ലോകമെമ്പാടുമുള്ള യൂണിവേഴ്സിറ്റികൾ സ്വയം ഭരണ സ്ഥാപനങ്ങൾ ആയാണ് പ്രവർത്തിക്കുന്നത്.അനുദിനം ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ വിദ്യാർഥികളെ പ്രാപ്തരാക്കാനും ഗവേഷണത്തിലൂടെ പുതിയ ജ്ഞാനം ഉൽപ്പാദിപ്പിക്കാനും യൂണിവേഴ്സിറ്റികളെ പ്രാപ്തരാക്കാൻ വിദഗ്ധന്മാർ നിയന്ത്രിക്കുന്ന സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാത്രമേ കഴിയൂ.കേരളത്തിലെ യൂണിവേഴ്സിറ്റികൾ മെച്ചപ്പെടുന്നതിൽ ഉള്ള പ്രധാന തടസ്സവും യൂണിവേഴ്സിറ്റികളുടെ ഘടനയാണ്.
ഇത് മനസിലാക്കണമെങ്കിൽ ഇന്ത്യയിലെ പ്രീമിയർ യൂണിവേഴ്സിറ്റിയായ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ നയ രൂപീകരണ സമിതിയായ കോർട്ടിൻ്റെയും കേരളാ യൂണിവേഴ്സിറ്റിയുടെ നയരൂപീകരണ സമിതിയായ സെനറ്റിൻ്റെയും ഘടന പരിശോധിച്ചാൽ മതി. ജെഎൻയുവിൻ്റെ കോർട്ടിൽ 163 അംഗങ്ങളാണ് ഉള്ളത്.ഇതിൽ ചാൻസലർ, വൈസ് ചാൻസലർ, റെക്ടർ,എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, ഡീൻ ഓഫ് സ്റ്റുഡൻ്റ്,പ്രോക്ടർ,രജിസ്ട്രാർ,ഫിനാൻസ് ഓഫീസർ,സീനിയർ വാർഡൻ, യൂണിവേഴ്സിറ്റി ലൈബ്രേറിയൻ,സ്കൂൾ ഓഫ് സ്റ്റഡീസ് ഡീൻമാർ(12 പേര്),ഓരോ സെൻ്ററുകളുടെയും ചെയർപേഴ്സൺ (ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻ്റ്)(46 പേര്),പ്രൊഫസർ/അസോസിയേറ്റ് പ്രൊഫസർമാരുടെ പ്രതിനിധികൾ (41),ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ ഡയറക്ടർമാർ ( 29 പേര്),10 ലോക്സഭാ പ്രതിനിധി,6 രാജ്യസഭാ പ്രതിനിധി,രാഷ്ട്രപതി,കൃഷി - വ്യവസായം എന്നിവയെ പ്രതിനിധീകരിച്ച് 6 പേര്,രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന 5 പേര്,ചാൻസലർ നോമിനേറ്റ് ചെയ്യുന്ന 2 പേര് എന്നിങ്ങനെയാണ് ഘടന.അക്കാഡമിഷ്യൻ മാർക്ക് മൃഗീയ ഭൂരിപക്ഷമുള്ള കോർട്ടാണ് ജെഎൻയുവിന് ഉള്ളത്.ഇത് വിദേശ യൂണിവേഴ്സിറ്റികളുടെ മാതൃകയിൽ ചിട്ടപ്പെടുത്തിയത് ആണ്.
