Friday, June 13, 2025

മാറുന്ന കാലവും മാറുന്ന സങ്കൽപ്പങ്ങളും

 ഇത് കാലത്തും നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നവയവയാണ് നരേറ്റീവുകൾ.നമ്മുടെ ചുറ്റുമുള്ള സംഭവങ്ങളെ എളുപ്പത്തിൽ മനസിലാക്കാൻ ഉതകുന്ന തരത്തിലുള്ള ഭാവനാത്മകമായ വിവരണം ആണ് നരേറ്റീവുകൾ.ഇവ രൂപപ്പെടുന്നത്തിന് പിന്നിൽ ചില അടിസ്ഥാന സങ്കൽപ്പങ്ങൾ ഉണ്ട്.അത്തരത്തിലുള്ള ചില സങ്കല്പങ്ങളെപ്പറ്റിയാണ് ഇവിടെ ചിന്തിക്കുന്നത്.

ജനസംഖ്യാ വർദ്ധനവ് രാജ്യത്തെ പട്ടിണിയിലേക്കും അവികസിതാവസ്ഥയിലേക്കും നയിക്കും എന്നതാണ് ഒരു സങ്കൽപ്പം.ഇത് ഇപ്പോൾ കേൾക്കാനില്ല.ജനങ്ങളുടെ എണ്ണം കൂടുമ്പോൾ രാജ്യത്തെ വിഭവങ്ങൾ കൂടുതൽ പേർക്കായി വീതം വെക്കേണ്ടി വരുമെന്നും അതിൻ്റെ ഫലമായി ഓരോർത്തർക്കും  ലഭിക്കുന്ന വിഭവങ്ങൾ കുറയും എന്നുമുള്ള സങ്കൽപ്പമായിരുന്നു ഈ വിശ്വാസത്തിന് കാരണം. എന്നാൽ രാജ്യത്തിന് സമ്പത്ത് വർദ്ധിപ്പിക്കാൻ കഴിയുമെന്നും വിദ്യാഭ്യാസം നേടിയ ജനങ്ങൾ ഈ സമ്പത്ത് വർധനവിന് ആവശ്യമായ ഉപാധിയാണെന്നും മനസിലായതോടെ ജനങ്ങൾ ,പ്രത്യേകിച്ചും യുവജനങ്ങൾ  രാജ്യ പുരോഗതിക്ക് അനിവാര്യമാണ് എന്ന് ലോകം മനസിലാക്കി.ഇപ്പൊൾ ആരും പഴയതുപോലെ ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് സംസാരിക്കുന്നില്ല.

ഇതുപോലുള്ള മറ്റൊരു വാദമായിരുന്നു ഉന്നത വിദ്യാഭ്യാസത്തെ മുതലാളിത്ത താത്പര്യങ്ങൾക്ക് അനുസൃതമായി മാറ്റുന്നു എന്ന്.വ്യവസായ രംഗത്ത് ആവശ്യമായ സ്കില്ലുകൾ വളർത്തുന്ന സ്ഥാപനങ്ങളായി  ഉന്നതവിദ്യാഭ്യാസ രംഗത്തെ മാറ്റാനുള്ള ശ്രമം നടന്നപ്പോഴെല്ലാം വിദ്യാഭ്യാസത്തെ മുതലാളിത്തത്തിന് തീറെഴുതുന്നു എന്ന ആരോപണവും ഉയർത്തിയിട്ടുണ്ട്. എന്നാൽ സമ്പദ്ഘടനക്ക് ആവശ്യമായ മാനവ ശേഷി വർധിപ്പിക്കുകയാണ് ഉന്നത വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം എന്ന് മനസിലാകിയതോടെ  ഇപ്പോൾ ആരും പഴയ വാദങ്ങൾ ഒന്നും ഉയർത്താറില്ല.എല്ലാവരും സ്റ്റാർട്ട് അപ്പുകളുടെയൊക്കെ പിറകിലാണ്.

പ്രചാരം കുറഞ്ഞുകൊണ്ടിരിക്കുന്ന മറ്റൊരു സങ്കൽപ്പമാണ് മുതലാളിത്തത്തിൻ്റെ കടന്നു കയറ്റത്തോടെ ധനികർ കൂടുതൽ ധനികരാവുകയും ദരിദ്രർ കൂടുതൽ ദരിദ്രർ ആവുകയും ചെയ്യുന്നു എന്നത്.ഒരു രാജ്യത്തിന് നിശ്ചിതമായ ധനം മാത്രമാണ് ഉള്ളത് എങ്കിൽ പണക്കാർ കൂടുതൽ ഭാഗം പിടിച്ചെടുത്താൽ ദരിദ്രർക്ക് കുറച്ചു മാത്രമേ ലഭിക്കുകയുള്ളൂ.അപ്പം പങ്കുവെക്കുന്ന കണക്കുപോലെ.ഒരു അപ്പത്തിൻ്റെ വലിയ ഭാഗം ഒരു വിഭാഗം കൈക്കലാക്കിയാൽ ബാക്കിയുള്ള ഭൂരിപക്ഷം വരുന്നവർക്ക്  അപ്പത്തിൻ്റെ ചെറിയ ഭാഗം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.എന്നാൽ അപ്പം വളർന്നുകൊണ്ടിരിക്കയാണെങ്കിലോ? അപ്പോഴും അപ്പത്തിൻ്റെ വലിയ ഭാഗം ന്യൂനപക്ഷം കൈവശപ്പെടുത്തിയാലും ഭൂരിപക്ഷത്തിന് ലഭിക്കുന്ന അപ്പത്തിൻ്റെ അളവിൽ വർധനയുണ്ടാകുന്നുണ്ട്.ഇങ്ങനെയാണ് മുതലാളിത്ത സമൂഹം പ്രവർത്തിക്കുന്നത്.അവിടെ സമ്പത്തിൽ തുടർച്ചയായ വർദ്ധനവ് ഉണ്ടാകുന്നു.അതനുസരിച്ച് ദരിദ്രരുടെ പോലും വരുമാനത്തിലും വർധനവുണ്ടാകും.മാത്രമല്ല വ്യവസായ വളർച്ചക്ക് ആവശ്യമായ സ്‌കില്ലുകൾ നേടുന്നവർക്ക് ലഭിക്കുന്ന ഉയർന്ന വേതനങ്ങളിലൂടെ സമൂഹത്തിൽ സമ്പത്തിൻ്റെ വിതരണവും നടക്കുന്നു.ഇത് സമ്പത്ത് സമൂഹത്തിൻ്റെ താഴേത്തട്ടിൽ ഉള്ളവരിൽ പോലും സമ്പത്ത് എത്തിച്ചേരാൻ കാരണമാകും.

