Tuesday, September 24, 2024

പുതിയ ശ്രീലങ്കൻ പ്രസിഡൻ്റ് ഇന്ത്യയെ അനുകൂലിക്കുമോ?

 ശ്രീലങ്കയിൽ നടന്ന തെരഞ്ഞെടുപ്പിൽ അനുരകുമാരഡിസനായകെ അധികാരത്തിലെത്തിയിരിക്കുകയാണ് 2022 ൽ നടന്ന  ജനകീയപ്രക്ഷോഭത്തിൽ പ്രസിഡൻറ് ഗോതബായ രാജപക്‌സെ പുറത്തായ ശേഷം റനിൽ വിക്രമസിംഗെ ആയിരുന്നു അവിടെ പ്രസിഡണ്ടായി ചുമതല ഏറ്റത്.2019 ലെ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ 3% വോട്ട് മാത്രം നേടിയ അനുര കുമാര ഡിസനായകെയാണ് ഇപ്പോൾ ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തിയത്. ജനത വിമുക്തി പെരുമുനയും ചില ചെറിയ പാർട്ടികളും ചേർന്നുള്ള എൻപിപി മുന്നണിയുടെ സ്ഥാനാർത്ഥിയായാണ് അനുര കുമാര ദിസനായകെ രണ്ടാം തവണയും മത്സരിച്ചത്.

നിലവിലെ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ , നിലവിലെ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ ,ദിസനായകെ എന്നിവർ തമ്മിൽ ത്രികോണ മത്സരമായിരുന്നു നടന്നത്. സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 50 ശതമാനം വോട്ട് വേണമായിരുന്നു.ദിസനായകെ 42.31% വോട്ടുകൾ നേടി.പ്രേമദാസയ്ക്ക് 32.76% വോട്ട് ലഭിച്ചു.നിലവിലെ പ്രസിഡൻ്റ് വിക്രമസിംഗെ 17.27% വോട്ട് മാത്രം നേടി മൂന്നാം സ്ഥാനത്തെത്തി.ഒരു വോട്ടർക്ക് മുൻഗണന ക്രമത്തിൽ മൂന്ന് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാമായിരുന്നു. ആർക്കും ആദ്യ റൗണ്ടിൽ 50 ശതമാനം വോട്ട് നേടാൻ കഴിയാഞ്ഞതിനാൽ ആദ്യ രണ്ട് സ്ഥാനാർത്ഥികൾ ഒഴികെയുള്ള വർക്ക് ലഭിച്ച രണ്ടാം പ്രിഫറൻസ് വോട്ട് കൂടി എണ്ണി.രണ്ടാം റൗണ്ടിൽ 55.89% വോട്ട് നേടി ദിസനായകെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. 

അനുരകുമാരഡിസനായകെയുടെ 

ജനത വിമുക്തി പെരുമുന അഥവാ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് 

 മുമ്പ് ഒരു വിപ്ലവ പ്രസ്ഥാനമായിരുന്നു. മാർക്സിസം അടിസ്ഥാന പ്രമാണമായി അംഗീകരിച്ച ജനത വിമുക്തി പെരുമന സിംഹള ദേശീയതയിൽ വിശ്വസിച്ച് പ്രവർത്തിച്ച ഒരു പാർട്ടിയാണ്. ഇവർ ശ്രീലങ്കൻ സർക്കാരിനെതിരായി 1971 ലും 1987 ലും സായുധ പ്രക്ഷോഭണങ്ങളിൽ ഏർപ്പെട്ടിരുന്നു .രണ്ടു വിപ്ലവവും പരാജയപ്പെട്ടു.


ശ്രീലങ്കയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പാർട്ടി 1935 ൽ സ്ഥാപിതമായ ലങ്ക സമ സമാജ പാർട്ടി (LSSP)യായിരുന്നു.രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് 1943ൽ ലങ്ക സമ സമാജ പാർട്ടിയിൽ നിന്ന് വേർപിരിഞ്ഞവർ  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ശ്രീലങ്ക (CPSL) ക്ക്  രൂപം കൊടുത്തു. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി വീണ്ടും വിഘടിച്ച്  മഹാജന എക്സാത് പെരമുന (MEP) യും ചൈനയെ പിന്തുണയ്ക്കുന്ന ഇടതുപക്ഷവും രൂപംകൊണ്ടു. മറ്റു പാർട്ടികൾ ഒന്നും മാർക്സിസത്തോട് നീതിപുലർത്തുന്നില്ല എന്ന് അവകാശപ്പെട്ടു കൊണ്ട് 1965 ൽ  മധ്യത്തിൽ രോഹന വിജയവീരയുടെ നേതൃത്വത്തിൽ ഒരു പുതിയ പാർട്ടിയായി ജനത വിമുക്തി പെരുമുന(ജെവിപി)രൂപം കൊണ്ടു.


മറ്റ് ഇടതുപക്ഷ സംഘടനകളുടെ രാഷ്ട്രീയത്തിൽ നിരാശരായവർക്ക് ഒരു ബദൽ വാഗ്ദാനം ചെയ്തുകൊണ്ട് ജെവിപി 1971 ൽ ഒരു രാഷ്ട്രീയ സംഘടനയായി മാറി.1971 ഏപ്രിലിൽ ബണ്ഡാരനായകെ സർക്കാരിനെതിരെ കലാപം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. കലാപത്തിൽ ഏകദേശം 5,000 പേർ കൊല്ലപ്പെട്ടു. 

കലാപത്തെ  തുടർന്ന് തടങ്കലിൽ ആയ വിജേവീരയ്ക്ക് ഇരുപത് വർഷത്തെ തടവ് ശിക്ഷ ലഭിച്ചു.


1987 ൽ സമാധാന ഉടമ്പടിയുടെ ഭാഗമായി ഇന്ത്യൻ സേന ശ്രീലങ്കയിൽ എത്തിയപ്പോൾ അതിനെതിരെ ജെവിപി കലാപം നടത്തി. മൂന്നുവർഷത്തോളം രാജ്യത്ത് ഹർത്താലും പണിമുടക്കം നടത്താൻ ജെവിപിക്ക് കഴിഞ്ഞു.

1989 നവംബറിൽ കൊളംബോയിൽ വച്ച് സർക്കാർ സൈന്യം വിജേവീരയെയും അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടിയെയും പിടികൂടി വധിച്ചു.1990 ൻ്റെ തുടക്കത്തോടെ അവർ ബാക്കിയുള്ള ജെവിപി പൊളിറ്റ് ബ്യൂറോ അംഗങ്ങളെ കൊല്ലുകയോ തടവിലാക്കുകയോ ചെയ്തു, ജെവിപി അംഗങ്ങളെന്ന് സംശയിക്കുന്ന 7,000 പേരെ തടവിലാക്കി. അവശേഷിച്ച ഏക പോളിറ്റ് ബ്യൂറോ അംഗമായ സോമവൻസ അമരസിംഗ  ജെവിപിയെ പരിഷ്കരിച്ച് ജനാധിപത്യ പാർട്ടി ആക്കി മാറ്റി.കാർഷിക സോഷ്യലിസം , ഡെമോക്രാറ്റിക് സോഷ്യലിസം , വിപ്ലവ സോഷ്യലിസം എന്നിങ്ങനെയുള്ള ആശയങ്ങളിൽ വിശ്വസിക്കുന്ന വിവിധ ഇടതുപക്ഷ ഗ്രൂപ്പുകളെ ചേർത്ത് നാഷണൽ പീപ്പിൾസ് പവർ(എൻപിപി) രൂപീകരിച്ചാണ് 2015 മുതൽ ജെ വി പി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 


ജെവിപിയുടെ പുതിയ ആശയഗതികളിൽ പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. 2012 ഏപ്രിലിൽ  പാർട്ടിക്കുള്ളിൽ തീവ്ര സോഷ്യലിസ്റ്റ് ആയ  പ്രേമകുമാർ ഗുണരത്‌നവും  സോമവംശ അമരസിംഗയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായി. പാർട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളും ഗുണരത്നത്തിന് പിന്തുണ നൽകി.വനിതാ വിഭാഗവും ഭൂരിപക്ഷം വിദ്യാർത്ഥികളും യുവജനങ്ങളും ഗുണരത്നത്തിന് പിന്തുണ പ്രഖ്യാപിച്ചു. പാർട്ടിയുടെ നിയന്ത്രണം സോമവംശ അമരസിംഹയ്ക്ക് ആയിരുന്നു.

