ ഭാഷക്കുണ്ട്.ഇപ്പോഴത്തെ പല പരിഭാഷകളെയും പോലെ ക്ലിഷ്ടമായ ഭാഷയല്ല വിവർത്തക ഉപയോഗിച്ചിട്ടുള്ളതും.തുടക്കം മുതൽ ആകാക്ഷയും ഭാഷയുടെ ഒഴുക്കും  നില നിർത്താനും എഴുത്തുകാരിക്ക് കഴിഞ്ഞിരിക്കുന്നു.
തകഴിയുടെയും സി രാധാകൃഷ്ണന്റെയും ഉണ്ണികൃഷ്ണൻ തിരുവഴിയോടിന്റെയും പുസ്തകങ്ങൾ വായിക്കുന്ന ഗൗരവത്തോടെ വായിക്കേണ്ട ഒന്നല്ല  ഈ പുസ്തകം.ഇ ഹരികുമാറിന്റെ ചെറുകഥകളെപ്പോലെ ആത്മാവിനെ കൊളുത്തി വലിക്കുന്ന അനുഭവവും ഈ പുസ്തകത്തിൽ നിന്ന് ലഭിക്കില്ല.
ആസ്വദിച്ച് വായിക്കാനും കുറച്ചൊക്കെ ചിന്തിപ്പിക്കാനും ഈ പുസ്തകത്തിന് കഴിയും.അത്രമാത്രം.