Tuesday, September 24, 2024

പുതിയ ശ്രീലങ്കൻ പ്രസിഡൻ്റ് ഇന്ത്യയെ അനുകൂലിക്കുമോ?

 ശ്രീലങ്കയിൽ നടന്ന തെരഞ്ഞെടുപ്പിൽ അനുരകുമാരഡിസനായകെ അധികാരത്തിലെത്തിയിരിക്കുകയാണ് 2022 ൽ നടന്ന  ജനകീയപ്രക്ഷോഭത്തിൽ പ്രസിഡൻറ് ഗോതബായ രാജപക്‌സെ പുറത്തായ ശേഷം റനിൽ വിക്രമസിംഗെ ആയിരുന്നു അവിടെ പ്രസിഡണ്ടായി ചുമതല ഏറ്റത്.2019 ലെ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ 3% വോട്ട് മാത്രം നേടിയ അനുര കുമാര ഡിസനായകെയാണ് ഇപ്പോൾ ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തിയത്. ജനത വിമുക്തി പെരുമുനയും ചില ചെറിയ പാർട്ടികളും ചേർന്നുള്ള എൻപിപി മുന്നണിയുടെ സ്ഥാനാർത്ഥിയായാണ് അനുര കുമാര ദിസനായകെ രണ്ടാം തവണയും മത്സരിച്ചത്.

നിലവിലെ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ , നിലവിലെ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ ,ദിസനായകെ എന്നിവർ തമ്മിൽ ത്രികോണ മത്സരമായിരുന്നു നടന്നത്. സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 50 ശതമാനം വോട്ട് വേണമായിരുന്നു.ദിസനായകെ 42.31% വോട്ടുകൾ നേടി.പ്രേമദാസയ്ക്ക് 32.76% വോട്ട് ലഭിച്ചു.നിലവിലെ പ്രസിഡൻ്റ് വിക്രമസിംഗെ 17.27% വോട്ട് മാത്രം നേടി മൂന്നാം സ്ഥാനത്തെത്തി.ഒരു വോട്ടർക്ക് മുൻഗണന ക്രമത്തിൽ മൂന്ന് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാമായിരുന്നു. ആർക്കും ആദ്യ റൗണ്ടിൽ 50 ശതമാനം വോട്ട് നേടാൻ കഴിയാഞ്ഞതിനാൽ ആദ്യ രണ്ട് സ്ഥാനാർത്ഥികൾ ഒഴികെയുള്ള വർക്ക് ലഭിച്ച രണ്ടാം പ്രിഫറൻസ് വോട്ട് കൂടി എണ്ണി.രണ്ടാം റൗണ്ടിൽ 55.89% വോട്ട് നേടി ദിസനായകെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. 

അനുരകുമാരഡിസനായകെയുടെ 

ജനത വിമുക്തി പെരുമുന അഥവാ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് 

 മുമ്പ് ഒരു വിപ്ലവ പ്രസ്ഥാനമായിരുന്നു. മാർക്സിസം അടിസ്ഥാന പ്രമാണമായി അംഗീകരിച്ച ജനത വിമുക്തി പെരുമന സിംഹള ദേശീയതയിൽ വിശ്വസിച്ച് പ്രവർത്തിച്ച ഒരു പാർട്ടിയാണ്. ഇവർ ശ്രീലങ്കൻ സർക്കാരിനെതിരായി 1971 ലും 1987 ലും സായുധ പ്രക്ഷോഭണങ്ങളിൽ ഏർപ്പെട്ടിരുന്നു .രണ്ടു വിപ്ലവവും പരാജയപ്പെട്ടു.


ശ്രീലങ്കയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പാർട്ടി 1935 ൽ സ്ഥാപിതമായ ലങ്ക സമ സമാജ പാർട്ടി (LSSP)യായിരുന്നു.രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് 1943ൽ ലങ്ക സമ സമാജ പാർട്ടിയിൽ നിന്ന് വേർപിരിഞ്ഞവർ  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ശ്രീലങ്ക (CPSL) ക്ക്  രൂപം കൊടുത്തു. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി വീണ്ടും വിഘടിച്ച്  മഹാജന എക്സാത് പെരമുന (MEP) യും ചൈനയെ പിന്തുണയ്ക്കുന്ന ഇടതുപക്ഷവും രൂപംകൊണ്ടു. മറ്റു പാർട്ടികൾ ഒന്നും മാർക്സിസത്തോട് നീതിപുലർത്തുന്നില്ല എന്ന് അവകാശപ്പെട്ടു കൊണ്ട് 1965 ൽ  മധ്യത്തിൽ രോഹന വിജയവീരയുടെ നേതൃത്വത്തിൽ ഒരു പുതിയ പാർട്ടിയായി ജനത വിമുക്തി പെരുമുന(ജെവിപി)രൂപം കൊണ്ടു.