അതിനുശേഷം ജെവിപി അതിൻ്റെ പ്രത്യയശാസ്ത്രം പുതുക്കിക്കൊണ്ട്

മുഖ്യധാരാ ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു.സ്വകാര്യ സ്വത്ത് നിർത്തലാക്കൽ പോലുള്ള ചില  മാർക്സിസ്റ്റ് നയങ്ങൾ അവർ ഉപേക്ഷിച്ചു. അമരസിംഗയുടെ മരണത്തിനുശേഷം 2014 മുതൽ  അനുരകുമാര ദിസനായകെയാണ് ജെവിപിയെ നയിക്കുന്നത്.



2015 ജനുവരിയിലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജെവിപി ഒരു സഖ്യത്തെയും  പിന്തുണച്ചില്ല.എന്നാൽ ശ്രീലങ്കൻ പ്രസിഡൻ്റ് മഹിന്ദ രാജപക്‌സെയെ ശക്തമായി വിമർശിക്കുന്ന നയമാണ് അവർ സ്വീകരിച്ചത്. തെരഞ്ഞെടുപ്പിൽ രാജപക്‌സെ പരാജയപ്പെട്ടു.ഓഗസ്റ്റിൽ നടന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പാർട്ടി പങ്കെടുക്കുകയും ആറ് സീറ്റുകൾ നേടുകയും ചെയ്തു.



2019 ലെ ശ്രീലങ്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നാഷണൽ പീപ്പിൾസ് പവർ(എൻപിപി) എന്ന പേരിലാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്.സ്ഥാനാർത്ഥി അനുര കുമാര ദിസനായകെ ആയിരുന്നു . അദ്ദേഹത്തിന് 418,553 വോട്ടുകൾ ലഭിച്ചു.ഇത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ സാധുവായ വോട്ടുകളുടെ 3.16% ആയിരുന്നു. 

2020ൽ നടന്ന പാർലമെൻറ് തിരഞ്ഞെടുപ്പിലും എൻപിപി മത്സരിച്ചു. പാർട്ടി മൊത്തം 445,958 വോട്ട് നേടി. ഇത് ആകെ ചെയ്ത വോട്ടിന്റെ 3.48 ശതമാനം ആയിരുന്നു.


2024ലെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയങ്ങളായി  അനുരകുമാര ദിസനായകെ അഴിമതിയും ഉയർന്ന നികുതി നിരക്കുകളും ആണ് ഉയർത്തിക്കാട്ടിയത്. പരമ്പരാഗത മാർക്സിസ്റ്റ് നയങ്ങളോ തമിഴ് പ്രശ്നങ്ങളോ തെരഞ്ഞെടുപ്പിൽ ഉയർത്തിയില്ല. എൽടിടിയുടെ നേതൃത്വത്തിലുള്ള പോരാട്ടം നടന്നിരുന്ന സമയത്ത് ജെവിപി തമിഴ് വിരുദ്ധ അജണ്ടകൾ ഉയർത്തിപ്പിടിച്ചിരുന്നു. പക്ഷേ ഈ തെരഞ്ഞെടുപ്പിൽ അതൊന്നും പരാമർശിച്ചതേ ഇല്ല. പകരം പ്രാദേശിക തിരഞ്ഞെടുപ്പുകൾ നടത്തും എന്ന ഒരു വാഗ്ദാനവും അവർ നൽകിയിട്ടുണ്ട്. തമിഴന്മാരുടെ ഒരു പ്രധാന ആവശ്യമായിരുന്നു ഇത്. 2024 ഫെബ്രുവരിയിൽ ദിസനായകെ ഡൽഹിയിലെത്തി വിദേശകാര്യ മന്ത്രി ജയശങ്കറുമായും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചർച്ച നടത്തിയിരുന്നു. പൊതുവേ ഇന്ത്യയുമായി നല്ല ബന്ധമായിരിക്കും പുതിയ ഭരണകൂടത്തിന് ഉള്ളത് എന്നാണ് കരുതപ്പെടുന്നത്. 


പരമ്പരാഗതമായി രാഷ്ട്രീയം കയ്യാളുന്ന കുടുംബങ്ങളിൽ നിന്നുള്ള ആളല്ല ദിസനായകെ. രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ശക്തികളിൽ ഉൾപ്പെടുന്ന ആളുമല്ല. അദ്ദേഹത്തിൻ്റെ പാർട്ടിയും മാർക്സിസത്തെക്കാൾ ഉപരി സിംഹള ദേശീയതയിലാണ് ഊന്നി പ്രവർത്തിക്കുന്നത്. ഇക്കാര്യങ്ങൾ കൊണ്ടെല്ലാം ദിസനായകെക്ക് നരേന്ദ്രമോദിയുമായാണ് കൂടുതൽ സാമ്യം. ഒരു ശ്രീലങ്കൻ നരേന്ദ്രമോദിയാണ് ഇദ്ദേഹം എന്ന് കരുതുന്നതിലും തെറ്റില്ല. 


ഇന്ത്യയെ പോലെ തന്നെ ഏതെങ്കിലും പക്ഷത്തോട് ചാഞ്ഞു നിൽക്കുന്നതിന് പകരം ദേശീയ താൽപര്യം മുൻനിർത്തി ആയിരിക്കും ഇന്ത്യയോടോ  ചൈനയോടോ ഉള്ള ബന്ധം പുതിയ സർക്കാർ തീരുമാനിക്കുന്നത്. വിദേശരാജ്യങ്ങളുമായുള്ള ബന്ധം തീരുമാനിക്കുന്നതിൽ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം സ്വാധീനം ചെലുത്താൻ സാധ്യത വളരെ കുറവാണ്. 


പുതിയ പ്രസിഡണ്ടിന് ഉടൻതന്നെ മന്ത്രിസഭ രൂപീകരിക്കേണ്ടിവരും. പാർലമെൻ്റിൽ നിന്നാണ് മന്ത്രിമാരെ നിയമിക്കേണ്ടത്. പക്ഷേ ജെവിപിക്ക് പാർലമെൻറ് മൂന്ന് അംഗങ്ങൾ മാത്രമേയുള്ളൂ. അതുകൊണ്ട് പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടത്തുന്നവരെ ഒരു താൽക്കാലിക സർക്കാരിനെ രൂപീകരിക്കേണ്ടി വന്നേക്കാം.

Monday, July 1, 2024

എസ് എസ് എൽ സി വിജയവും വിദ്യാഭ്യാസ ഗുണമേന്മയും

 ഓരോ വർഷവും പത്താം ക്ലാസിലെ വിജയശതമാനം ഉയർന്നുവരികയാണ്. അതോടൊപ്പം അക്ഷരം പോലും അറിയാത്തവർ എ പ്ലസ് നേടി വിജയിക്കുന്നു എന്ന വിമർശനവും ഉയർന്നുവരുന്നു.പത്ത് വർഷത്തെ വിദ്യാഭ്യാസത്തിന് ശേഷം കുട്ടികളെ തോൽപ്പിച്ച് പുറന്തള്ളുന്നത് ശരിയായ രീതിയല്ല എന്നാണ് വിജയ ശതമാനം ഉയർത്തുന്നതിന് പിന്നിലെ വാദം. തോൽവി കുട്ടികളിൽ മാനസിക സംഘർഷവും അപകർഷതാബോധവും ഉണ്ടാക്കുന്നു എന്നാണ് ഈ വാദം ഉന്നയിക്കുന്നവർ പറയുന്നത്. 

