Saturday, April 17, 2021

പച്ച മഞ്ഞ ചുവപ്പ് ടി ഡി രാമകൃഷ്ണൻ

 പച്ച മഞ്ഞ ചുവപ്പ്

ടി ഡി രാമകൃഷ്ണൻ

പൊതുവേ നമുക്ക് അപരിചിതമായ മേഖലകളെ പശ്ചാത്തലമാക്കിയുള്ള നോവലുകൾ മലയാളത്തിൽ വിരളമാണ്.സി രാധാകൃഷ്ണൻ ശാസ്ത്രജ്ഞന്മാരുടെ ലോകം പശ്ചാത്തലമാക്കിയെഴുതിയ പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും ,സ്പന്ദമാപിനികളേ നന്ദി,കോർപ്പറേറ്റ് ലോകത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം തന്നെയെഴുതിയ എവിടെ എല്ലാവർക്കും സുഖം തന്നെ,കെ എൽ മോഹന വർമ്മ വിവിധ മേഖലകളെ പശ്ചാത്തലമാക്കിയെഴുതിയ ഓഹരി,ക്രിക്കറ്റ്,സിനിമാ സിനിമ,നീതി തുടങ്ങിയ നോവലുകളാണ് ഇതിന് അപവാദം.മറ്റുള്ള മലയാളം നോവലുകളിലും വിവിധ പശ്ചാത്തലത്തിലുള്ളവർ മുഖ്യ കഥാപാത്രങ്ങളാകുന്നുവെങ്കിലും പശ്ചാത്തലത്തെക്കാൾ മാനസിക വ്യാപാരങ്ങൾക്കാണ് ഇതിലൊക്കെ പ്രാധാന്യം നൽകുന്നത്.
മലയാളത്തിലെ പ്രമുഖ നോവലിസ്റ്റായ ടി ഡി രാമകൃഷ്ണനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടയാവശ്യമില്ല. അദ്ദേഹത്തിന്റെ പച്ച മഞ്ഞ ചുവപ്പ് എന്ന നോവൽ അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഇന്ത്യൻ റെയിൽവേ പശ്ചാത്തലമാക്കിയെഴുതിയ നോവലാണ്.അദ്ദേഹത്തിന്റെ റെയിൽവേ ജീവിതകാലത്ത് ആർജിച്ച അനുഭവങ്ങൾ ഈ നോവലിനെ മിഴിവുറ്റതാക്കാൻ സഹായകമായിട്ടുണ്ട്.കഥാപാത്രങ്ങളുടെ അനുഭവങ്ങൾക്ക് നോവലിസ്റ്റിന്റെ ജീവിതാനുഭവങ്ങളുമായുള്ള ബന്ധത്തിന്റെ സാക്ഷി സഫാരി ടി വി യിൽ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വന്ന അദ്ദേഹത്തിന്റെ തന്നെ അഭിമുഖ സംഭാഷണങ്ങൾ തന്നെ.ടി ഡി രാമകൃഷ്ണൻ എന്ന വ്യക്തി വിവിധ കഥാപത്രങ്ങളിലായി പരകായ പ്രവേശനം നടത്തിയിരിക്കുകയാണ് പച്ച മഞ്ഞ ചുവപ്പ് എന്ന നോവലിൽ.
1995 മെയ് 14 ന് തമിഴ്‌നാട്ടിലെ ഡാനിഷ്‌പെട്ട് ലോക്കൂർ സെക്ഷനിൽ നടന്ന ഒരു തീവണ്ടിയപകടത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ വികസിക്കുന്നത്.വർഷങ്ങൾക്ക് ശേഷം കോവിഡ് ലോക്ക് ഡൗൺ കാലത്ത് ജ്വാല അന്ന തോമസ് എന്ന പത്രപ്രവർത്തക തീവണ്ടിയപകടങ്ങളുടെ കരണങ്ങളെക്കുറിച്ചുള്ള ഒരു പത്ര റിപ്പോർട്ട് തയ്യാറാക്കുന്നതിന് പാലക്കാട് അസിസ്റ്റൻറ് ഓപ്പറേഷൻ മനേജർ അരവിന്ദിന്റെ സമീപിക്കുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്.
അവരുടെ അന്വേഷണം അപകടത്തിന് കാരണക്കാരാണെന്ന് കുറ്റം ചാർത്തപ്പെട്ട് സസ്പെന്ഷനിലായതിനെത്തുടർന്ന് ആത്മഹത്യാ ചെയ്ത ഡാനിഷ്‌പെട്ട് സ്റ്റേഷൻ മാസ്റ്റർ രാമചന്ദ്രനിലേക്കും നീളുന്നു.അതിനായി രാമചന്ദ്രന്റെ സുഹൃത്ത് കൂടിയായ റിട്ടയേർഡ് കൺട്രോളർ സുരേഷ് ഉൾപ്പെടെയുള്ളവരുടെ സഹായം തേടുന്നു.