മറ്റ് ഇടതുപക്ഷ സംഘടനകളുടെ രാഷ്ട്രീയത്തിൽ നിരാശരായവർക്ക് ഒരു ബദൽ വാഗ്ദാനം ചെയ്തുകൊണ്ട് ജെവിപി 1971 ൽ ഒരു രാഷ്ട്രീയ സംഘടനയായി മാറി.1971 ഏപ്രിലിൽ ബണ്ഡാരനായകെ സർക്കാരിനെതിരെ കലാപം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. കലാപത്തിൽ ഏകദേശം 5,000 പേർ കൊല്ലപ്പെട്ടു. 

കലാപത്തെ  തുടർന്ന് തടങ്കലിൽ ആയ വിജേവീരയ്ക്ക് ഇരുപത് വർഷത്തെ തടവ് ശിക്ഷ ലഭിച്ചു.


1987 ൽ സമാധാന ഉടമ്പടിയുടെ ഭാഗമായി ഇന്ത്യൻ സേന ശ്രീലങ്കയിൽ എത്തിയപ്പോൾ അതിനെതിരെ ജെവിപി കലാപം നടത്തി. മൂന്നുവർഷത്തോളം രാജ്യത്ത് ഹർത്താലും പണിമുടക്കം നടത്താൻ ജെവിപിക്ക് കഴിഞ്ഞു.

1989 നവംബറിൽ കൊളംബോയിൽ വച്ച് സർക്കാർ സൈന്യം വിജേവീരയെയും അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടിയെയും പിടികൂടി വധിച്ചു.1990 ൻ്റെ തുടക്കത്തോടെ അവർ ബാക്കിയുള്ള ജെവിപി പൊളിറ്റ് ബ്യൂറോ അംഗങ്ങളെ കൊല്ലുകയോ തടവിലാക്കുകയോ ചെയ്തു, ജെവിപി അംഗങ്ങളെന്ന് സംശയിക്കുന്ന 7,000 പേരെ തടവിലാക്കി. അവശേഷിച്ച ഏക പോളിറ്റ് ബ്യൂറോ അംഗമായ സോമവൻസ അമരസിംഗ  ജെവിപിയെ പരിഷ്കരിച്ച് ജനാധിപത്യ പാർട്ടി ആക്കി മാറ്റി.കാർഷിക സോഷ്യലിസം , ഡെമോക്രാറ്റിക് സോഷ്യലിസം , വിപ്ലവ സോഷ്യലിസം എന്നിങ്ങനെയുള്ള ആശയങ്ങളിൽ വിശ്വസിക്കുന്ന വിവിധ ഇടതുപക്ഷ ഗ്രൂപ്പുകളെ ചേർത്ത് നാഷണൽ പീപ്പിൾസ് പവർ(എൻപിപി) രൂപീകരിച്ചാണ് 2015 മുതൽ ജെ വി പി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 


ജെവിപിയുടെ പുതിയ ആശയഗതികളിൽ പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. 2012 ഏപ്രിലിൽ  പാർട്ടിക്കുള്ളിൽ തീവ്ര സോഷ്യലിസ്റ്റ് ആയ  പ്രേമകുമാർ ഗുണരത്‌നവും  സോമവംശ അമരസിംഗയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായി. പാർട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളും ഗുണരത്നത്തിന് പിന്തുണ നൽകി.വനിതാ വിഭാഗവും ഭൂരിപക്ഷം വിദ്യാർത്ഥികളും യുവജനങ്ങളും ഗുണരത്നത്തിന് പിന്തുണ പ്രഖ്യാപിച്ചു. പാർട്ടിയുടെ നിയന്ത്രണം സോമവംശ അമരസിംഹയ്ക്ക് ആയിരുന്നു.

അതിനുശേഷം ജെവിപി അതിൻ്റെ പ്രത്യയശാസ്ത്രം പുതുക്കിക്കൊണ്ട്

മുഖ്യധാരാ ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു.സ്വകാര്യ സ്വത്ത് നിർത്തലാക്കൽ പോലുള്ള ചില  മാർക്സിസ്റ്റ് നയങ്ങൾ അവർ ഉപേക്ഷിച്ചു. അമരസിംഗയുടെ മരണത്തിനുശേഷം 2014 മുതൽ  അനുരകുമാര ദിസനായകെയാണ് ജെവിപിയെ നയിക്കുന്നത്.



2015 ജനുവരിയിലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജെവിപി ഒരു സഖ്യത്തെയും  പിന്തുണച്ചില്ല.എന്നാൽ ശ്രീലങ്കൻ പ്രസിഡൻ്റ് മഹിന്ദ രാജപക്‌സെയെ ശക്തമായി വിമർശിക്കുന്ന നയമാണ് അവർ സ്വീകരിച്ചത്. തെരഞ്ഞെടുപ്പിൽ രാജപക്‌സെ പരാജയപ്പെട്ടു.ഓഗസ്റ്റിൽ നടന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പാർട്ടി പങ്കെടുക്കുകയും ആറ് സീറ്റുകൾ നേടുകയും ചെയ്തു.