പക്ഷേ പത്ത് വർഷത്തെ വിദ്യാഭ്യാസത്തിന് ശേഷം എന്തുകൊണ്ട് കുട്ടി തോൽക്കുന്ന സാഹചര്യം ഉണ്ടാകുന്നു എന്നുള്ളത് ചർച്ച ചെയ്യപ്പെടുന്നില്ല. പത്തുവർഷം എന്ന ദീർഘകാലത്തെ വിദ്യാഭ്യാസം കൊണ്ട് കുട്ടിക്ക് ലഭിക്കേണ്ട അറിവും കഴിവും മനോഭാവവും അയാൾക്ക് ലഭിക്കാതെ പോകുന്നത് എന്തുകൊണ്ടാണ് എന്നും ചർച്ച ചെയ്യപ്പെടുന്നില്ല.പ്രഥം എന്ന ഏജൻസി  ഇന്ത്യയിൽ 

വാർഷിക വിദ്യാഭ്യാസ  സർവ്വേ നടത്തുന്നുണ്ട്. 2023 ലെ സർവ്വേ റിപ്പോർട്ട് പ്രകാരം 14 മുതൽ 18 വയസ്സുവരെ പ്രായമുള്ളവരിൽ 26 ശതമാനം പേർക്ക് രണ്ടാം ക്ലാസ് നിലവാരത്തിലുള്ള മാതൃഭാഷാപാഠം വായിക്കാൻപോലും കഴിയുന്നില്ല. ഈ സർവേയിൽ പങ്കെടുത്തവരുടെ ഇടയിൽ തന്നെ 2018- ൽ നടത്തിയ സർവ്വേ പരിശോധിച്ചാൽ  ഏഴാം ക്ലാസിൽ പഠിക്കുന്നവരിൽ 32 ശതമാനം പേർക്കും എട്ടാം ക്ലാസിൽ പഠിക്കുന്നവരിൽ 27 ശതമാനം പേർക്കും രണ്ടാം ക്ലാസ് നിലവാരത്തിലുള്ള  മാതൃഭാഷയിലുള്ള പാഠം വായിക്കാൻ കഴിയുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. ഈ സർവ്വേ നടത്തുന്ന സമയത്ത് ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിച്ചിരുന്ന വരാണ് 2023-ൽ 14 മുതൽ 18 വയസ്സ് വരെയുള്ള പ്രായ പരിധിയിൽ എത്തിയിട്ടുള്ളത്. എട്ടാം ക്ലാസ് വരെ അക്ഷരം പഠിക്കാത്തവർ ഉയർന്ന ക്ലാസുകളിൽ അക്ഷരം എഴുതാനും വായിക്കാനുമുള്ള കഴിവ് കൂടുതലായി ആർജ്ജിക്കുന്നില്ല  എന്നാണ് ഈ സർവ്വേ വ്യക്തമാക്കുന്നത്. ഇപ്രകാരം വായിക്കാൻ കഴിയാത്തവരിൽ 57 ശതമാനം പേർ പത്താം ക്ലാസ് വരെ എത്തുന്നു എന്നുള്ളതാണ് ഈ സർവ്വേ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം.താഴ്ന്ന ക്ലാസുകളിൽ തന്നെ ആർജിക്കേണ്ട അറിവും കഴിവും മനോഭാവവും ആർജ്ജിച്ചു പോയാൽ മാത്രമേ ഉയർന്ന ക്ലാസുകളിലെ പഠനം  ഫലപ്രദമായി നടത്താൻ കഴിയൂ എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.


ഒരു കുട്ടിയും പരീക്ഷയിൽ തോൽക്കുന്നത് നല്ല കാര്യമല്ല. അതിനാൽ എല്ലാവരെയും വെറുതെ ജയിപ്പിച്ചു വിടുക അല്ല വേണ്ടത്. ഓരോ ക്ലാസിലും വിദ്യാർത്ഥി ആർജിക്കേണ്ട കഴിവുകൾ ആർജ്ജിച്ചു തന്നെ മുന്നോട്ടുപോകണം. ഇതിന് തടസ്സം നിൽക്കുന്ന സാഹചര്യങ്ങൾ എന്തെന്ന് കണ്ടെത്താനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കേണ്ടത്.  ഒന്നാം ക്ലാസിലെ ഒരു ഡിവിഷനിൽ ചേരുന്നത് ശരാശരി 30 കുട്ടികളാണ്. ഇതിൽ എല്ലാ കുട്ടികളെയും രണ്ടാം ക്ലാസ്സ് പാസാകുമ്പോഴെങ്കിലും  മാതൃഭാഷയിൽ എഴുതാനും വായിക്കാനും എന്തുകൊണ്ട് പഠിപ്പിക്കാൻ കഴിയുന്നില്ല എന്ന് ചിന്തിക്കേണ്ടതുണ്ട്. തുടർന്ന് ഓരോ ക്ലാസിലും ആർജിക്കേണ്ട അറിവ്,കഴിവ്, മനോഭാവം എന്നിവ കുട്ടികൾക്ക് അതത് ക്ലാസുകളിൽ തന്നെ നേടാൻ എന്തുകൊണ്ട് കഴിയുന്നില്ല? ഇക്കാര്യങ്ങൾ കേരളത്തിൽ ചർച്ച ആകാത്തത് എന്തുകൊണ്ടാണ് എന്ന് ചർച്ച ചെയ്യേണ്ടതുണ്ട്. 


ഓരോ ക്ലാസിലും വിദ്യാർത്ഥി ആർജിക്കേണ്ട അറിവുകളും കഴിവും മനോഭാവവും ആർജിച്ചോ എന്നറിയാനുള്ള മാർഗമാണ് പരീക്ഷകൾ. പരീക്ഷ ശാസ്ത്രീയമായും കൃത്യമായും നടത്തിയാൽ മാത്രമേ ഓരോ കുട്ടിയുടെയും കഴിവുകളും പരിമിതികളും തിരിച്ചറിയാൻ കഴിയുകയുള്ളൂ. ഓരോ ക്ലാസിലേക്ക് ഉള്ള പ്രവേശനം ആരംഭിക്കുമ്പോൾ മുതൽ  ശ്രമിച്ചാൽ എല്ലാ കുട്ടികൾക്കും പാഠ്യ പദ്ധതി നിർദ്ദേശിക്കുന്ന അറിവ്,കഴിവ്, മനോഭാവം എന്നിവ  ആർജിച്ചെടുക്കാൻ വലിയ പ്രയാസം ഒന്നുമില്ല. പക്ഷേ അതിന് ശ്രമിക്കുന്നതിന് പകരം  എല്ലാവരെയും അടുത്ത ക്ലാസുകളിലേക്ക് പാസാക്കുന്ന സമ്പ്രദായമാണ് നിലനിൽക്കുന്നത്. അടിസ്ഥാന ശേഷി പോലും ആർജിക്കാത്ത  കുട്ടികളും  പത്താം ക്ലാസ് പാസായി പുറത്തിറങ്ങുന്നു എന്നതാണ് ആത്യന്തിക ഫലം. 


