Monday, April 3, 2023

കെ എസ് ആർ ടി സി:ഇനിയെങ്ങോട്ട്?

 


ഏതൊരു രാജ്യത്തിന്റെയും വികസന നയത്തിൽ പ്രാധാന്യം നൽകേണ്ടതാണ് പൊതു ഗതാഗത സംവിധാനം. രാജ്യത്തിന്റെയായാലും സംസ്ഥാനത്തിന്റെയായാലും സാമ്പത്തിക വളർച്ച ഉറപ്പു വരുത്തുന്നതിൽ പൊതുഗതാഗത സംവിധാനത്തിന് പ്രാധാന്യമുണ്ട്.ഈ രംഗത്തെ തകർച്ച ജനങ്ങളെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കും. അതുവഴി ഉയർന്ന ഇന്ധന ഉപയോഗം, അന്തരീക്ഷ മലിനീകരണം എന്നിവക്കും കാരണമാകും.

കേരളത്തിൽ അതി ശക്തമായ പൊതു ഗതാഗത സംവിധാനം നിലവിലുണ്ട്. കെഎസ്ആർടിസി കേരളത്തിന്റെ കുഗ്രാമങ്ങളിൽ പോലും സേവനം ഉറപ്പുവരുത്തുന്നു. മാത്രമല്ല സ്വകാര്യ ബസ്സുകൾ സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ സേവനംനടത്തുന്നു എന്ന് മാത്രമല്ല സർക്കാരിന് നികുതിയും നൽകുന്നു.

എന്നാൽ നഷ്ടമാണ് എന്ന പേരിൽ കെഎസ്ആർടിസിയെ തകർക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇത് എങ്ങനെയാണ് നഷ്ടത്തിലായത് എന്നന്വേഷിക്കാനോ വേണ്ട തിരുത്തലുകൾ വരുത്താനോ ഉള്ള ശ്രമം നടക്കുന്നില്ല. പാർസൽ സർവീസ്, റെസ്റ്റോറന്റുകൾ,താമസ സൗകര്യം ഒരുക്കൽ തുടങ്ങി പലവിധ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഗതാഗതം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ മാത്രം ഒരു നടപടിയും സ്വീകരിയ്ക്കുന്നുമില്ല.

 എന്നാൽ യഥാർത്ഥത്തിൽ കെഎസ്ആർടിസി നഷ്ടത്തിലാണോ എന്ന് പരിശോധിക്കേണ്ടത്. കെഎസ്ആർടിസിയുടെ തലപ്പത്തുള്ള മാനേജ്മെന്റിന്റെ നയവൈകല്യങ്ങൾ മൂലമാണ് നഷ്ടത്തിൽ ആയത് എന്ന് മനസ്സിലാക്കാം. 2016ൽ 6377 ഷെഡ്യൂളുകൾ കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തിരുന്നെങ്കിൽ ഇന്ന് 3700 ഷെഡ്യൂൾ മാത്രമേ ഓപ്പറേറ്റ് ചെയ്യുന്നുള്ളൂ.ജീവനക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്.ലാഭത്തിൽ ഓടിക്കൊണ്ടിരുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌ ബസ്സുകൾ കെ എസ് ആർ ടി സിയിൽ നിന്നെടുത്തുമാറ്റി കെ സ്വിഫ്റ്റ് എന്നൊരു സ്ഥാപനം രൂപീകരിച്ചിരിക്കുകയാണ്.ബസിന്റെ റൂട്ട്, സമയം എന്നിവ തീരുമാനിക്കുന്നത് മാനേജ്മെന്റ് നേരിട്ടാണ്. പക്ഷേ കളക്ഷൻ കുറയുന്നതിന്റെ പഴി തൊഴിലാളികൾക്കും.

വിദ്യാർഥികൾക്കുള്ള കൺസഷനും മറ്റു വിഭാഗക്കാർക്ക് പാസ്സും നൽകുന്ന ഇനത്തിൽ കെഎസ്ആർടിസിക്ക് നഷ്ടം പ്രതിവർഷം 830 കോടി രൂപയാണ്.ഇത് യഥാർത്ഥത്തിൽ സർക്കാർ വഹിക്കേണ്ട ബാധ്യതയാണ്. ഒരു വർഷം സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്ന സഹായധനം 1350 കോടി മാത്രമാണ്. പേരോ സർക്കാർ വാരിക്കോരി ധനസഹായം നൽകിയാണ് കെഎസ്ആർടിസിയെ നിലനിർത്തുന്നതെന്നും.

യഥാർത്ഥത്തിൽ  ചിലവിനും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനുമുള്ള വരുമാനംകെഎസ്ആർടിസി സ്വന്തമായി ഉണ്ടാക്കുന്നുണ്ട്. മുൻകാലങ്ങളിൽ വിവിധ പരിഷ്കരണങ്ങളുടെ പേരിൽ മാനേജ്മെന്റ് കടമെടുത്ത തുകയുടെ പലിശ നൽകാനാണ് വരുമാനത്തിന്റെ നല്ലൊരു ഭാഗം ഉപയോഗിക്കുന്നത്.

കെഎസ്ആർടിസിയിൽ ശമ്പളം നൽകാൻ പോലും കഴിയുന്നില്ലെങ്കിൽ അത് മാനേജ്മെന്റിന്റെ പരാജയമല്ലേ?1200 ബസുകൾ സ്പെയർപാർട്ടുകളില്ലാത്തതുമൂലം കട്ടപ്പുറത്താണ്. ഇത് നന്നാക്കിയിറക്കാൻ പോലും മാനേജ്മെന്റിന് കഴിയുന്നില്ല.

ഈ സാഹചര്യത്തിൽ ഒരു ട്രാൻസ്‌പോർട് വകുപ്പ് മന്ത്രിയും ഐ എ എസുകാരൻ എം ഡി യുമൊക്കെ വേണോ എന്നാലോചിക്കണം. കെ എസ് ആർ ടി സി യെ പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കണം.അൻപത് ശതമാനം ഓഹരികൾ വേണമെങ്കിൽ സർക്കാരിന് കൈവശം വെക്കാം.മുപ്പത് ശതമാനം ഓഹരികൾ ജീവനക്കാർക്കും നൽകാം. ബാക്കി ഇരുപത് ശതമാനം ഓഹരി വിപണി വഴി നൽകാം. ഇങ്ങനെ ചെയ്താൽ  കണ്ണായ സ്ഥലങ്ങളിലുള്ള കെ എസ് ആർ ടി സി യുടെ വസ്തുവകകളുടെ കണക്കും വരുമാന ചെലവ് കണക്കുകളുമെല്ലാം ഓരോ മൂന്നുമാസത്തിലും റിപ്പോർട്ടായി ജനങ്ങൾക്ക് ലഭ്യമാകും. വിദഗ്ധർ തലപ്പത്തു വരുന്നത്തോടെ കെ എസ് ആർ ടി സി യുടെ പ്രവർത്തനവും മെച്ചപ്പെടും.