ഇനി ജെഎൻയുവിലെ എക്സിക്യൂട്ടീവ് കൗൺസിലിൻ്റെ ഘടന പരിശോധിക്കാം.നമ്മുടെ യൂണിവേഴ്സിറ്റികളിലെ സിൻഡിക്കേറ്റിന് തുല്യമാണ് ജെഎൻയുവിലെ എക്സിക്യൂട്ടീവ് കൗൺസിൽ.വൈസ് ചാൻസലറും, റെക്ടറും,ഡീൻ ഓഫ് സ്റ്റുഡൻ്റ്സും ,പ്രധാനപ്പെട്ട സ്കൂൾ ഓഫ് സ്റ്റഡിനെ പ്രതിനിധീകരിച്ച് നാല് ഡീനുകളും,മറ്റുള്ള സ്കൂളുകളെ പ്രതിനിധീകരിച്ച് രണ്ട് ഡീനുകളും,മൂന്ന് അധ്യാപക പ്രതിനിധികളും,രജിസ്ട്രാറും ഉൾപ്പെടുന്നതാണ് എക്സിക്യൂട്ടീവ് കൗൺസിൽ.പൂർണ്ണമായും അക്കാഡമീഷിയന്മാർ മാത്രം ഉൾപ്പെടുന്ന ഘടന.ഇവരാണ് സർവകലാശാലയുടെ ഭരണം നിർവഹിക്കുന്നത്.
ഇനി കേരളാ യൂണിവേഴ്സിറ്റിയിലേക്ക് വരാം.ഇവിടത്തെ സെനറ്റിൻ്റെ ഘടന പരിശോധിക്കുക.ഇവിടെ ഇപ്പൊൾ 91 അംഗ സെനറ്റാണ് ഉള്ളത്.ഇതിൽ ചാൻസലർ,പ്രോ ചാൻസലർ,വൈസ് ചാൻസലർ,പ്രോ വൈസ് ചാൻസലർ,ഫിനാൻസ് സെക്രട്ടറി, ഡിപിഐ,കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ,ജനറൽ എഡ്യൂക്കേഷൻ സെക്രട്ടറി,ഹയർ എഡ്യൂക്കേഷൻ സെക്രട്ടറി,ഇൻഫർമേഷൻ ടെക്നോളജി സെക്രട്ടറി,ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ,വിദ്യാഭ്യാസ അഡ്വൈസറി ബോർഡ് ചെയർമാൻ,മേയർ തുടങ്ങി എക്സ് ഒഫീഷ്യോ അംഗങ്ങളായി ഉള്ളത്.യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റിലെ 7 ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻ്റ്.നിലവിലുള്ളവരിൽ മൂന്ന് പേര് അസോസിയേറ്റ് പ്രൊഫസർമാരും രണ്ട് പേര് അസിസ്റ്റൻ്റ് പ്രൊഫസർമാരും ആണ്.
യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റിലെ നാല് ഡീൻ മാർ.ഇപ്പോഴുള്ളത് രണ്ട് പ്രൊഫസർമാരും ഒരു റിട്ടയേർഡ് പ്രൊഫസറും ഒരു കോളജ് പ്രിൻസിപാലുമാണ്.പിന്നെ വിദ്യാർഥി യൂണിയൻ ചെയർമാൻ,കോളജ് പ്രിൻസിപ്പൽമാരുടെ 6 പ്രതിനിധികൾ,കേരള നിയമസഭയുടെ 6 പ്രതിനിധികൾ,യൂണിവേഴ്സിറ്റി അധ്യാപകരുടെ 3 പ്രതിനിധികൾ,കോളജ് അധ്യാപകരുടെ 5 പ്രതിനിധികൾ,പ്രൈവറ്റ് കോളജ് അധ്യാപകരുടെ 16 പ്രതിനിധികൾ,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 4 പ്രതിനിധികൾ,ട്രേഡ് യൂണിയൻ്റെ 2 പ്രതിനിധി,1 അനധ്യാപക പ്രതിനിധി,3 പ്രൈവറ്റ് കോളേജിലെ അനധ്യാപകർ ,4 പ്രൈവറ്റ് കോളജ് മാനേജർമാർ ,10 വിദ്യാർഥി പ്രതിനിധികൾ ,2 സ്കൂൾ ഹെഡ്മാസ്റ്റർമാർ,രണ്ട് ഹൈസ്കൂൾ അധ്യാപകർ,ചാൻസലർ നോമിനേറ്റ് ചെയ്യുന്ന 9 പേർ,ചാൻസലർ നോമിനേറ്റ് ചെയ്യുന്ന 4 വിദ്യാർഥികൾ,ഉന്നത വിദ്യാഭ്യാസ രംഗത്തെ 5 പ്രഗത്ഭർ എന്നിവരാണ് സെനറ്റ് അംഗങ്ങൾ.ഇനിനിലവിലുള്ള സെനറ്റിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭർ ആരെന്നുകൂടി നോക്കാം.മൂന്ന് അസോസിയേറ്റ് പ്രൊഫസർമാർ,അഡ്വ. എ എ റഹീം(ഡിവൈഎഫ്ഐ നേതാവ്),അഡ്വ. കെ എച്ച് ബാബുജാൻ (സി പി എം നേതാവ്) എന്നിവരാണ് അവർ.അസോസിയേറ്റ് പ്രൊഫസർമാരും രാഷ്ട്രീയക്കാർ ആണെന്നുള്ളത് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.പാവം പ്രൊഫസർമാർ.അവർക്കൊന്നും ഉന്നത വിദ്യാഭ്യാസത്തെ പ്രതിനിധീകരിക്കാനുള്ള യോഗ്യതയില്ല.