ഇങ്ങനെ പുറത്തിറങ്ങുന്ന കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നൽകാൻ കഴിയുന്നില്ല. സമൂഹത്തിൽ മാന്യത ലഭിക്കുന്ന ഉയർന്ന ജോലികൾ ആഗ്രഹിക്കുന്നവരും എൻജിനീയറിങ് മെഡിസിൻ തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾക്ക് പോകാൻ ആഗ്രഹിക്കുന്നവരും പ്ലസ് ടു സയൻസ് ഗ്രൂപ്പാണ് തിരഞ്ഞെടുക്കുന്നത്. ഈ തെരഞ്ഞെടുപ്പ് മുതൽ സമൂഹത്തിലെ താഴ്ന്ന തട്ടിലുള്ള കുട്ടികളെ അരിച്ചു മാറ്റാൻ തുടങ്ങുന്നു. പത്താം ക്ലാസ് വരെയുള്ള എല്ലാ സ്കൂളിലും ഇപ്പോൾ ഹയർസെക്കൻഡറി ഇല്ല.  ഗ്രാമീണ മേഖലയിലുള്ള പാവപ്പെട്ടവരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലാണ് കൂടുതലായും പത്താം ക്ലാസ്സ് വരെ മാത്രമുള്ള ഹൈസ്കൂളുകൾ   ഉള്ളത്. ഈ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഹയർസെക്കൻഡറിക്ക് പ്രവേശനം ലഭിക്കാൻ,പ്രത്യേകിച്ച് സയൻസ് ഗ്രൂപ്പുകളിൽ പ്രവേശനം ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണ്. മൂല്യനിർണ്ണയം ഉദാരമാക്കിയതോടെ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നു. ഏറ്റവും മിടുക്കനും ആവറേജ് വിദ്യാർത്ഥിയും എല്ലാ വിഷയത്തിലും എ പ്ലസ് നേടുന്നു. പക്ഷേ എസ്എസ്എൽസി മാർക്ക് ലിസ്റ്റിൽ മാർക്ക് ഉൾപ്പെടുത്തുന്നുമില്ല. അതിനാൽ ഗ്രേഡ് മാത്രം നോക്കിയാണ് പ്രവേശനംനൽകുന്നത്.ഹയർസെക്കൻഡറിക്ക് കൂടുതൽ പേർ അപേക്ഷിക്കുന്നതിനാൽ ഗ്രേഡിന് ഉപരിയായി മറ്റുചില പരിഗണനകളും അഡ്മിഷന് സ്വീകരിക്കുന്നുണ്ട്. അതേ പഞ്ചായത്തിലുള്ളവർക്കും അതേ സ്കൂളിൽ പഠിച്ചവർക്കും അഡ്മിഷന് ഗ്രേസ് മാർക്ക് നൽകുന്നു.ചുരുക്കത്തിൽ പത്താം ക്ലാസ് വരെ മാത്രമുള്ള സ്കൂളിൽ പഠിച്ച എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടിയെക്കാൾ ഹയർ സെക്കൻഡറി ഉള്ള സ്കൂളിലെ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ കുട്ടിക്ക് പ്രവേശനം ലഭിക്കാൻ സാധ്യത കൂടുതലാണ്. അതായത് പത്താം ക്ലാസ് വരെയുള്ള മാത്രമുള്ള സ്കൂളിൽ പഠിച്ച പ്രഗൽഭനായ വിദ്യാർത്ഥിയേക്കാൾ ഹയർ സെക്കൻഡറിക്ക് സയൻസ് ഗ്രൂപ്പിന് അഡ്മിഷൻ കിട്ടാൻ കൂടുതൽസാധ്യത ഹയർ സെക്കൻഡറിയുള്ള സ്കൂളിൽ പഠിച്ച ശരാശരി വിദ്യാർത്ഥിക്കാണ്. മാർക്ക് ഇവിടെ ഹയർസെക്കൻഡറി പ്രവേശനത്തിന് മാനദണ്ഡം ആകുന്നതേയില്ല. അതിനാൽ ഗ്രാമീണ മേഖലയിൽ നിന്നുള്ള മിടുക്കരായ വിദ്യാർഥികൾക്ക് വേറെ ഏതെങ്കിലും വിഷയം തെരഞ്ഞെടുത്ത് പഠിക്കുകയോ ഐടിഐ തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പഠിക്കുകയോ മാത്രമേ നിവർത്തിയുള്ളൂ. ചുരുക്കത്തിൽ സമൂഹത്തിൽ മാന്യതയുള്ള തൊഴിലുകളിലേക്ക് പത്താം ക്ലാസ്സ് മുതൽ തന്നെ അരിച്ചു മാറ്റുകയാണ്.  


 ഹൈസ്കൂൾ മാത്രമുള്ള എല്ലാ സ്കൂളിലും ഹയർസെക്കൻഡറി അനുവദിക്കുകയാണ് ഇതിന് പരിഹാരം. പക്ഷേ സാമ്പത്തിക ബാധ്യത പരിഗണിച്ച് സർക്കാർ ഇതിന് തുനിയുന്നില്ല. എസ്എസ്എൽസി മാർക്ക് ലിസ്റ്റിൽ  മാർക്കുകൾ കൂടി ഉൾപ്പെടുത്തുക എന്നാണ് മറ്റൊരു പരിഹാരം. ഏത് സ്കൂളിൽ പഠിച്ചതായാലും മിടുക്കന്മാരായ വിദ്യാർഥികൾക്ക് പ്രവേശനത്തിന് മുൻഗണന കിട്ടാൻ ഇത് സഹായിക്കും. പക്ഷേ വിദ്യാഭ്യാസവും വകുപ്പ് ഈ ദിശയിലും നീങ്ങുന്നില്ല. 


ഓരോ വിഷയത്തിലും ആർജിക്കേണ്ട അറിവ് കഴിവ് മനോഭാവം എന്നിവ ഓരോ ക്ലാസിലും നേടാൻ പ്രാപ്തരാക്കേണ്ടത് സ്കൂളുകളുടെ  ചുമതലയും വിദ്യാർഥികളുടെ അവകാശവുമാണ്. എന്നാൽ ഈ അവകാശം നേടിക്കൊടുക്കാൻ ഇപ്പോഴത്തെ വിദ്യാഭ്യാസ സംവിധാനം പര്യാപ്തമല്ല.


ഓരോ ക്ലാസുകളിലും ആർജിക്കേണ്ട കഴിവുകൾ ആർജിക്കാതെ തൊട്ടടുത്ത ക്ലാസുകളിലേക്ക് കടക്കുന്നതുമൂലം കുട്ടികൾക്ക് ഉയർന്ന ജോലികൾ ചെയ്യുന്നതിനുള്ള ശേഷിയും അറിവും ലഭിക്കാതിരിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മൂലം ഉണ്ടാകുന്ന തൊഴിലുകൾ ചെയ്യാനുള്ള  അറിവും ശേഷിയും ഇതുമൂലം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ല. ഇത്തരം തൊഴിലുകളിൽ നിന്ന് ഇവർ മാറ്റിനിർത്തപ്പെടുന്നു എന്നുള്ളതാണ് ഇതിൻറെ ഫലം. ഐഐടികൾ, ഐഐഎമ്മുകൾ ,പ്രധാന മെഡിക്കൽ കോളേജുകൾ എന്നിവയിലും സിവിൽ സർവീസ് പോലെയുള്ള ജോലികളിലും ഇവർക്ക് പ്രവേശനം ലഭിക്കുന്നത് ചിന്തിക്കാനേ കഴിയില്ല. ഇത് മിക്കപ്പോഴും വിദ്യാർഥികളുടെ കുഴപ്പം കൊണ്ടല്ല സംഭവിക്കുന്നത്. മുൻപറഞ്ഞ ജോലികൾ ചെയ്യാനാവശ്യമായ അറിവും കഴിവും മനോഭാവവും ഒക്കെ വിദ്യാലയങ്ങളിൽ നിന്ന് ലഭിക്കേണ്ടതാണ്. പക്ഷേ നിർഭാഗ്യവശാൽ ഇതിനുള്ള  ശേഷി സ്കൂളുകളിൽ നിന്ന് ലഭിക്കുന്നില്ല.  ഇപ്രകാരം വേണ്ടത്ര ശേഷികൾ ആർജിക്കാതെ പുറത്തിറക്കുന്ന കുട്ടികൾക്ക് വരുമാനം കുറവുള്ള സാധാരണ ജോലികൾ മാത്രമേ ചെയ്യാൻ കഴിയുന്നുള്ളൂ. ഇപ്പോൾ തന്നെ സമൂഹത്തിൽ ഉയർന്ന നിലയിലുള്ള പലരും അവരുടെ മക്കളെ ഇൻറർനാഷണൽ സ്കൂളുകളിലും സിബിഎസ്ഇ വിദ്യാലയങ്ങളിലുമാണ് പഠിപ്പിക്കുന്നത്. കുട്ടികളെ പൊതുവിദ്യാലങ്ങളിൽ അയക്കുന്ന ഇടത്തരക്കാർ പോലും കൂടുതൽ ഇടത്തരക്കാരുള്ള നല്ല സ്കൂൾ എന്ന പേരുകേട്ട വിദ്യാലയങ്ങളിലാണ് കുട്ടികളെ ചേർക്കുന്നത്. കൂലി വേലക്കാരുടെ  മക്കൾ കൂടുതലായി പഠിക്കുന്ന വിദ്യാലയങ്ങളിൽ തങ്ങളുടെ മക്കളെ പഠിപ്പിക്കാൻ ഇടത്തരക്കാർ പൊതുവേ വിമുഖത കാണിക്കുന്നു. ഉയർന്ന സാമ്പത്തിക ശേഷിയുള്ള രക്ഷിതാക്കളുടെ  മക്കൾ എൻജിനീയർമാരും  ഡോക്ടർമാരും ഐഎസുകാരും മറ്റ് ഉയർന്ന ഉദ്യോഗസ്ഥന്മാരുമോക്കെ ആയി മാറുമ്പോൾ പത്താം ക്ലാസിൽ നിന്ന് വേണ്ടത്ര ശേഷികൾ നേടാതെ ജയിച്ചു വന്നവർ  തൊഴിലിനായി അലയുന്ന സ്ഥിതി ഉണ്ടാകും. ഇപ്രകാരം വിദ്യാഭ്യാസ രീതി ഉയർന്ന സാമ്പത്തിക സ്ഥിതി ഉള്ളവരെ സഹായിക്കുമ്പോൾ പാവപ്പെട്ടവരെ അവരുടെ സ്ഥിതിയിൽ തന്നെ തുടരാനും മുള്ള ആയുധം ആയി മാറുന്നു.


