Monday, April 15, 2024

കള്ളപ്പണം എങ്ങനെ ഉണ്ടാകുന്നു?

ലോകം മുഴുവനും ഉള്ള കള്ളപ്പണത്തിനെതിരെ ആഞ്ഞടിക്കുന്ന നമ്മൾ നമ്മുടെ മുന്നിൽ ഒഴുകുന്ന കള്ളപ്പണത്തിനെതിരെ നിശ്ശബ്ദത പാലിക്കുന്നു.

75 ലക്ഷം രൂപയാണ് ഒരു ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിക്ക് ചെലവഴിക്കാനായി ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിട്ടുള്ളത്. ഒരു മണ്ഡലത്തിൽ ഏകദേശം 1300 പോളിംഗ് സ്റ്റേഷനുകൾ ആണ് ഉള്ളത്. അതായത് ഒരു പോളിംഗ് സ്റ്റേഷനിൽ വരുന്ന പ്രദേശത്ത് ഒരു സ്ഥാനാർഥിക്ക് ചെലവാക്കാൻ കഴിയുന്നത് 5800 രൂപ മാത്രമാണ്. യഥാർത്ഥത്തിൽ അത്രയും ആണോ സ്ഥാനാർത്ഥികൾ ചെലവഴിക്കുന്നത്? പോസ്റ്ററുകൾ ബാനറുകൾ ബോർഡുകൾ എന്നിവയായി അതിൽ എത്രയോ അധികം സ്ഥാനാർത്ഥികൾ ചിലവഴിക്കുന്നുണ്ട്. ഇതുകൂടാതെ പ്രവർത്തകർക്കുള്ള ചെലവ് കാശും കൊടുക്കണം.ഒരു സുഹൃത്ത് ഈയിടെ പറഞ്ഞത് മുമ്പ് 1000 പോസ്റ്റർ ഒട്ടിക്കുന്നത്തിന് 10000 രൂപയായിരുന്നു കൊടുത്തിരുന്നത്,ഇപ്പോൾ അവർ 25000 രൂപ ചോദിക്കുന്നു എന്നാണ്. ഇലക്ഷൻ കഴിയുമ്പോൾ 75 ലക്ഷം രൂപ ചെലവഴിച്ചു എന്നുള്ള കണക്കാണ് സ്ഥാനാർത്ഥികൾ ഇലക്ഷൻ കമ്മീഷന് കൊടുക്കുന്നത്. ആ തുകയ്ക്കുള്ള വരവും കാണിക്കും. അപ്പോൾ ബാക്കി ചിലവഴിച്ച പണം എവിടെ നിന്ന് വരുന്നു? ചുരുക്കത്തിൽ കണക്കിൽ പെടാത്ത വരവും ചെലവും ആണ് ഇലക്ഷനായി ചെലവാക്കുന്നത്. ഇതാണ് കള്ളപ്പണം. പലരും കരുതുന്നതുപോലെ കള്ളനോട്ട് അല്ല കള്ളപ്പണം. കണക്കിലോ ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ് കാണിക്കാതെ ഉള്ള പണമാണ് കള്ളപ്പണം. ഇതിൻറെ ഒഴുക്ക് കൂടിയാൽ രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കും. അതിനാൽ ഒന്നുകിൽ ഇലക്ഷൻ കമ്മീഷൻ ചെലവിന്റെ പരിധി കൂട്ടി നിശ്ചയിക്കുക. അല്ലെങ്കിൽ രാഷ്ട്രീയപാർട്ടികൾ ഈ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ചെലവാക്കുക. എന്തായാലും കള്ളപ്പണം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്.