Thursday, February 16, 2023

മഹാവീര്യർ :സിനിമയും കേരളവും

 വീണ്ടും ഒരു സിനിമയെപ്പറ്റിയാണ് എഴുതുന്നത്. അടുത്തിട ഒ ടി ടി യിൽ വന്ന മഹാവീര്യർ എന്ന സിനിമ കണ്ടു.ആധുനിക കാലത്തെ കോടതിയിലേക്ക് പഴയകാലത്തെ രാജാവും പരിവാരങ്ങളും ഒരു കേസുമായി വരുന്നതാണ് കഥ. ആധുനിക കോടതിയ്യാണെങ്കിലും പ്രതികൂട്ടിൽ സിംഹാസനം ഇട്ടിരിക്കാനുള്ള അവകാശമൊക്കെ രാജാവിന് ലഭിക്കുന്നുണ്ട്. രാജാവിന്റെ എക്കിൾ മാറ്റാൻ ഒരുപെൺകുട്ടിയുടെ കണ്ണീർ കുടിച്ചാൽ മതിയെന്ന് സ്വപ്നത്തിൽ കണ്ടത്രേ. എത്രയൊക്കെ ശരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടും പെൺകുട്ടി കണ്ണീർ നൽകുന്നില്ല. പീഡനത്തിനെതിരെ പരാതി നൽകിയ പെൺകുട്ടിയെ വിവിധ വക്കീലന്മാർ വിസ്‌തരിക്കുന്നു. അതിനു ശേഷം കോടതി വിധിക്കുന്നത് ഭരണാധികാരിയുടെ എക്കിൾ മാറേണ്ടത് രാജ്യനന്മക്ക് ആവശ്യമാണെന്നും അതിനായി അൽപ്പം കണ്ണീർ നൽകണമെന്നുമാണ്. കോടതിയുടെ നേതൃത്വത്തിൽ കണ്ണീർ ലഭിക്കുന്നതിനായി പെൺകുട്ടിയെ പലവിധത്തിൽ പീഡിപ്പിക്കുന്നു. എന്നിട്ടും കണ്ണീർ വരുന്നില്ല. നിരാശരായി നിൽക്കുമ്പോൾ ഒരാൾ പെൺകുട്ടിയെ തൂവൽ കൊണ്ട് തഴുകി സന്തോഷിപ്പിച്ചു ആനന്ദക്കണ്ണീർ വരുത്തി അത് രാജാവിന് കൊടുക്കുന്നു. അതുകുടിച്ച രാജാവിന് എക്കിൾ മാറുന്നു. പ്രജകളെ കണ്ണീരിനായി പീഡിപ്പിക്കണമെന്നില്ലെന്നും സന്തോഷിപ്പിച്ചാലും മതി എന്നും ഒരു സന്ദേശം ഇതിലുണ്ട്. ഭരണാധികാരി രാജ്യത്തിന്റെയും വികസനത്തിന്റെയും പ്രതീകമാവുകയും ഭരണാധികാരിയുടെ സുഖവും സന്തോഷവും ഉറപ്പുവരുത്തുക പ്രജകളുടെ മുഖ്യ ലക്ഷ്യം ആവുകയും ചെയ്യുന്ന അവസ്ഥ സിനിമ ചൂണ്ടിക്കാണിക്കുന്നു. സിനിമയിലെ കഥാപാത്രമായ ബിജുക്കുട്ടൻ പറയുന്നതുപോലെ രാജാവിന്റെ എക്കിൾ മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ നമ്മളൊക്കെ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം.

എന്നെ അത്ഭുതപ്പെടുത്തിയത് ഈ സിനിമയുടെ കഥ എഴുതിയത് പ്രശസ്ത സാഹിത്യകാരനായ എം മുകുന്ദനാണെന്നതാണ്. സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്ന കാലത്തെ എം മുകുന്ദന്റെ പല വാക്കുകളും പ്രവർത്തികളും കണ്ടാൽ ഇങ്ങനെയൊക്കയുള്ള ആശയങ്ങളുള്ള മനുഷ്യനാണെന്ന് പറയുകയേ ഇല്ല. ഒരു പഴംചൊല്ലുണ്ട്.ആനപ്പുറത്തിരിക്കുമ്പോൾ പട്ടിയെ പേടിക്കണ്ടെന്ന്. ആനപ്പുറത്തുനിന്നിറങ്ങി ചുറ്റും നിൽക്കുന്ന പട്ടികളെ കണ്ടപ്പോൾ മുകുന്ദന് പഴയ ആദർശമൊക്കെ വീണ്ടും ഓർമ്മവന്നതുമാകാം. നമ്മുടെ സൈബർ പോരാളികൾക്കും ഭരണക്കാർക്കുമൊക്കെ ഇത് കണ്ട് മനസിലാക്കാനുള്ള ബുദ്ധിയില്ലാത്തത് അങ്ങയുടെ ഭാഗ്യം.

നല്ല രീതിയിൽ സംവിധാനം ചെയ്ത സിനിമയിൽ എല്ലാവരും നന്നായി.പ്രത്യേകിച്ചും സിദ്ദിഖ് അവതരിപ്പിച്ച ജഡ്ജി.

No comments:

Post a Comment