 എല്ലാവരെയും വിജയിപ്പിക്കുക എന്ന നയമാറി എല്ലാവരെയും വിജയത്തിന് യോഗ്യരാക്കുക എന്ന നയമാണ് സർക്കാർ സ്വീകരിക്കേണ്ടത്. ഇതിനായി സ്കൂളുകളുടെ അടിസ്ഥാന സൗകര്യത്തിലും അധ്യാപകരുടെ പരിശീലനത്തിലും മാറ്റം വരുത്തണം. ഓരോ ക്ലാസുകളിലും നിശ്ചിത ഇടവേളകളിൽ കൃത്യമായി മൂല്യനിർണയം നടത്തി എത്ര കുട്ടികൾ നിശ്ചിത ശേഷി ആർജിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും അത് ആർജിക്കാത്തവർക്ക് മെച്ചപ്പെടാനുള്ള അവസരം ഒരുക്കുകയും  ആണ് വേണ്ടത്. കുട്ടികൾ നിശ്ചിതശേഷി ആർജിച്ചിട്ടില്ലെങ്കിൽ അതിനുള്ള ഉത്തരവാദിത്വം പ്രധാനമായും അവരെ ആ വിഷയം പഠിപ്പിച്ച അധ്യാപകർക്കാണ്. അതിനാൽ ഇൻക്രിമെന്റ് പ്രമോഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുന്നതിന് അധ്യാപകരുടെ പാഠ്യപ്രവർത്തനത്തിൽ ഉള്ള നേട്ടങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. 

 കുട്ടികളുടെ പാഠ്യപ്രവർത്തനങ്ങളെയും കലാ-കായിക-സാംസ്കാരിക വികസനത്തിനേയും കണക്കിലെടുക്കണം. ഇതിനുള്ള  അടിസ്ഥാന സൗകര്യങ്ങൾ എല്ലാ സ്കൂളിൽ ഉണ്ടായിരിക്കണം. എല്ലാ സ്കൂളിലും കളി സ്ഥലങ്ങൾ ഉണ്ടായിരിക്കണം എന്നുള്ള ഹൈക്കോടതി ഉത്തരവ് ഇക്കാര്യത്തിൽ ഒരു വഴികാട്ടിയായി മാറണം.


ഇപ്പോഴുള്ള പാഠ്യപദ്ധതി എല്ലാ കുട്ടികൾക്കും ആർജിക്കാൻ കഴിയുന്നതല്ല എന്ന കാരണത്താലാണ് എല്ലാവരെയും ജയിപ്പിക്കുന്ന രീതി  തുടരുന്നതെങ്കിൽ പാഠ്യപദ്ധതി ലഘൂകരിക്കുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്.

ഇതിന് ഫിൻലൻഡ് ഉൾപ്പെടെയുള്ള ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മാതൃക സ്വീകരിക്കാം.സെക്കൻഡറി തലം മുതൽ വിദ്യാർത്ഥികൾക്ക് രണ്ട് തരത്തിലുള്ള പാഠ്യപദ്ധതികൾ ആവിഷ്കരിക്കാവുന്നതാണ്.ഇതിൽ നിശ്ചിത യോഗ്യത നേടാൻ മാത്രം താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി ബേസിക് കോഴ്സുകളും ഉപരിപഠനത്തിന് പോകാൻ താല്പര്യമുള്ളവർക്കായി അഡ്വാൻസ്ഡ് കോഴ്സുകളും ഏർപ്പെടുത്തണം. ഇതിൽ ഏത്  കോഴ്സാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം വിദ്യാർത്ഥികൾക്ക് ആയിരിക്കണം. സെക്കൻഡറി തലം മുതൽ  മിനിമം അറിവുകൾ നൽകുന്ന ബേസിക് കോഴ്സുകളും ഉപരിപഠനത്തിന് ആവശ്യമായ അറിവ് നൽകുന്ന അഡ്വാൻസ് കോഴ്സുകളും ഈ രാജ്യങ്ങൾ  പ്രത്യേകം വിഭാവനം ചെയ്തിട്ടുണ്ട്. നിശ്ചിത യോഗ്യത മതി എന്നുള്ളവർ ബേസിക് കോഴ്സുകൾ പാസായാൽ മതിയാകും. ഉപരി പഠനത്തിന് പോകണം എന്നുള്ളവർ അഡ്വാൻസ് കോഴ്സ് കൂടി പാസാകണം. ഏതു സമയത്തും കുട്ടികൾക്ക് അഡ്വാൻസ് കോഴ്സിലേക്ക് ചേർന്ന് പഠിക്കാനുള്ള സാഹചര്യവും ഉണ്ടാകണം.  സിബിഎസ്ഇ ഈ ദിശയിലുള്ള ചുവടുവെപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഭാഷാ പഠനത്തിൽ ബേസിക്-അഡ്വാൻസ്ഡ് കോഴ്സുകൾ അടുത്ത വർഷം മുതൽ ആരംഭിക്കാൻ സിബിഎസ്ഇ തീരുമാനമെടുത്തിട്ടുണ്ട്.


സ്കൂളുകളിലെ പഠന പാഠ്യേതര പ്രവർത്തനങ്ങളുടെ ആധിക്യം വലിയ പ്രശ്നമാണ്. പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിന് പുറമേ ധാരാളം പാഠേതര പ്രവർത്തനങ്ങളും സ്കൂളുകളിൽ നടത്തിവരുന്നു. പാടത്ത് കൃഷി ചെയ്യുക, എഴുത്തുകാരുടെ പേരിലുള്ള ദിനങ്ങൾ ആചരിക്കുക, കലോത്സവങ്ങൾ, ശാസ്ത്രമേള, കായികമേള തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്കായി   ധാരാളം സമയം ചെലവഴിക്കേണ്ടി വരുന്നു. എന്നാൽ ആദ്യ ഭാഗങ്ങൾ മാത്രമാണ് പരീക്ഷകളിൽ വിലയിരുത്തുന്നത്. കലാ-കായിക-കാർഷിക-സാഹിത്യ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതേ ഇല്ല. കലോത്സവത്തിലും ശാസ്ത്രമേളയിലും ഒക്കെ സമ്മാനങ്ങൾ ലഭിക്കുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നുണ്ട്. അവരുടെ പ്രവർത്തനങ്ങൾ പാടി പദ്ധതിയുടെ ഭാഗമായി കണക്കാക്കി വിലയിരുത്താനുള്ള സംവിധാനം ഉണ്ടായിട്ടില്ല.ഓരോ പ്രവർത്തനത്തിൽ നിന്നും കുട്ടികൾ എന്തെല്ലാം അറിവും കഴിവും മനോഭാവവും ആണ് ആർജിച്ചത് എന്ന് മൂല്യനിർണയം നടത്താനുള്ള സംവിധാനം കൂടി വേണം. ഇത് അവരുടെ മാർക്ക് ലിസ്റ്റുകളിൽ വരികയും വേണം. അപ്പോൾ മാത്രമേ ഇത്തരത്തിലുള്ള പ്രവർത്തനം നടത്തുന്നതിന് അർത്ഥം ഉണ്ടാകും.


