Monday, February 14, 2022

റോക്കറ്റ് ബോയ്സ്

 ആമസോൺ, സോണി ലിവ് തുടങ്ങിയ ഒ ടി ടി പ്ലാറ്റ്ഫോമുകൾ വ്യാപകമായതോടെയാണ് സീരിസുകൾ ജനപ്രിയമായി  മാറി തുടങ്ങിയത്. ശാസ്ത്രവുമായും  ശാസ്ത്രചരിത്രവുമായും  ബന്ധപ്പെട്ട സീരീസുകൾ വളരെ അപൂർവ്വമാണ് . സോണി ലിവ് ആരംഭിച്ച റോക്കറ്റ് ബോയ്സ് എന്ന സീരിസ് ഇതിനൊരു അപവാദമാണ്.ഇന്ത്യയിലെ അണുശക്തിയുടെ വികസനത്തെയും ബഹിരാകാശ ഗവേഷണ ത്തെയും കുറിച്ചാണ് സീരിസ്. സ്വാഭാവികമായും ജവഹർലാൽ നെഹ്റു, ഹോമി ജഹാംഗീർ ഭാഭാ, വിക്രം സാരാഭായി തുടങ്ങിയവർ   ഇതിലെ കഥാപാത്രങ്ങളാണ്.മലയാളികൾക്ക് പ്രത്യേകം താത്പര്യമുണർത്തുന്നത് തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാളും ഇതിലെ ഒരു കഥാപാത്രമാണ് എന്നുള്ളതാണ്.

 ഇന്ത്യയുടെ അണുശക്തി വികസനത്തതിനായി ഹോമി ജഹാംഗീർ ഭാഭയുടെ  നേതൃത്വത്തിൽ നടന്ന ശ്രമങ്ങളും ബഹിരാകാശ ഗവേഷണത്തിനായി വിക്രം സാരാഭായി നടത്തിയ ശ്രമങ്ങളുമാണ് റോക്കറ്റ് ബോയ്സ് എന്ന സീരിസിന്റെ കഥാതന്തു. വലിയൊരാളവോളം ചരിത്രത്തോട് നീതി പുലർത്തുന്നുണ്ടെങ്കിലും സീരിയസ് ജനപ്രിയമാക്കുന്നതിന് വേണ്ടി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിൽ പലതും ചരിത്രവുമായി ചേർന്ന് നൽകുന്നതും അല്ല.


 തിരുവിതാംകൂറിലെ കടൽത്തീരങ്ങളിൽ ലഭ്യമായ മോണസൈറ്റിനുവേണ്ടി ജവഹർലാൽ നെഹ്റുവും ഹോമി ജഹാംഗീർ  ഭാഭയും ശ്രീ ചിത്തിര തിരുനാളുമായി നടത്തുന്ന ചർച്ചയാണ് ചരിത്രവുമായി യോജിക്കാത്ത ഒരു സംഭവം. ഇങ്ങനെയൊരു സംഭവം ചരിത്രത്തിൽ എന്തായാലും രേഖപ്പെടുത്തിയിട്ടില്ല.ഒരു ഘട്ടത്തിൽ അഴിമതി പുറത്തുകൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തി രാജാവിനെ കൊണ്ട് മോണസൈറ്റ് ഇന്ത്യയ്ക്ക്തന്നെ നൽകാമെന്ന് ഭാഭ സമ്മതിക്കുന്നതായാണ് സീരീസിൽ കാണിക്കുന്നത്.


രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഹോമി ജഹാംഗീർ ഭാഭയും വിക്രം സാരാഭായിയും വിദേശത്തു നിന്നു ഇന്ത്യയിലേക്ക് എത്തിച്ചേരുന്നു. സിവി രാമനോടൊപ്പം ഇവർ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസിൽ ഉണ്ടായിരുന്നതും ചരിത്രമാണ്. പക്ഷേ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ മുകളിൽ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ഇവർ രണ്ടുപേരും ചേർന്ന് ഇന്ത്യൻ പതാക ഉയർത്തുന്നതായി സീരീസിൽ കാണിക്കുന്നു. ഇത്തരത്തിലുള്ള ഒരു സംഭവം ആരും റിപ്പോർട്ട് ചെയ്തിട്ടില്ല.

 കൽക്കത്ത യൂണിവേഴ്സിറ്റിയിൽ ന്യൂക്ലിയർ ഗവേഷണത്തിനു വേണ്ടി സൈക്ലോട്രൺ നിർമ്മിച്ച മെഹ്‌ദി റാസ എന്ന ശാസ്ത്രജ്ഞനാണ് സീരീസിലെ ഒരു പ്രധാന കഥാപാത്രം. ഇത് കുറച്ചൊക്കെ വില്ലൻ ടച്ചുള്ള കഥാപാത്രമാണ്. ഹോമി ഭാഭയോട് അസൂയപൂണ്ടു പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു ഒരാളായാണ് റാസയെ കാണിക്കുന്നത്. യഥാർത്ഥത്തിൽ ഇത് മേഘനാഥ് സാഹയെയാണ് കാണിക്കുന്നത് എന്ന് മനസ്സിലാക്കാം. ഇതും ചരിത്രത്തിൽനിന്ന് ഒരു വ്യതിയാനമാണ്. സാഹയോട് നീതി പുലർത്തുന്നതുമല്ല.

 ഹോമി ജഹാംഗീർ ഭാഭയോടും വിക്രംസാരാഭായി യോടുമൊപ്പം  എപിജെ അബ്ദുൽ കലാം ജവഹർലാൽനെഹ്റുവുമായി റോക്കറ്റ് വികസനം ആരംഭിക്കുന്നതിനെക്കുറിച്ചു ചർച്ച നടത്തുന്നതായി കാണിക്കുന്നുണ്ട്.ഇതും വസ്തുതകൾക്ക് യോജിച്ചതല്ല. തുമ്പയിൽ ഇക്വറ്റോറിയൽ ലോഞ്ച് വെഹിക്കിൾ സെന്റർ ആരംഭിച്ചതിനു ശേഷം മാത്രമാണ് അബ്ദുൽകലാം ജോലിക്ക് ചേരുന്നത്.ഈ സാഹചര്യത്തിൽ തുമ്പയിൽ ഒരു കേന്ദ്രം ആരംഭിക്കുന്നതിനായി അബ്ദുൽ കലാം ജവഹർലാൽനെഹ്റു മായി ചർച്ച നടത്താൻ സാധ്യമല്ലല്ലോ.

 സീരീസിൽ ചരിത്രവുമായി ബന്ധപ്പെടാത്ത കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു എന്ന് മാത്രം. ഇന്ത്യയുടെ ശാസ്ത്രം വളർന്നുവന്നതിന്റെ ചരിത്രം യുവതലമുറയ്ക്ക് മനസ്സിലാക്കാൻ ഇത്തരം സീരിസുകൾകൾ ഉപകരിക്കും. മുകളിൽ സൂചിപ്പിച്ച ചില വ്യതിയാനങ്ങൾ ഒഴിച്ചാൽ സീരിസ് പൊതുവെ നല്ലതാണ്. ജനപ്രീതി നേടുന്നതിനായി ചില ജനപ്രിയ ചേരുവകൾ കൂടി കൂട്ടിച്ചേർത്തു എന്ന് മാത്രം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സീരിയസ്.