Friday, July 31, 2020

സി അച്യുതമേനോൻ്റെ ജീവിതയാത്രയിൽ

   ഡോ . വി രാമൻകുട്ടി


സി അച്യുതമേനോനെക്കുറിച്ച് മലയാളികളെ പരിചയപ്പെടുത്തേണ്ടയാവശ്യമില്ല .കമ്മ്യൂണിസ്റ്റ് നേതാവ്,കേരളത്തിൻ്റെ ധനകാര്യമന്ത്രി,ആഭ്യന്തരമന്ത്രി,മുഖ്യമന്ത്രി,സാമൂഹ്യപ്രവർത്തകൻ,കലാസ്നേഹി,സാഹിത്യകാരൻ,എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചയാളാണ് അച്യുതമേനോൻ.അദ്ദേഹം ആത്മകഥയെഴുതിയിട്ടില്ല.തന്നെപ്പറ്റി ആകെയെഴുതിയിട്ടുള്ളത് ബാല്യകാല സ്മരണകളാണ്.അച്യുത മേനോനെക്കുറിച്ച് ഒന്ന് രണ്ടു പുസ്തകങ്ങളും ജീവചരിത്രവുമൊക്കെ വന്നിട്ടുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെ പൂർണമായും പ്രതിഫലിപ്പിക്കുന്നില്ല .