 ഗുജറാത്തിലും തമിഴ്നാട്ടിലും  ചെസ്സ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് ഇതിന് ഉദാഹരണമാണ്. ഇന്ത്യക്കുവേണ്ടി ലോകനിലവാരത്തിലുള്ള ചെസ്സ് ചാമ്പ്യന്മാരെ സൃഷ്ടിക്കാൻ ഈ പ്രവർത്തനം മൂലം കഴിഞ്ഞിട്ടുണ്ട്. പക്ഷേ കേരളത്തിൽ തുടർച്ചയായി പാടിയതര പ്രവർത്തനങ്ങൾ മുകളിൽ നിന്ന് നിർദ്ദേശിക്കുകയും അവ സ്കൂളുകൾ യാന്ത്രികമായി നടപ്പിലാക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്. പാഠ്യപദ്ധതിയിൽ നിർദ്ദേശിച്ചിട്ടുള്ള കഴിവുകൾ ആർജിക്കുന്നതിന് തടസ്സമാകുന്നു എന്നതിലുപരി ഇത്തരം പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനോ കുട്ടികളുടെ നേട്ടങ്ങളോട് കൂട്ടിച്ചേർക്കുന്നതിനോ ഉള്ള സംവിധാനം ഇപ്പോൾ നിലവിലില്ല.

വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ വിലയിരുത്തലും അധ്യാപക പരിശീലനവുമാണ് കേരളത്തിലെ വിദ്യാഭ്യാസത്തിലെ ഏറ്റവും ദുർബലമായ കണ്ണികൾ. വിദ്യാഭ്യാസ രീതി പരിപോഷിപ്പിക്കുന്ന തരത്തിൽ സ്കൂളുകളുടെ മേൽനോട്ടവും അധ്യാപക പരിശീലനവും ശക്തിപ്പെടുത്തേണ്ടതുണ്ട്.

ഉന്നത വിദ്യാഭ്യാസ യോഗ്യതകളും അധ്യാപന പരിചയവും ഉള്ളവരായിരിക്കണം അധ്യാപകർക്ക് പരിശീലനം നൽകേണ്ടത്. പക്ഷേ നമ്മുടെ അധ്യാപക പരിശീലനങ്ങൾ വെറും ആൾക്കൂട്ടങ്ങളാണ്. അധ്യാപക യൂണിയനുകളുടെ ശുപാർശയോടെ വരുന്ന കഴിവില്ലാത്ത അധ്യാപകരാണ് പലപ്പോഴും ക്ലാസ്സുകൾ എടുക്കുന്നത്. ഇത്തരത്തിലുള്ള പരിശീലനങ്ങൾ കൊണ്ട് അധ്യാപകർക്ക് പ്രത്യേകിച്ച് നേട്ടമെന്നും ഉണ്ടാകുന്നില്ല. വഴിപാട് പോലെയാണ് അധ്യാപകർ ഇതിൽ പങ്കെടുക്കുന്നത്. ഇപ്രകാരം ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കുന്നതിന് പകരം പരിശീലനത്തിനായി നല്ല ഗുണനിലവാരം ഉള്ള ഓൺലൈൻ പരിശീലനങ്ങൾ രൂപീകരിക്കേണ്ടത് ആവശ്യമാണ്. ഓരോ പരിശീലന മോഡ്യൂളും പൂർത്തിയാക്കുന്നതിനോടൊപ്പം അതോടൊപ്പമുള്ള ഓൺലൈൻ പരീക്ഷയും വിജയിക്കണം എന്ന് നിബന്ധന കൊണ്ടുവരണം. ഇപ്രകാരം പരിശീലന കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മാത്രമായിരിക്കണം ഇൻക്രിമെന്റ് നൽകേണ്ടത്.

സ്കൂളുകളുടെ ഭരണപരവും അക്കാദമികവുമായ വിലയിരുത്തലാണ് ഏറ്റവും ദുർബലമായ കണ്ണികളിൽ ഒന്ന്. ഭരണ നിയന്ത്രണത്തിന് എ ഇ ഒ മാർ ഉണ്ടെങ്കിലും അവരുടെ നിയന്ത്രണം എത്രത്തോളം ഫലപ്രദം ആണ് എന്ന് ചിന്തിക്കേണ്ടതുണ്ട്. സംസ്ഥാനതലത്തിൽ നിശ്ചയിച്ചു കൊടുക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ എങ്ങനെയെങ്കിലും നടത്തിത്തീർക്കണം എന്നല്ലാതെ ഈ രംഗത്ത് ഫലപ്രദമായ ഇടപെടലുകൾ നടത്താൻ  എ ഇ ഓ മാർക്ക് കഴിയുന്നുണ്ടോ എന്ന് വിലയിരുത്തേണ്ടത് ആവശ്യമാണ്.


 ഇപ്പോൾ അക്കാദമിക മേൽനോട്ടം നിർവഹിക്കുന്നത് ബ്ലോക്ക് റിസോഴ്സ് സെൻററുകൾ ആണ്

പക്ഷേ നിർഭാഗ്യവശാൽ സ്കൂളുകളിൽ അധ്യാപക തസ്തിക നഷ്ടപ്പെടുമ്പോൾ പ്രൊട്ടക്ഷന്റെ ആനുകൂല്യം കൊണ്ട് മാറ്റി നിയമിക്കപ്പെടുന്നവരാണ് ബി.ആർസിയിൽ ഉള്ളത്. ഇവരാണ് സ്കൂളുകളുടെ വിലയിരുത്തലിനും മറ്റും പോകുന്നത്. വളരെ സീനിയർ ആയ അധ്യാപകർ ഉൾപ്പെടെയുള്ളവരെയാണ്  ഇവർ വിലയിരുത്തേണ്ടത്. അതിനുള്ള ശേഷിയോ കഴിവോ വിദ്യാഭ്യാസ യോഗ്യതയോ പലപ്പോഴും ഇവർക്ക് ഉണ്ടാകാറില്ല. മാത്രമല്ല രാഷ്ട്രീയ പരിഗണന മാത്രം വെച്ചാണ് പലരും ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ആയി നിയമരാകുന്നത് .വിദ്യാഭ്യാസ രംഗത്തെ നൂതന പ്രവണതകളെക്കുറിച്ചോ നൂതന വിദ്യാഭ്യാസ രീതികളെക്കുറിച്ചോ കാര്യമായ അറിവുള്ളവരല്ല ഇവരിൽ നല്ലൊരു ഭാഗവും.

ചുരുക്കത്തിൽ അധ്യാപക പരിശീലനവും സ്കൂളുകളുടെ മേലുള്ള അക്കാദമിക ഭരണ നിയന്ത്രണവും ശരിയായ രീതിയിൽ അല്ല നടക്കുന്നത്.  അതിനാൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ എന്തുകൊണ്ടാണ് എല്ലാ കുട്ടികൾക്കും നിശ്ചിത അറിവും കഴിവും മനോഭാവവും വളർത്തിയെടുക്കാൻ കഴിയാത്തത് എന്നുള്ള ചിന്തയാണ് അടിയന്തരമായി വേണ്ടത്. ഇതിന് തടസ്സമായി നിൽക്കുന്ന സാഹചര്യങ്ങൾ മാറ്റുകയാണ് ചെയ്യേണ്ടത്. ഓരോ ക്ലാസിലും ആർജിക്കേണ്ട ശേഷികൾ കുട്ടികളെ ആർജിക്കാൻ സഹായിക്കുകയും, ഹയർസെക്കൻഡറി മുതലുള്ള പ്രവേശനത്തിലും ഉള്ള അസമത്വം നീക്കം ചെയ്യുകയും, കോച്ചിംഗ് ക്ലാസുകളിൽ പങ്കെടുക്കാൻ ശേഷിയില്ലാത്ത കുട്ടികളെ പോലും ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകളിൽ പങ്കെടുത്ത് വിജയിക്കാനുള്ള ശേഷി വളർത്തിയെടുക്കുകയാണ് നമ്മുടെ സ്കൂളുകളിൽ ചെയ്യേണ്ടത്.അല്ലാതെ  എല്ലാവരെയും പരീക്ഷയിൽ ജയിപ്പിച്ചു വിടുന്ന എളുപ്പവഴിയിലുള്ള ക്രിയ സമൂഹത്തെ സഹായിക്കില്ല.

