Thursday, April 16, 2020

ദി ഗേൾ ഇൻ റൂം 105

ചേതൻ  ഭാഗത്ത് അറിയപ്പെടുന്ന ഇന്ത്യൻ ഇംഗ്ലീഷ്  നോവലിസ്റ്റാണ്.ഫൈവ് പോയിന്റ് സം വൺ തുടങ്ങിയ നോവലുകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.വിജയ് അഭിനയിച്ച നൻപൻ എന്ന സൂപ്പർഹിറ്റ് തമിഴ് സിനിമ ഇദ്ദേഹത്തിന്റെ ഫൈവ് പോയിന്റ് സം വൺ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്.ഈ നോവലും ടു സ്റ്റേറ്റ്സ് തുടങ്ങിയ നോവലുകളും ഹിന്ദിയിലും സിനിമയാക്കിയിട്ടുണ്ട്.
മലയാളത്തിൽ പദ്മരാജൻ സംവിധാനം ചെയ്ത നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമക്ക് ആധാരമായ നോവൽ എഴുതിയ കെ കെ സുധാകരനെയാണ് ചേതൻ ഭഗത്ത് ഓർമിപ്പിക്കുന്നത്.കെ കെ സുധാകരൻ ചേതൻ ഭഗത്തിനേക്കാൾ മുമ്പ് എഴുതിത്തുടങ്ങിയതാണ്.മലയാളത്തിൽ ഏറെ വായനക്കാരുമുണ്ട്.രണ്ടു പേരുടെയും ഭാഷ മനോഹരമാണ്.ആഹാരത്തിന്റെ രുചി സ്ഥലങ്ങളുടെ മനോഹാരിത എന്നിവയൊക്കെ മനസ്സിൽ തട്ടുംവിധം എഴുതാൻ രണ്ടുപേർക്കും അറിയാം.പുരുഷന്റെ അപകർഷതാ ബോധം,സുന്ദരിയായ സ്ത്രീയോടും തിരികെയുമുള്ള ആരാധനയും പ്രേമവും തുടങ്ങിയവയൊക്കെ വർണിച്ച് ഇതെന്റെ കഥയല്ലേ,ഇതെനിക്കും സംഭവിച്ചെങ്കിൽ എന്നൊക്കെ വായനക്കാരെ മോഹിപ്പിക്കുന്നതിൽ രണ്ടുപേരും മുന്നിലാണ്.രണ്ടു പേരും ചേരുവകളിൽ വലിയ മാറ്റമൊന്നും വരുത്താതെ തുടർച്ചയായി നോവലുകൾ എഴുതി വിടുന്നുമുണ്ട്.പിന്നെ ചേതൻ ഭഗത്ത് ഇംഗ്ലീഷിൽ എഴുതുന്നതുകൊണ്ട് കൂടുതൽ പ്രശസ്തനായി ,സുധാകരൻ മലയാളത്തിൽ മാത്രം എഴുതുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പ്രശസ്തി കേരളത്തിലൊതുങ്ങി എന്നേയുള്ളൂ.
ചേതൻ ഭാഗത്തിന്റെ പുതിയ പുസ്തകം ദി ഗേൾ ഇൻ റൂം 105 എന്ന നോവൽ വായിച്ച് കഴിഞ്ഞപ്പോഴാണ് ഇതെഴുതണമെന്ന് തോന്നിയത്.സ്ഥിരം പച്ചക്കറികൾ മാത്രം ഉപയോഗിച്ച് മസാലയുടെ അളവിൽ മാത്രം മാറ്റം വരുത്തി ഒരു കറി  കൂടിയുണ്ടാക്കാനുള്ള ശ്രമമാണ് ചേതൻ ഭഗത്ത് നടത്തുന്നത്.
പതിവുപോലെ ഈ നോവലിന്റെ പശ്ചാത്തലവും ഐ ഐ റ്റി  തന്നെയാണ്.നായകൻ പതിവ് പോലെ ഐ ഐ യിൽ നിന്ന് പഠിച്ചിറങ്ങിയ ഉയരങ്ങളിലെത്താൻ കഴിയാതെ പോയായാളും ഐ ഐ ടിയുടെ ഹോസ്റ്റലുകളിലൊന്നിൽ നടന്ന ഒരു പെൺകുട്ടിയുടെ മരണവും അത്തിനെത്തുടർന്നുള്ള അന്വേഷണവുമൊക്കെയാണ് വിഷയം.വിഷയത്തിലും കെ കെ സുധാകരനെ ഓർമ്മ വരുന്നു.അദ്ദേഹത്തിന്റെ ഒരു നോവൽ നീയെത്ര ധന്യ എന്ന പേരിൽ സിനിമയാക്കിയിരുന്നു.നോവലിന്റെ പേര് മറന്നുപോയി.അതിലും ഒരു പെൺകുട്ടിയുടെ മരണവും തുടർന്നുള്ള ഓർമകളുമൊക്കെയാണ് വിഷയം.
പെൺകുട്ടിയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ തുടങ്ങിയുള്ള അന്വേഷണങ്ങൾക്കും അന്തിമ കണ്ടെത്തലിനുമൊന്നും തീരെ പുതുമയില്ല.പിന്നെ എന്ത് കൊണ്ട് ഈ പുസ്തകം മുഴുവനും വായിച്ചു എന്നു ചോദിച്ചാൽ നമ്മുടെ ഉള്ളിലുള്ള അപകർഷതാ ബോധത്തെ വകവെക്കാതെ നമുക്ക് അപ്രാപ്യമെന്ന് തോന്നുന്ന ഒരു സുന്ദരി പ്രേമിക്കുന്നതുമൊക്കെ വായിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്.പോരാത്തതിന് നല്ല ഒഴുക്കുള്ള ഇംഗ്ലീഷ് ഭാഷയും.ഇതുപോലെ ഇംഗ്ലീഷിൽ എഴുതാൻ കഴിഞ്ഞെങ്കിൽ എന്ന് മോഹിപ്പിക്കുന്ന ഇംഗ്ലീഷ്..ചേതൻ ഭാഗത്തിന്റെ തന്നെ ഹാഫ് ഗേൾ ഫ്രണ്ട് എന്ന പുസ്തകത്തിലെ ബീഹാരിയായ നായകൻ ഇംഗ്ലീഷ് നന്നാവാൻ വായിക്കുന്നത് ചേതൻ  ഭഗത്തിന്റെ നോവലുകളാണ്.
യാത്രക്കിടയിലും കോവിഡിന് ഇടയിലുമൊക്കെ വായിക്കാൻ പറ്റിയ പുസ്തകം.വെറുതെയിരിക്കുകയാണെങ്കിൽ  വായിച്ചോളൂ.മലയാള പത്രങ്ങളേക്കാളും  ടി വി ചർച്ചകളെക്കാളും  ഭേദമാണത്.

No comments:

Post a Comment