ഈ സാഹചര്യത്തിലാണ് അച്യുതമേനോൻ്റെ പുത്രനായ ഡോ വി രാമൻകുട്ടി എഴുതിയ സി അച്യുതമേനോൻ്റെ ജീവിത യാത്രയിൽ എന്ന പുസ്തകം പ്രസക്തമാകുന്നത്.അച്യുതമേനോൻ്റെ കുടുംബ ജീവിതം എങ്ങനെയായിരിക്കുമെന്നറിയാനാണ് പുസ്തകം വായിച്ചു തുടങ്ങായിയത്.ആ ആഗ്രഹത്തിനൊരു പശ്ചാത്തലം കൂടിയുണ്ട്.പഴയകാല കമ്മ്യൂണിസ്റായിരുന്ന കെ വി പത്രോസിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളിൽ പത്രോസിൻ്റെ ഭാര്യയോടുള്ള പെരുമാറ്റം ഒരു കമ്മ്യൂണിസ്റ്റിന് യോജിച്ചതായിരുന്നില്ല എന്ന് അച്യുതമേനോൻ നിരീക്ഷിക്കുന്നുണ്ട്.ആയതിനാൽ തന്നെ അദ്ദേഹത്തിൻ്റെ കുടുംബ ജീവിതത്തെക്കുറിച്ചറിയാനും താത്പര്യമുണർന്നു .പക്ഷെ രാമൻകുട്ടിയുടെ പുസ്തകം വായിച്ച് അവസാനിപ്പിക്കുന്നത് കുടുംബ ജീവിതത്തെക്കുറിച്ച് മാത്രമുള്ള ആദരവോടെയല്ല,അച്യുത മേനോനോടൊപ്പം നിൽക്കുന്ന അമ്മിണിയമ്മ എന്ന ധീര വ്യക്തിത്വത്തെക്കുറിച്ച് കൂടിയുള്ള ആദരവോടും കൂടിയാണ്.
അമ്മിണിയമ്മെയെക്കുറിച്ചാണ് പുസ്തകമെങ്കിലും നമുക്കറിയാത്ത അച്യുതമേനോനെക്കുറിച്ച് വെളിച്ചത്തെ വീശാനും ഈ പുസ്തകം സഹായിക്കുന്നുണ്ട്.കുടുംബ ജീവിത തീരുമാനങ്ങൾ പൂർണമായും ഭാര്യയ്ക്ക് വിട്ടുകൊടുത്ത് പൊതു പ്രവർത്തനത്തിൽ മുഴുകുന്ന അച്യുത മേനോനെയും അദ്ദേഹത്തെ പൂർണമായും പൊതു പ്രവർത്തനത്തിൽ മുഴുകാൻ അനുവദിച്ചു കൊണ്ട് കുടുംബഭാരം ഏറ്റെടുത്ത അമ്മിണിയമ്മയെയും നമുക്ക് ഈ പുസ്തകത്തിൽ കാണാൻ കഴിയും.മാത്രമല്ല ആദർശത്തിൽ ഉറച്ച് നിന്ന് കൊണ്ട് കുടുംബ ജീവിതം കെട്ടിപ്പടുക്കുന്ന അനുഭവുമെല്ലാം കൊച്ചു കൊച്ച്‌ അനുഭവങ്ങളിൽ കൂടി ഗ്രന്ഥകർത്താവ് വിവരിക്കുന്നു.പാർട്ടിയിലും ഭരണത്തിലും കുടുംബത്തിലുമുണ്ടായ പ്രതിസന്ധികളെക്കുറിച്ചും എഴുതുന്നുണ്ട്.
1959 ൽ മന്ത്രി സഭ പിരിച്ച് വിട്ടതിന് ശേഷവും തിരുവനന്തപുരത്ത് താമസിക്കേണ്ടി വന്നു..പാർട്ടി നൽകുന്ന തുക കൊണ്ടാണ് ജീവിച്ചത്. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തമാശ രൂപത്തിൽ അമ്മിണിയമ്മ പറഞ്ഞത് പുസ്തകത്തിലുണ്ട്.പവനൻ്റെ ഭാര്യയോട് പറഞ്ഞത്രേ.പാർട്ടി ഓഫീസിൽ നിന്ന് വൗച്ചർ കിട്ടിയാൽ നേതാവിന് വൈകുന്നേരം ചായ കൊടുക്കാമെന്ന്.വായിച്ച് ചിരിക്കാമെങ്കിലും നമ്മുടെ ഉള്ളിലൊരു നൊമ്പരവുമുണ്ടാകും.
വീട് വെക്കാനുള്ള ലോണിന് അപേക്ഷിച്ചിരുന്നത് സ്ഥിര വരുമാനമില്ലാത്ത പൊതുപ്രവർത്തകൻ എങ്ങനെ തിരിച്ചടക്കും എന്ന ന്യായം പറഞ്ഞ് ജില്ലാ കളക്ടർ നിഷേധിച്ചതും മുഖ്യമന്ത്രിയായിക്കഴിഞ്ഞപ്പോൾ ലോൺ തുകയുടെ അവസാന ഗഡു കളക്ടർ വീട്ടിൽ കൊണ്ടു കൊടുത്തതും മറ്റൊരുദാഹരണം.
പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കളാരും സജീവ രാഷ്ട്രീയത്തിലേക്ക് വന്നില്ല.നല്ല വിദ്യഭ്യാസം നേടിയ അവരൊക്കെ സ്വന്തം കഴിവ് കൊണ്ട് പല മേഖലകളിൽ തിളങ്ങുന്നത് കാണുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ട്.ആര്യാ അന്തർജനവുമായും പദ്‌മം ദാമോദരനും പാർവതീപവനനുമായും ഗൗരിയമ്മയുമായും രാധമ്മ തങ്കച്ചി സുഭദ്രാമ്മ തുടങ്ങിയവരുമായി അമ്മിണി അമ്മക്കുള്ള സൗഹൃദം പുസ്തകത്തിൽ പറയുന്നുണ്ട്.പഴയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കൾ തമ്മിലും ബന്ധം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്നറിയാൻ വായനക്കാർക്ക് താത്പര്യമുണ്ട്.
ആദര്ശ ധീരതയും ലളിത ജീവിതവുമെല്ലാം കിട്ടാക്കനികളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത് പോലെയുള്ള പുസ്തകങ്ങൾ വലിയ ആശ്വാസമാണ്.ത്യാഗികളായ നേതാക്കളും കുടുംബാംഗങ്ങളും കെട്ടിപ്പടുത്തതാണ് ഇന്നത്തെ കേരളമെന്ന് ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.ഗ്രീൻ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.