Friday, February 10, 2023

എം എസ് വലിയത്താൻ :മയൂരശിഖ-ജീവിതം അനുഭവം അറിവ്

 കേരളത്തിന്റെ ശാസ്ത്ര ചരിത്രത്തിൽ അവിസ്മരണീയനായ വ്യക്തിയാണ് എം എസ് വലിയത്താൻ. ശ്രീചിത്ര സെന്റർ ഫോർ മെഡിക്കൽ സയൻസ് എന്ന ചികിത്സാ ഗവേഷണ സ്ഥാപനം കേരളത്തിൽ തുടക്കം കുറിച്ചു എന്ന് മാത്രമല്ല ശ്രീചിത്ര ഹാർട്ട്‌ വാൽവ് എന്ന അന്താരാഷ്ട്ര പ്രശസ്തമായ ഹൃദയ


വാൽവ് കേരളത്തിൽ വികസിപ്പിച്ചെടുത്തു എന്നതും വലിയത്താന്റെ സംഭാവനയാണ്.ഇന്ത്യയിൽ ആദ്യമായാണ് മെഡിക്കൽ രംഗത്ത് ഗവേഷണം നടത്തുന്നതെന്നതും ഓർമ്മിക്കേണ്ടതാണ്.

എം എസ് വലിയത്താനെക്കുറിച്ചുള്ള ഒരുപുസ്തകം ഇന്ത്യയിൽത്തന്നെ ആദ്യമായാണ്. അദ്ദേഹം ആത്മകഥ എഴുതിയിട്ടില്ല. പലപ്പോഴായി എഴുതിയ ലേഖനങ്ങളും വി ഡി സെൽവരാജ് നടത്തിയ അഭിമുഖവുമാണ് ഈ പുസ്തകത്തിലുള്ളത്. ചിന്താ പബ്ലിക്കേഷൻ ആണ് ഇത് പുറത്തിറക്കിയിട്ടുള്ളത്.

വായന, എഴുത്ത് പ്രാചീന ഭാരത ശാസ്ത്ര ചരിത്രം, തിരുവിതാംകൂറിലെ വൈദ്യശാസ്ത്ര ചരിത്രം, രോഗങ്ങളുടെ ചരിത്രം, ശ്രീചിത്ര വാൽവ്,വലിയത്താന്റെ സ്മരണകൾ എന്നിവയെ ആസ്പദമാക്കിയുള്ള ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. തുടർന്ന് വലിയത്താനുമായി നടത്തിയ സുദീർഘമായ ഒരഭിമുഖ സംഭാഷണവുമുണ്ട്. പുസ്തകത്തിന്റെ അവസാനം വലിയത്താന്റെ ജീവ രേഖ ചേർത്തിട്ടുണ്ട്. ഇത് തുടക്കത്തിലായിരുന്നെങ്കിൽ പുസ്തകം കൂടുതൽ പാരായണയോഗ്യമായേനെ.

ശ്രീചിത്ര സെന്റർ ആരംഭിക്കുന്നതിന്  തുടക്കം കുറിച്ച കൂടിക്കാഴ്ചയെക്കുറിച്ച് വലിയത്താൻ അനുസ്മരിക്കുന്നുണ്ട്.

മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ മുൻകൈ എടുത്താണ് വലിയത്താനെ ശ്രീ ചിത്രയുടെ ചുമതല ഏൽപ്പിക്കുന്നത്. അന്ന് അദ്ദേഹം ഹൃദയ ശസ്ത്രക്രിയയിൽ യു എസ് എയിൽ ഡോ. ജോർജ് ഗിബ്ബന്റെകീഴിൽ പരിശീലനം പൂർത്തിയാക്കി മദ്രാസ് ഐ ഐ റ്റിയിൽ പ്രൊഫസർ ആയും റെയിൽവേ ആശുപത്രിയിൽ സർജനുമായും ജോലി ചെയ്യുമായിരുന്നു.