2019 ലെ ശ്രീലങ്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നാഷണൽ പീപ്പിൾസ് പവർ(എൻപിപി) എന്ന പേരിലാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്.സ്ഥാനാർത്ഥി അനുര കുമാര ദിസനായകെ ആയിരുന്നു . അദ്ദേഹത്തിന് 418,553 വോട്ടുകൾ ലഭിച്ചു.ഇത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ സാധുവായ വോട്ടുകളുടെ 3.16% ആയിരുന്നു. 

2020ൽ നടന്ന പാർലമെൻറ് തിരഞ്ഞെടുപ്പിലും എൻപിപി മത്സരിച്ചു. പാർട്ടി മൊത്തം 445,958 വോട്ട് നേടി. ഇത് ആകെ ചെയ്ത വോട്ടിന്റെ 3.48 ശതമാനം ആയിരുന്നു.


2024ലെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയങ്ങളായി  അനുരകുമാര ദിസനായകെ അഴിമതിയും ഉയർന്ന നികുതി നിരക്കുകളും ആണ് ഉയർത്തിക്കാട്ടിയത്. പരമ്പരാഗത മാർക്സിസ്റ്റ് നയങ്ങളോ തമിഴ് പ്രശ്നങ്ങളോ തെരഞ്ഞെടുപ്പിൽ ഉയർത്തിയില്ല. എൽടിടിയുടെ നേതൃത്വത്തിലുള്ള പോരാട്ടം നടന്നിരുന്ന സമയത്ത് ജെവിപി തമിഴ് വിരുദ്ധ അജണ്ടകൾ ഉയർത്തിപ്പിടിച്ചിരുന്നു. പക്ഷേ ഈ തെരഞ്ഞെടുപ്പിൽ അതൊന്നും പരാമർശിച്ചതേ ഇല്ല. പകരം പ്രാദേശിക തിരഞ്ഞെടുപ്പുകൾ നടത്തും എന്ന ഒരു വാഗ്ദാനവും അവർ നൽകിയിട്ടുണ്ട്. തമിഴന്മാരുടെ ഒരു പ്രധാന ആവശ്യമായിരുന്നു ഇത്. 2024 ഫെബ്രുവരിയിൽ ദിസനായകെ ഡൽഹിയിലെത്തി വിദേശകാര്യ മന്ത്രി ജയശങ്കറുമായും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചർച്ച നടത്തിയിരുന്നു. പൊതുവേ ഇന്ത്യയുമായി നല്ല ബന്ധമായിരിക്കും പുതിയ ഭരണകൂടത്തിന് ഉള്ളത് എന്നാണ് കരുതപ്പെടുന്നത്. 


പരമ്പരാഗതമായി രാഷ്ട്രീയം കയ്യാളുന്ന കുടുംബങ്ങളിൽ നിന്നുള്ള ആളല്ല ദിസനായകെ. രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ശക്തികളിൽ ഉൾപ്പെടുന്ന ആളുമല്ല. അദ്ദേഹത്തിൻ്റെ പാർട്ടിയും മാർക്സിസത്തെക്കാൾ ഉപരി സിംഹള ദേശീയതയിലാണ് ഊന്നി പ്രവർത്തിക്കുന്നത്. ഇക്കാര്യങ്ങൾ കൊണ്ടെല്ലാം ദിസനായകെക്ക് നരേന്ദ്രമോദിയുമായാണ് കൂടുതൽ സാമ്യം. ഒരു ശ്രീലങ്കൻ നരേന്ദ്രമോദിയാണ് ഇദ്ദേഹം എന്ന് കരുതുന്നതിലും തെറ്റില്ല. 


ഇന്ത്യയെ പോലെ തന്നെ ഏതെങ്കിലും പക്ഷത്തോട് ചാഞ്ഞു നിൽക്കുന്നതിന് പകരം ദേശീയ താൽപര്യം മുൻനിർത്തി ആയിരിക്കും ഇന്ത്യയോടോ  ചൈനയോടോ ഉള്ള ബന്ധം പുതിയ സർക്കാർ തീരുമാനിക്കുന്നത്. വിദേശരാജ്യങ്ങളുമായുള്ള ബന്ധം തീരുമാനിക്കുന്നതിൽ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം സ്വാധീനം ചെലുത്താൻ സാധ്യത വളരെ കുറവാണ്. 


പുതിയ പ്രസിഡണ്ടിന് ഉടൻതന്നെ മന്ത്രിസഭ രൂപീകരിക്കേണ്ടിവരും. പാർലമെൻ്റിൽ നിന്നാണ് മന്ത്രിമാരെ നിയമിക്കേണ്ടത്. പക്ഷേ ജെവിപിക്ക് പാർലമെൻറ് മൂന്ന് അംഗങ്ങൾ മാത്രമേയുള്ളൂ. അതുകൊണ്ട് പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടത്തുന്നവരെ ഒരു താൽക്കാലിക സർക്കാരിനെ രൂപീകരിക്കേണ്ടി വന്നേക്കാം.