അധ്യാപക - അനധ്യാപക - വിദ്യാർഥി പ്രതിനിധികളെയും നോമിനേഷൻ ചെയ്യപ്പെടുന്നവരെയും കക്ഷി രാഷ്ട്രീയ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത് എന്ന് പ്രത്യേകം പറയണ്ടല്ലോ.ലിസ്റ്റ് ആകെ വായിച്ചാൽ കേരളാ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർമാർ ആരും ഇല്ലേ എന്നും സംശയം തോന്നും.മുൻപറഞ്ഞ വിദ്യാഭ്യാസ വിചക്ഷണർ എല്ലാവരും കൂടിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് കേരളാ യൂണിവേഴ്സിറ്റിയെ നയിക്കുന്നത്.
യൂണിവേഴ്സിറ്റിയുടെ ഭരണം നിർവഹിക്കുന്നത് എന്ന് നാം കരുതുന്ന യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റിൻ്റെ ഘടന കൂടി പരിശോധിക്കാം.സിൻഡിക്കേറ്റ് ആണ് യൂണിവേഴ്സിറ്റി ഭരണത്തിന് മേൽനോട്ടം വഹിക്കുന്നത്.ആകെ അംഗങ്ങളുള്ളത്തിൽ വൈസ് ചാൻസലർ,ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പാൾ സെക്രട്ടറി, ഡിപിഐ, കോളജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ,ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സെക്രട്ടറി എന്നിവരാണ് എക്സ് ഓഫീഷ്യോ അംഗങ്ങൾ. നാല് രാഷ്ട്രീയക്കാർ,2 പ്രൊഫസർമാർ ഗവൺമെൻ്റ് കോളജ് അധ്യാപകർ,4 പ്രൈവറ്റ് കോളജ് അധ്യാപകർ,അനധ്യാപകർ,ഒരു സയൻ്റിസ്റ്റ് എന്നിങ്ങനെയാണ് ഘടന.മൊത്തത്തിൽ രാഷ്ട്രീയക്കാർക്ക് മേൽക്കൈ ഉള്ള ഒരു സംവിധാനം.ഇത്തരത്തിലുള്ള ഒരു സംവിധാനത്തിന് യൂണിവേഴ്സിറ്റിയുടെ വളർച്ചയോ വികസനമോ വിദൂര ലക്ഷ്യം പോലുമല്ല.വേണ്ടപ്പെട്ടവരുടെ വേണ്ട സ്ഥാനങ്ങളിലുള്ള നിയമനം മാത്രമാണ് ഇവരുടെ ലക്ഷ്യം.
ചുരുക്കത്തിൽ കേരളത്തിലെ യൂണിവേഴ്സിറ്റികളെ മികവിൻ്റെ പാതയിലേക്ക് നയിക്കണമെങ്കിൽ സെനറ്റിൻ്റെയും സിൻഡിക്കറ്റിൻ്റെയും ഘടനയിൽ വലിയ പൊളിച്ചെഴുത്ത് നടത്തണം.അതും അടിയന്തിരമായി ചെയ്യണം.
No comments:
Post a Comment