Monday, August 6, 2018

കടയാറ്റ് ഉണ്ണിത്താൻ


പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധമാന്ത്രികനായിരുന്നു കടയാറ്റ് ഉണ്ണിത്താൻ .ഇദ്ദേഹത്തിന്റെ പേര് അറിവായിട്ടില്ല.

വേണാട്ട് രാജാക്കന്മാർ നായർ ഭൂ പ്രഭുക്കൾക്ക് നൽകിയ സ്ഥാനപ്പേരാണ് ഉണ്ണിത്താൻ.ഇവർക്ക് മാടമ്പി സ്ഥാനവുമുണ്ടായിരുന്നു. സിവിലായും ക്രിമിനലായുമുള്ള പരാതികൾക്ക് തീർപ്പ് കൽപ്പിക്കാനും ശിക്ഷ വിധിക്കാനുമുള്ള അധികാരമുള്ളവരാണ് മാടമ്പിമാർ. തറവാട്ടിനോട് ചേർന്ന് ക്ഷേത്രമുണ്ടെങ്കിൽ തറവാട്ടു കാരണവരെ വലിയ പോറ്റി എന്നും വിളിക്കാറുണ്ട്. മാന്ത്രികനായ കട കടയാറ്റുണ്ണിത്താൻ കടയാറ്റ് മാടമ്പി എന്നും കടയാറ്റ് വലിയ പോറ്റി എന്നും അറിയപ്പെട്ടിരുന്നു.

 കൊല്ലം ജില്ലയിലെ കുണ്ടറക്കടുത്ത് മുളവനയിലാണ് കടയാറ്റുകുടുംബം.കടയാറ്റ് തറവാട് വീട് ഇപ്പോഴുമുണ്ട്.
ഈ തറവാടിന്റെ കാരണവരായിരുന്നു മന്ത്രികനായ കടയാറ്റുണ്ണിത്താൻ.
തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുന്നാൾ ബാലരാമവർമ്മയുടെ കാലത്താണ് മഹാ മാന്ത്രികനായ കടയാറ്റുണ്ണിത്താൻ ജീവിച്ചിരുന്നത്. മഹാരാജാവുമായും ദളവയായിരുന്ന വേലുത്തമ്പി ദളവയുമായും ഇദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു.

ആയിരത്തി എണ്ണൂറ്റി എട്ട് ഡിസംബറിൽ വേലുത്തമ്പി ദളവ കൊച്ചിയിലെ പ്രധാനമന്ത്രിയായിരുന്ന പാലിയത്ത് അച്ചന്റെയും വൈക്കം പത്മനാഭപിള്ള, കുഞ്ചക്കുട്ടി പിള്ള എന്നിവരുടെ സഹായത്തോടെ കൊച്ചി ബോൾഗാട്ടി പാലസ്സിൽ താമസിച്ചിരുന്ന ബ്രിട്ടീഷ് റസിഡന്റ് രക്ഷപെട്ട് കൊല്ലത്തെത്തി.വേലുത്തമ്പി ദളവയുടെ നായർ പട ആയിരത്തി എണ്ണൂറ്റി ഒമ്പത് ജനുവരി മാസം കൊല്ലത്തേക്ക് നീങ്ങി. ആയിരത്തി എണ്ണൂറ്റി ഒമ്പത് ജനുവരി 15ന് കൊല്ലത്തിന് സമീപത്തുള്ള കുണ്ടറയിൽ വച്ച് നടത്തിയ  കുണ്ടറ വിളംബരം വഴി പൊതു ജനങ്ങളെ ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ ആഹ്വാനം ചെയ്തു.

അപ്പോഴേക്കും കൂടുതൽ ബ്രിട്ടീഷ് സൈന്യം എത്തി പാളയംകോട്ടയും പത്മനാഭപുരവും ഉദയഗിരി കോട്ടയും കീഴടക്കുകയും തിരുവനന്തപുരത്തേക്ക് മുന്നേറുകയും ചെയ്തിരുന്നു.
ഉമ്മിണിത്തമ്പിയുടെ സ്വാധീനത്തിൽ പെട്ട മഹാരാജാവ് വേലുത്തമ്പിയെ ശത്രുവായി പ്രഖ്യാപിച്ചു.

തിരുവനന്തപുരത്തായിരുന്ന വേലുത്തമ്പി ദളവ കിളിമാനൂർ കൊട്ടാരത്തിലെത്തി. അപ്പോഴേക്കും കൊല്ലത്ത് ക്യാമ്പുചെയ്തിരുന്ന നായർ പട രാജാവിന്റെ നിർദ്ദേശ പ്രകാരം പിരിഞ്ഞു പോയിരുന്നു.അവിടെ നിന്ന് കടയാറ്റ് തറവാട്ടിലെത്തി. കടയാറ്റുണ്ണിത്താന്റെ മാന്ത്രിക പ്രവർത്തി തനിക്ക് ബ്രിട്ടീഷുകാരെ നേരിടാൻ സഹായകമാകുമെന്ന് ദളവ പ്രതീക്ഷിച്ചിരുന്നു. അതായിരുന്നു അവസാന ആശ്രയവും. തന്റെ നിസ്സഹായത വേലുത്തമ്പിയോട് തുറന്നു പറയാനുള്ള മടി കൊണ്ട് ഉണ്ണിത്താൻ പടിപ്പുര മാളിക തുറന്ന് പുറത്തിറങ്ങിയില്ല. വേലുത്തമ്പി ഒരു ദിവസം മുഴുവൻ കാത്തിരുന്നു. തന്നെ കണ്ടേ വേലുത്തമ്പി ദളവ പോകൂ എന്ന് തിരിച്ചറിഞ്ഞ കടയാറ്റുണ്ണിത്താൻ തന്റെ മാന്ത്രിക ഗ്രന്ഥങ്ങൾക്ക് തീ കൊളുത്തി പടിപ്പുര മാളികയോടൊപ്പം വെന്തു ചാമ്പലായി.

പ്രത്യാശ നശിച്ച വേലുത്തമ്പി ദളവ ഉടവാൾ കടയാറ്റ് തറവാട്ടിലേൽപ്പിച്ചിട്ട് മണ്ണടിയിലേക്ക് പോയി.18O9 മാർച്ച് 29 സ്വന്തം അനുജന്റെ വാൾ മാറിൽ കുത്തിയിറക്കി വേലുത്തമ്പി ദളവ വീര മരണം പ്രാപിച്ചു.

ഈ കഥയിൽ എത്രത്തോളം ചരിത്രമുണ്ടെന്നറിയില്ല.എന്റെ കുട്ടിക്കാലം മുതൽ കേട്ടു വരുന്ന കഥയാണിത്.ഇതേ കഥ പ്രസിദ്ധ മജീഷ്യൻ ഗോപിനാഥ് മുതുകാട് മാജിക്കായി അവതരിപ്പിച്ചിട്ടുണ്ട്.

No comments:

Post a Comment