Tuesday, July 1, 2025

എൻജിനീയറിങ് കോളജ് പ്രവേശനത്തിൽ നടത്തുന്ന അനീതിക്ക് പരിഹാരമാകുന്നു.

 അങ്ങനെ കേരള സ്റ്റേറ്റ് സിലബസ് പഠിക്കുന്നവർക്ക് നേരെ എൻജിനീയറിങ് കോളജ് പ്രവേശനത്തിൽ നടത്തുന്ന അനീതിക്ക് പരിഹാരമാകുന്നു.നിലവിൽ എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ( keam) ലഭിക്കുന്ന മാർക്കിനോടൊപ്പം പ്ലസ് ടു പരീക്ഷയിൽ മാത്തമാറ്റിക്സ്,ഫിസിക്സ്,കെമിസ്ട്രി എന്നിവക്ക് ലഭിക്കുന്ന മാർക്ക് കൂടി കൂട്ടിയാണ് എൻജിനീയറിങ് പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം സ്റ്റേറ്റ് സിലബസ്കാർക്ക് പരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിക്കുന്നു എന്നാരോപിച്ച് സിബിഎസ്‌സി തുടങ്ങിയ സിലബസിൽ പഠിച്ചവർക്ക് 13 മാർക്ക് മോഡറേഷൻ നൽകി റാങ്ക് ലിസ്റ്റ് തയാറാക്കാൻ തീരുമാനിച്ചു.ഫലം,സ്റ്റേറ്റ് സിലബസ് വിദ്യാർഥിയുടെ മാർക്കിനെക്കാൽ 13 മാർക്ക് അധികം ദാനം കിട്ടുന്ന സി ബി എസ് സി വിദ്യാർഥി റാങ്ക് ലിസ്റ്റിൽ മുമ്പിലെത്തി തിരുവനന്തപുരം എൻജിനിയറിംഗ് കോളജ് പോലെയുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ കരസ്ഥമാക്കുന്നു.


ഈ വർഷം ഈ സ്ഥിതിക്ക് മാറ്റം വരുത്താൻ തീരുമാനിച്ചിരിക്കുകയാണ്.എൻട്രൻസ് 300 മാർക്കിനും മാത്തമാറ്റിക്സ്,ഫിസിക്സ്,കെമിസ്ട്രി വിഷയങ്ങളിലെ മാർക്കുകൾ(5:3:2 അനുപാതത്തിൽ) കണക്കിലെടുത്ത് 300 മാർക്കിന് കണക്കാക്കി ആകെ 600 മാർക്കിനാണ് റാങ്ക് ലിസ്റ്റ് ഇടുന്നത്.കേരള, സിബിഎസ്‌സി മാർക്കുകൾ തുല്യമല്ല എന്ന പരാതി പരിഹരിക്കാൻ ഇപ്പൊൾ യുജിസി നെറ്റ് പരീക്ഷയിൽ ഒക്കെ ചെയ്യുന്നത് പോലെ മാർക്കുകൾ പെർസെൻറ്റിൽ ആയി കണക്കാക്കാൻ തീരുമാനിച്ചു.അതായത് 100 മാർക്കുള്ള കണക്ക് പരീക്ഷക്ക് ഏറ്റവും ഉയർന്ന മാർക്ക്  98 ആണെന്ന് ഇരിക്കട്ടെ.98 മാർക്ക് ലഭിച്ച വിദ്യാർഥിക്ക് ലഭിക്കുന്നത് 100 പെർസെൻ്റിൽ ആയിരിക്കും.ഇപ്രകാരം വിവിധ ബോർഡുകളുടെ മാർക്ക് സമീകരിക്കും.തമിഴ്നാട്ടിൽ ഈ രീതിയാണ് തുടർന്ന് വരുന്നത്.


എന്തായാലും കേരള സ്റ്റേറ്റ് സിലബസ് വിദ്യാർഥികളോട് കാണിച്ച വലിയ ഒരനീതിക്ക് പരിഹാരമായി എന്നതിൽ സന്തോഷിക്കാം.

No comments:

Post a Comment