ഹൃദയചികിത്സക്കായി ശ്രീ ചിത്ര സെന്ററിന്റെ പണി തീർന്ന് കിടക്കുകയായിരുന്നു.പക്ഷേ ആശുപത്രി ആരംഭിക്കാൻ കഴിഞ്ഞില്ല. ആദ്യ കൂടിക്കാഴ്ചക്കായി മുഖ്യമന്ത്രി അച്യുതമേനോന് മുമ്പിലെത്തിയ വലിയത്താൻ മൂന്ന് നിർദേശങ്ങൾ മുന്നോട്ട് വച്ചു.നിലവിലുള്ള ഫണ്ട്‌ അപര്യാപ്‍തമാണെന്നും അത് കൂടാനാമെന്നുമായിരുന്നു ആദ്യ നിർദേശം. ആശുപത്രിക്ക് സ്വയം ഭരണാവകാശം വേണമെന്നും ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ ഡോക്ടർമാരെയും ഗവേഷകരെയും നിയമിക്കാൻ സ്വാതന്ത്ര്യം വേണമെന്നും അങ്ങനെയുള്ളവരെ ആകർഷിക്കാൻ തക്ക ശമ്പള സ്കെയിലുകൾ ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നുമായിരുന്നു മറ്റുരണ്ട് ആവശ്യങ്ങൾ. ആവശ്യമായ ഫണ്ട്‌ ഉണ്ടാകുമെന്നും സ്വയംഭരണാവകാശം ഉണ്ടാകുമെന്നുമുള്ള തീരുമാനങ്ങൾ അച്യുതമേനോൻ ഉടൻതന്നെ കൈകൊണ്ടു. ഹൃദയശസ്ത്രക്രിയാ രംഗത്തും ഗവേഷണ രംഗത്തും ലോക നിലവാരം പുലർത്തുന്ന ഗവേഷണ സ്ഥാപനം കേരളത്തിൽ ഉയർന്നു വരികയും ചെയ്തു. എന്നാൽ അച്യുതമേനോൻ സ്ഥാനമൊഴിഞ്ഞതിന് ശേഷം ഫണ്ട്‌ നൽകുന്നതിൽ കേരള സർക്കാർ വീണ്ടും അമാന്തം കാണിച്ചു. അപ്പോഴേക്കും കേന്ദ്ര ഗവർമെന്റ് സ്ഥാപനം ഏറ്റെടുത്തു.

സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ പ്രതിരോധ വാക്‌സിനുകൾ വികസിപ്പിക്കുന്നതിന് ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള ലേഖനമാണ് ശ്രദ്ധേയമായ ഒന്ന്. പുരാതന കാലം മുതൽ ഇന്ത്യ കൈവരിച്ച ശാസ്ത്രീയ നേട്ടങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ചരക, ശുശ്രുത സംഹിതകൾ പഠിക്കുന്നതിലേക്ക് തന്നെ നയിച്ചതെന്ന് അദ്ദേഹം പറയുന്നുണ്ട്. പഴയ ശാസ്ത്ര നേട്ടങ്ങൾ തുടരാൻ ഇന്ത്യക്ക് കഴിയാതെപോയതെന്താണെന്നും ആദ്ദേഹം അന്വേഷിക്കുന്നുണ്ട്.

ബാല്യകാലത്തേക്കുറിച്ചും, മെഡിക്കൽ പഠനത്തേക്കുറിച്ചും, വിദേശത്തെ ഗവേഷപ്രവർത്തനങ്ങളെക്കുറിച്ചും ചെറിയ ലേഖനങ്ങളിലൂടെയും പരാമർശങ്ങളിലൂടെയും വലിയത്താൻ വ്യക്തമാക്കുന്നുണ്ട്. ഇത് വായിക്കുമ്പോൾ ഒരു ആത്മകഥ അദ്ദേഹം എഴുതിയിരുന്നു എങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു.വരും തലമുറക്ക് അതൊരു പ്രചോദനമായിരിക്കും.

No comments:

Post a Comment