Thursday, June 6, 2024

കേരളത്തിലെ ബി ജെ പി നേടുന്നത് ആരുടെ വോട്ട്?

 കേരളത്തിൽ ബി ജെ പി വളരുന്നുണ്ടോ. വളരുന്നുണ്ടെങ്കിൽ യുഡിഎഫിന്റെ ആണോ എൽഡിഎഫിന്റെ ആണോ വോട്ടുകൾ ഇവർ നേടുന്നത്? ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന് ഒന്ന് വിശകലനം ചെയ്യാൻ ശ്രമിക്കുകയാണ് ഇവിടെ.

 ബിജെപിക്ക് 18 ശതമാനത്തിൽ അധികം വോട്ട് ലഭിച്ചത് തിരുവനന്തപുരം,ആറ്റിങ്ങൽ,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,തൃശ്ശൂർ,ആലത്തൂർ,പാലക്കാട്,കാസർഗോഡ് എന്നീ 10 മണ്ഡലങ്ങളിലാണ്. ഈ മണ്ഡലങ്ങളിൽ കോൺഗ്രസ് മുന്നണിക്ക് ലഭിച്ച ശരാശരി വോട്ട് ശതമാനം 38. 78 ആണ്.ഇടതുമുന്നണിക്ക് ലഭിച്ച  വോട്ട് ശതമാനം 33.14 ആണ്.

 രണ്ട് തെരഞ്ഞെടുപ്പിന് മുമ്പ് വരെയും ഇടതുമുന്നണിക്ക് ഐക്യമുന്നണിക്കും എല്ലാ തെരഞ്ഞെടുപ്പിലും  ശരാശരി 43 ശതമാനം വോട്ട് ലഭിക്കുമായിരുന്നു. ഇത് 47 ശതമാനത്തിലേക്ക് വർദ്ധിപ്പിക്കാൻ കഴിയുന്ന മുന്നണിയായിരുന്നു തെരഞ്ഞെടുപ്പുകളിൽ ജയിച്ചു വന്നിരുന്നത്. എന്നാൽ ബിജെപി ശക്തി ആർജ്ജിച്ചു വന്നതോടെ ഈ കണക്കിൽ വ്യത്യാസം വന്നു. പൊതുവേ കരുതപ്പെടുന്നത് ബിജെപി യുഡിഎഫ് വോട്ടുകളാണ് കൂടുതൽ പിടിക്കുന്നത് എന്നാണ്. എന്നാൽ തെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ രണ്ടു മുന്നണികൾക്കും വോട്ടുകൾ നഷ്ടപ്പെടും എങ്കിലും കൂടുതൽ നഷ്ടപ്പെടുന്നത് ഇടതുപക്ഷ വോട്ടുകൾ ആണെന്ന് കാണാം. ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് തെളിയിക്കുന്നതും ഇതുതന്നെ.

 യുഡിഎഫിന്റെ വോട്ടുകൾ മുൻപറഞ്ഞ 10 മണ്ഡലങ്ങളിൽ 44 ശതമാനത്തിൽ നിന്ന്  38 ശതമാനത്തിലേക്ക് കുറഞ്ഞു. ഈ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന്റെ വോട്ട് 44 ശതമാനത്തിൽ നിന്ന് 33 ശതമാനമായി കുറഞ്ഞു. യുഡിഎഫിന് 6% ത്തിൻറെ കുറവ് വോട്ടിൽ ഉണ്ടായപ്പോൾ എൽഡിഎഫിന് 11 ശതമാനത്തിന്റെ കുറവാണ് വന്നത്.

Monday, April 15, 2024

കള്ളപ്പണം എങ്ങനെ ഉണ്ടാകുന്നു?

ലോകം മുഴുവനും ഉള്ള കള്ളപ്പണത്തിനെതിരെ ആഞ്ഞടിക്കുന്ന നമ്മൾ നമ്മുടെ മുന്നിൽ ഒഴുകുന്ന കള്ളപ്പണത്തിനെതിരെ നിശ്ശബ്ദത പാലിക്കുന്നു.

75 ലക്ഷം രൂപയാണ് ഒരു ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിക്ക് ചെലവഴിക്കാനായി ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിട്ടുള്ളത്. ഒരു മണ്ഡലത്തിൽ ഏകദേശം 1300 പോളിംഗ് സ്റ്റേഷനുകൾ ആണ് ഉള്ളത്. അതായത് ഒരു പോളിംഗ് സ്റ്റേഷനിൽ വരുന്ന പ്രദേശത്ത് ഒരു സ്ഥാനാർഥിക്ക് ചെലവാക്കാൻ കഴിയുന്നത് 5800 രൂപ മാത്രമാണ്. യഥാർത്ഥത്തിൽ അത്രയും ആണോ സ്ഥാനാർത്ഥികൾ ചെലവഴിക്കുന്നത്? പോസ്റ്ററുകൾ ബാനറുകൾ ബോർഡുകൾ എന്നിവയായി അതിൽ എത്രയോ അധികം സ്ഥാനാർത്ഥികൾ ചിലവഴിക്കുന്നുണ്ട്. ഇതുകൂടാതെ പ്രവർത്തകർക്കുള്ള ചെലവ് കാശും കൊടുക്കണം.ഒരു സുഹൃത്ത് ഈയിടെ പറഞ്ഞത് മുമ്പ് 1000 പോസ്റ്റർ ഒട്ടിക്കുന്നത്തിന് 10000 രൂപയായിരുന്നു കൊടുത്തിരുന്നത്,ഇപ്പോൾ അവർ 25000 രൂപ ചോദിക്കുന്നു എന്നാണ്. ഇലക്ഷൻ കഴിയുമ്പോൾ 75 ലക്ഷം രൂപ ചെലവഴിച്ചു എന്നുള്ള കണക്കാണ് സ്ഥാനാർത്ഥികൾ ഇലക്ഷൻ കമ്മീഷന് കൊടുക്കുന്നത്. ആ തുകയ്ക്കുള്ള വരവും കാണിക്കും. അപ്പോൾ ബാക്കി ചിലവഴിച്ച പണം എവിടെ നിന്ന് വരുന്നു? ചുരുക്കത്തിൽ കണക്കിൽ പെടാത്ത വരവും ചെലവും ആണ് ഇലക്ഷനായി ചെലവാക്കുന്നത്. ഇതാണ് കള്ളപ്പണം. പലരും കരുതുന്നതുപോലെ കള്ളനോട്ട് അല്ല കള്ളപ്പണം. കണക്കിലോ ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ് കാണിക്കാതെ ഉള്ള പണമാണ് കള്ളപ്പണം. ഇതിൻറെ ഒഴുക്ക് കൂടിയാൽ രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കും. അതിനാൽ ഒന്നുകിൽ ഇലക്ഷൻ കമ്മീഷൻ ചെലവിന്റെ പരിധി കൂട്ടി നിശ്ചയിക്കുക. അല്ലെങ്കിൽ രാഷ്ട്രീയപാർട്ടികൾ ഈ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ചെലവാക്കുക. എന്തായാലും കള്ളപ്പണം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്.