മരണമടഞ്ഞ രാമചന്ദ്രന്റെ ജീവിതത്തിലൂടെ വിവിധതലങ്ങളിലുള്ള തൊഴിലാളികളുടെ ജീവിതവും റെയിൽവേ നേരിടുന്ന വെല്ലുവിളികളും വരച്ചുകാണിക്കുകയാണ് നോവലിലൂടെ.റയിൽവെയുടെ പുരോഗതിക്ക് തടസ്സമായി നിൽക്കുന്ന കാര്യങ്ങളിലേക്കും കടന്നുപോകുന്നുണ്ട്.റെയിൽവേ അപകടങ്ങൾ വെറും അപകടങ്ങളാണോ ബഹുരാഷ്ട്ര കുത്തകൾക്ക് ലാഭമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായ കൂട്ടക്കൊലകളാണോ എന്നും നമുക്ക് സംശയം തോന്നും.റെയിൽവേ കേന്ദ്രീകരിച്ച് നടക്കുന്ന വാൻ അഴിമതികളെയും യാത്രക്കാരുടെ സുറാഖയെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് അഴിമതി വളരുന്നതുമെല്ലാം കഥയുടെ ഒഴുക്കിന് വിഘാതം സൃഷ്ടിക്കാതെ ടി ഡി വരച്ചു കാട്ടുന്നു.
ഒരു കുറ്റാന്വേഷണ കഥ വായിക്കുന്ന ത്രില്ലിൽ ഈ നോവൽ വായിച്ച് പോകാം .നോവലിൽ കൃത്യമായ രാഷ്ട്രീയമുണ്ട്.ട്രേഡ് യൂണിയനുകൾ എങ്ങനെ സ്ഥാപിത താത്പര്യങ്ങൾക്ക് കൂട് നിൽക്കുന്നുവെന്നും നേരെ ചൊവ്വേ കാര്യനഗൽ നീങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കുപോലും എങ്ങനെ നിശ്ശബ്ദരാകേണ്ടിവരുന്നുവെന്നുംനോവൽ ചൂണ്ടിക്കാണിക്കുന്നു.സഖാവ് അനന്തൻ നമ്പ്യാർ രാമചന്ദ്രനെ ഉപദേശിക്കുന്നത് റയിൽവെയുടെ പുരോഗതിക്കു വേണ്ടി നയപരമായ നിർദേശങ്ങൾ നൽകുന്ന റയിൽവെയുടെ ചട്ടുകമാകാതെ അടിത്തട്ടിലുള്ള തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശങ്ങൾ നേടുകയുമാണ് വേണ്ടതെന്നാണ്.രാമചന്ദ്രൻ അതനുസരിച്ച് പ്രവർത്തിക്കുന്നുമുണ്ട്.
ഇത് നോവലിസ്റ്റും എത്തിച്ചേർന്ന നിഗമനമാണോ എന്നറിയില്ല.പക്ഷെ നയപരമായ തീരുമാനങ്ങൾ ഭരണ വർഗ്ഗത്തിന് വിട്ടുകൊടുത്ത് തീർത്തും അവകാശങ്ങൾക്ക് മാത്രമായി ജീവിക്കുകയാണോ തൊഴിലാളിയുടെ കടമ എന്ന സംശയം ഉയർന്നു വരുന്നു. തന്നെ യൂണിയനുകൾ പ്രൊമോഷനും ശമ്പള വർദ്ധനവിനും ഉള്ളതാണെന്നും ശക്തരായിട്ടുള്ള അഴിമതിക്കാരെ വെറുപ്പിക്കാതെ പോകുന്നതാണ് നല്ലതെന്നും ഇടതു യൂനിയൻ നേതാവ് രാമചന്ദ്രനോട് പറയുന്നതായും നോവലിലുണ്ട്.
ടി ഡി രാമകൃഷ്ണനോട് ഭാഷയും കഥപറയാനുള്ള കഴിവും അദ്ദേഹത്തിന്റെ റെയിൽവേ അനുഭവങ്ങളോടൊപ്പം പുവപ്പ് പച്ച മഞ്ഞ ഹൃദ്യമായ ഒരനുഭവമമാക്കിത്തീർക്കുന്നതിൽ സഹായിച്ചിട്ടുണ്ട്.കൊറോണ കാലത്ത് ജീവിതത്തിൽ ശുഭ പ്രതീക്ഷയുണ്ടാകുന്നത് നല്ലതു തന്നെ.പക്ഷെ നോവൽ ശുഭപര്യവസാനിയാക്കി തീർക്കണമെന്ന് നോവലിസ്റ്റിന് നിർബന്ധമുണ്ടായിരുന്നു എന്ന് തോന്നി.അവസാനം എല്ലാം ശുഭം എന്നമട്ടിൽ നോവൽ അവസാനിച്ചു.പക്ഷെ നോവലിൽ വിവരിച്ച വസ്തുക്കളെക്കുറിച്ച് ആലോചിക്കുമ്പോൾ വായനക്കാർക്ക് കാര്യങ്ങളിൽ അത്ര ശുഭ പ്രതീക്ഷ തോന്നുന്നില്ല.