Friday, April 17, 2020

എർവിൻ ഷ്രോഡിങ്ങർ തരംഗങ്ങൾ സൃഷ്ടിച്ച മനുഷ്യൻ

ശാസ്ത്രജ്ഞന്മാരുടെ ജീവിതമെങ്ങനെയായിരിക്കും?ഇരുപത്തിനാല് മണിക്കൂറും പരീക്ഷണ ശാലകളിൽ കഴിയുന്ന മുരടന്മാരായ അരസികന്മാരായാണ് നമ്മൾ അവരെക്കാണുന്നത്.അതുകൊണ്ടുതന്നെ അവരെക്കുറിച്ചുള്ള പുസ്തകങ്ങൾ ഒന്നും നാം വായിക്കാറുമില്ല.വിക്രം സാരാഭായ് ഒന്നാംതരമായി വീണ വായിക്കുമായിരുന്നെന്നും ഐൻസ്റ്റീനും ഹോമി ജഹാംഗീർ ഭാഭയുമൊക്കെ നല്ല കലാകാരന്മാരായിരുന്നെന്നും എത്രപേർക്കറിയാം?
ശാസ്ത്രത്തോടുള്ള മുൻവിധി മാറുന്നതിന് ശാസ്ത്രജ്ഞന്മാരെക്കുറിച്ച് നാം കൂടുതൽ അറിയേണ്ടതായിട്ടുണ്ട്.അതിനാൽത്തന്നെ ശാസ്ത്രജ്ഞന്മാരുടെ ജീവ ചരിത്രവും മലയാളത്തിലേക്ക് കൂടുതലായി വരേണ്ടതുണ്ട്.
രണ്ടാം  ലോക മഹായുദ്ധ കാലത്ത് അണുബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട  ശാസ്ത്രജ്ഞന്മാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് റോബർട്ട് ജംഗ്  എഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷ ദിവ്യസൂര്യ സഹ്രസ്യസ എന്ന പേരിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി.അതിനു ശേഷം ശാസ്ത്രജ്ഞന്മാരെക്കുറിച്ച് രസകരമായ പുസ്തകങ്ങൾ അധികം മലയാളത്തിൽ വന്നിട്ടില്ല.
ജോർജ് വർഗീസ് എഴുതിയ എർവിൻ ഷ്രോഡിങ്ങർ തരംഗങ്ങൾ സൃഷ്ടിച്ച മനുഷ്യൻ എന്ന പുസ്തകം കണ്ടപ്പോൾ പെട്ടെന്ന് ദിവി സൂര്യ സഹ്രസ്യയാണ് ഓർമ്മ വന്നത്.അതിൽ പ്രതിപാദിച്ചിരിക്കുന്ന ശാസ്ത്രജ്ഞന്മാരുടെ സമകാലികനും സുഹൃത്തുമൊക്കെയായിരുന്നല്ലോ ഷ്രോഡിങ്ങർ.ഗ്രന്ഥകർത്താവായ ജോർജ് വർഗീസ് ഭൗതിക ശാസ്ത്ര പ്രൊഫെസ്സറായത് മൂലം ക്വാണ്ടം സിദ്ധാന്തത്തെയും അതിനെത്തുടർന്ന് ഭൗതിക ശാസ്ത്രത്തിലുണ്ടായ ഭൂമികുലുക്കത്തേയും വിശദമായി പ്രതിപാദിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഷ്രോഡിങ്ങറിന്റെ ജീവിത കഥ രസകരമായി ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി ഭൗഅതികാ ശാസ്ത്രത്തിൽ പൊളിച്ചെഴുത്തിന്റെ കാലമായിരുന്നു.ക്വാണ്ടം ഭൗതികവും റിലേറ്റിവിറ്റി തിയറിയും ആധിപത്യം സ്ഥാപിച്ച് തുടങ്ങിയിരുന്നു.യൂറോപ്പിലാകെ ഭൗതിക ശാസ്ത്രത്തിൽ ഉണർവുണ്ടായി.ലോകത്തെ മികച്ച തലച്ചോറുകൾ ഭൗതിക ശാസ്ത്രത്തിലേക്ക് ആകർഷിക്കപ്പെട്ടു.
വിയന്നയിൽ ജനിച്ച ഷ്രോഡിഗർ വിയന്നയിലെ ഫിസിക്സ് ഇൻസ്റ്റിട്യൂട്ടിലാണ് ആദ്യമായി നിയമിതനാകുന്നത്.പിന്നീട്‌ സൂറിച്ചിലേക്കും തിരികെ ബർലിനിലേക്കുമെല്ലാം എത്തിയെങ്കിലും നാസികളുമായുള്ള സ്വരച്ചേർച്ചയില്ലായ്മ കാരണം ഡബ്ലിനിൽ ജോളി സ്വീകരിക്കുകയായിരുന്നു.ഇതിനിടെ ഭൗതിക ശാസ്ത്രത്തിലെ നോബൽ പ്രൈസും ലഭിച്ചു.രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം തിരികെ വിയന്നയിലെത്തിയ ഷ്രോഡിങ്ങർ അവിടെത്തന്നെയാണ് മരിച്ചതും.
ഷ്രോഡിംഗറിന്റെ ജീവിതം രസകരമായി പറഞ്ഞു പോകുന്നതിനിടയിൽ ജോർജ് വർഗീസ് പലപ്പോഴും തന്റെ ഇഷ്ട വിഷയമായ സൈദ്ധാന്തിക ഭൗതികത്തിലേക്കും മറ്റു ശാസ്ത്രജ്ഞന്മാരിലേക്കും അവരുടെ പരീക്ഷണങ്ങളിലേക്കുമെല്ലാം തിരിഞ്ഞു പോകുന്നുണ്ട്.വിജ്ഞാന പ്രദമാണെങ്കിലും പുസ്‌കത്തിന്റെ ഏകാഗ്രത പലപ്പോഴും നഷ്ടപ്പെടാൻ ഇതിടയാക്കുന്നു.ഐൻസ്റ്റീനും നീൽസ് ബോറും തമ്മിലുള്ള സൈദ്ധാന്തിക ഗ്രൂപ്പിസവും ഷ്രോഡിങ്ങർ ഐൻസ്റ്റീന്റെ ഭാഗത്തും ഹൈസൻബെർഗ് ബോറിന്റെ ഭാഗത്തും നിന്നും നടത്തിയ സൈദ്ധാന്തിക യുദ്ധങ്ങളെപ്പറ്റിയും പ്രദിപാദിച്ചിട്ടുള്ളത് പുതിയ അറിവ് നൽകുന്നു.വലിയ ശാസ്ത്രഞ്ജന്മാരാണെങ്കിലും അവരെല്ലാം നമ്മെപ്പോലെ സാധാരണ മനുഷ്യരുടെ ദൗർബല്യങ്ങളുമുള്ളവരാണെന്ന അറിവ് രസകരമായിത്തോന്നി.
ഡി സി ബുക്ക്സ് പുറത്തിറക്കിയിട്ടുള്ള ഈ പുസ്തകം വളരെ രസകരമായി വായിച്ച് പോകാവുന്ന ഒന്നാണ്.ശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രകാരന്മാരെക്കുറിച്ചും മലയാളത്തിൽ പുസ്തകങ്ങൾ ഉണ്ടാകുന്നത് ഒരു ശാസ്ത്ര സംസ്കാരം കേരളത്തിൽ വളർത്തിയെടുക്കുന്നതിന് ഉപകരിക്കും.

No comments:

Post a Comment