Thursday, March 21, 2024

ഇലക്ടറൽ ബോണ്ടിനെ പറ്റി വീണ്ടും

 തെരഞ്ഞെടുപ്പിൽ ഓരോ പാർട്ടിക്കും ചെലവാക്കാവുന്നതിന് ഇലക്ഷൻ കമ്മീഷൻ പരിധി നിശ്ചയിച്ചിട്ടുണ്ട്. പക്ഷേ ഈ പരിധിയിൽ നിന്നുകൊണ്ടല്ല രാഷ്ട്രീയ പാർട്ടികൾ ചെലവാക്കുന്നത്. ഓരോ രാഷ്ട്രീയപാർട്ടിയും ആരിൽ നിന്നൊക്കെയാണ് സംഭാവന വാങ്ങിക്കുന്നതെന്ന് പൊതുജനത്തിന് അറിയില്ല. കൃത്യമായി ഓരോ പാർട്ടിയും എത്ര രൂപയാണ് സംഭാവനയായി പിരിക്കുന്നത് എന്നും എത്ര രൂപയാണ് ഇലക്ഷന് ചെലവാക്കുന്നത് എന്നും ഉള്ള കണക്ക് പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമല്ല. തെരഞ്ഞെടുപ്പിന് ചെലവാക്കുന്നതിന് പരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുന്നത് യഥാർത്ഥ കണക്കുമല്ല. അതിനാൽ കള്ളപ്പണമാണ് തിരഞ്ഞെടുപ്പ് രംഗത്ത് ചെലവാക്കുന്നതെന്ന് മനസ്സിലാക്കാം. പലരും കരുതുന്നതുപോലെ കള്ളപ്പണം എന്നാൽ കള്ളനോട്ട് അല്ല. വരവ് ചെലവ് കണക്കിൽ ഉൾപ്പെടുത്താത്ത പണമാണ് കള്ളപ്പണം. ഇത് രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. അവിടെയാണ് ഇലക്ട്രൽ ബോണ്ട് പ്രസക്തമാകുന്നത്. കമ്പനികളുടെ അക്കൗണ്ടിൽ നിന്നും ഇലക്ടറൽ ബോണ്ടുകൾ വാങ്ങാനുള്ള സൗകര്യമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരുക്കിയത്. ഈ ബോണ്ട് കിട്ടുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ബാങ്കിൽ നിന്ന് തുക മാറി എടുക്കാവുന്നതാണ്. എന്നാൽ ആർക്കാണ് തുക നൽകുന്നതെന്നും എത്ര രൂപയാണ് നൽകുന്നത് എന്നും പുറത്ത് പറയാൻ പല കമ്പനികൾക്കും താല്പര്യം ഉണ്ടാകില്ല. അതിനാൽ ഇലക്ട്രൽ ബോണ്ടിന്റെ നിയമാവലിയിൽ സ്വകാര്യത ഉറപ്പ് നൽകിയിട്ടുണ്ട്. അതായത് ആർക്കാണ് പണം നൽകിയെന്നുള്ളത് പുറത്തു പറയില്ല എന്ന ഉറപ്പ് പാലിക്കേണ്ട ബാധ്യത എസ് ബി ഐക്ക് ഉണ്ട്. ഓരോ കമ്പനിയും എത്ര രൂപ രാഷ്ട്രീയ പാർട്ടികൾക്ക് നൽകി എന്ന് പുറത്തു പറഞ്ഞാൽ എതിർ രാഷ്ട്രീയപാർട്ടികൾ അവർക്കെതിരെ പ്രതികാരം നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇലക്ഷനിലേക്കും പാർട്ടികളിലേക്കും ഒഴുകുന്നത് വെള്ള പണം ആണെന്ന് ഉറപ്പുവരുത്താൻ ഇലക്ട്രിക്കൽ ബോണ്ടുകൾക്ക് സാധിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴും ഇലക്ഷന് ഒഴുകുന്ന പണം എല്ലാം ഇലക്ട്രിക്കൽ ബോണ്ട് വഴിയല്ല. ഇത് എവിടുന്നെന്നാണ് വരുന്നതെന്നും എന്തിനൊക്കെയാണ് ചെലവാക്കുന്നത് എന്നും ജനങ്ങൾക്ക് അറിയാൻ ഇപ്പോഴും മാർഗ്ഗമില്ല. ഇലക്ട്രൽ ബോണ്ട് എന്തെങ്കിലും അഴിമതിക്ക് കാരണമാകുന്നത് കൊണ്ടല്ല സുപ്രീംകോടതി അതിനെ നിരോധിച്ചത്. ഇലക്ട്രൽ ബോണ്ട് അറിയാനുള്ള അവകാശത്തെ ഹനിക്കുന്നതിനാലാണ് സുപ്രീംകോടതി ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചത്. നമ്മുടെ ജനാധിപത്യം ശക്തമായി നിലനിൽക്കണമെങ്കിൽ തെരഞ്ഞെടുപ്പിന് ചില വിടുന്ന പണത്തിന്റെയും വരവിന്റെയും സുതാര്യത ഉറപ്പുവരുത്തേണ്ടതുണ്ട്. അതിന് ഇനിയെന്ത് നടപടി സ്വീകരിക്കും എന്നാണ് അറിയേണ്ടത്. രാഷട്രീയപ്പാർട്ടികൾക്ക് സംഭാവന നൽകുന്നവരുടെ പേര് വിവരങ്ങൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടത് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉചിതമായിരിക്കും ഇരുപതിനായിരം രൂപയിൽ കൂടിയ സംഭാവനകൾ പരസ്യപ്പെടുത്തണമെന്ന് ഇപ്പോഴും നിബന്ധന. എങ്കിലും ഇരുപതിനായിരംരൂപയിൽ താഴുന്ന സംഖ്യ യായി പലപ്പോഴായി ഒരു ലക്ഷം വാങ്ങിച്ചാൽ അത് പരസ്യപ്പെടുത്തേണ്ടിവരില്ല എന്നതാണ് നിലവിലുള്ള സ്ഥിതി.

Monday, February 5, 2024

മാറുന്ന സി ബി എസ് ഇ സിലബസ്

 ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികൾ മൂന്ന്ഭാഷകളും ഏഴ് മുഖ്യ വിഷയങ്ങളും ഉൾപ്പെടെ പത്ത് വിഷയങ്ങളാണ് പഠിക്കേണ്ടത്.ഭാഷകളിൽ രണ്ട് എണ്ണം എങ്കിലും ഇന്ത്യൻ ഭാഷകൾ ആയിരിക്കണം.  കണക്കും ഗണിത ചിന്തയും,സാമൂഹ്യ ശാസ്ത്രം,ശാസ്ത്രം,കലാവിദ്യാഭ്യാസം, ഫിസിക്കൽ എഡ്യൂക്കേഷൻ,തൊഴിൽ വിദ്യാഭ്യാസം, പരിസ്ഥിതി വിദ്യാഭ്യാസം എന്നിവയാണ് മറ്റുവിഷയങ്ങൾ.


ഹയർ സെക്കൻഡറിയിൽ രണ്ട് ഭാഷകളും നാല് വിഷയങ്ങളും ഉൾപ്പെടെ ആറു വിഷയങ്ങളാണ് ഉള്ളത്.ആവശ്യമെങ്കിൽ ഒരു സബ്ജക്റ്റ് കൂടി തെരഞ്ഞെടുക്കാം.ഇത് നിർബന്ധമില്ല.ഭാഷകളിൽ ഒന്നെങ്കിലും ഇന്ത്യൻഭാഷ ആയിരിക്കണം.

നാല് ഗ്രൂപ്പുകളാണ് ഹയർ സെക്കൻഡറി പഠനത്തിനുള്ളത്.ഒന്നാം ഗ്രൂപ്പ് ഭാഷകൾ അടങ്ങുന്നത് ആണ്.രണ്ടാം ഗ്രൂപ്പിൽ ഡാൻസ്,പാട്ട്,ശിൽപ്പനിർമ്മാണം തുടങ്ങിയ കലാ പഠന വിഷയങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. മൂന്നാമത്തെ ഗ്രൂപ്പിൽ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളും പരിസ്ഥിതി പഠനം, കോമേഴ്സ് തുടങ്ങിയവയും ഉൾപ്പെടുന്നു.നാലാമത്തെ ഗ്രൂപ്പിൽ ശാസ്ത്ര വിഷയങ്ങളാണ് ഉള്ളത്.ആദ്യ ഗ്രൂപ്പിൽ നിന്ന് രണ്ട് ഭാഷകളെങ്കിലും പഠിച്ചിരിക്കണം.തുടർന്ന്  ഏതെങ്കിലും രണ്ട് ഗ്രൂപ്പുകളിൽ നിന്നായി നാലു വിഷയങ്ങൾ തെരഞ്ഞെടുക്കണം.ആവശ്യമെങ്കിൽ അഞ്ചാമത് ഒരു വിഷയം കൂടി തെരഞ്ഞെടുക്കാം. ഗ്രൂപ്പ് മൂന്നിലും നാലിലും വരുന്ന വിഷയങ്ങളിൽ പൊതു പരീക്ഷ ആയിരിക്കും.ഒന്നും രണ്ടും ഗ്രൂപ്പുകളിൽ  സ്കൂൾതല മൂല്യ നിർണ്ണയവും പൊതു പരീക്ഷയും കാണും.