ഇപ്രകാരമാണ് കാലാ കാലങ്ങളിൽ നറേറ്റിവുകൾ നമ്മുടെ ചിന്തയെ മാറ്റി മാറിക്കുന്നത് .

ജാതി സെൻസസ് കേരളത്തിൽ പ്രത്യാഘാതങ്ങൾ

 ജാതി സെൻസസ് നടത്തുന്നതിനെതിരെ എൻ എസ് എസ് രംഗത്ത് വന്നിരിക്കുന്നു.ജാതി സെൻസസ് നടത്തുന്നത് കൊണ്ട് നായർ നമ്പൂതിരി ഉയർന്ന ജാതിക്കാരായ ക്രിസ്ത്യാനികൾ മുതലായവർക്ക് എന്തെങ്കിലും ദോഷമുണ്ടാകുമെന്ന് എൻ എസ് എസ് കരുതുന്നുണ്ടായിരിക്കും.പക്ഷേ അതിന് എന്തെങ്കിലും അടിസ്ഥാനം ഉണ്ടെന്ന് തോന്നുന്നില്ല.

ഓരോ സംസ്ഥാനത്തിനും ഓരോ ജാതിയിലും പെട്ടവരുടെ എണ്ണം എടുക്കുകയാണ് ജാതി സെൻസസിൽ ചെയ്യുന്നത്.ഓരോ ജാതിയിലുംപെട്ടവരുടെ സാമ്പത്തിക സെൻസസും ഗവൺമെൻ്റ് സർവീസ്,വ്യാപാരം,വ്യവസായം കൃഷി,വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം എന്നിവ കണക്കിലെടുക്കാത്തത് കൊണ്ട് തന്നെ ഓരോ ജാതിയിലും പെട്ട എത്രപേർ ഉണ്ടെന്ന് അറിയാം എന്നല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല.


ബീഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ ജാതിക്കുള്ളിലെ ഉപജാതികളുടെ കണക്ക് കൂടി എടുത്തിരുന്നു.കേരളത്തിലും നായർ ,ഈഴവ സമുദായങ്ങളും വിവിധ ഉപജാതികളുടെ കൂട്ടായ്മകളാണ്.പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളും വ്യതസ്ത വിഭാഗങ്ങൾ ഉൾക്കൊള്ളുന്നു.സെൻസസിൽ ഉപജാതികളിൽ പെട്ടവരുടെ കണക്ക് പ്രത്യേകം കണക്കാക്കുമോ എന്ന് വ്യക്തമല്ല.


സെൻസസ് കൊണ്ട് എന്താണ് പ്രയോജനം എന്ന് കൂടി കണക്കിലെടുക്കണം.കേരളത്തിൽ സർക്കാർ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനും 50 ശതമാനം സീറ്റാണ് ജനറൽ വിഭാഗത്തിനുള്ളത്.ഇത് എല്ലാ വിഭാഗങ്ങൾക്കും കൂടി ഉള്ളതാണ്.സ്വാതന്ത്ര്യം ലഭിച്ച ആദ്യ നാളുകളിൽ നായർ,സുറിയാനി ക്രിസ്ത്യാനികൾ എന്നിവർ ജനറൽ വിഭാഗത്തിൽ നല്ലൊരു ഭാഗവും നേടി വരികയായിരുന്നു. എന്നാൽ ഇപ്പൊൾ ഇതിന് വലിയ മാറ്റം വന്നിട്ടുണ്ട്.ജനറൽവിഭാഗത്തിൽ മത്സരിച്ച് തൊഴിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മീഷനും നേടുന്നതിന് മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുകയാണ് വേണ്ടത് ജാതി സെൻസസിനെ എതിർക്കുകയല്ല വേണ്ടത് എന്ന് എൻ എസ് എസ് നേതൃത്വത്തിന് അറിയാമോ എന്തോ.


ജാതി സെൻസസ് കഴിഞ്ഞാൽ സംവരണത്തിന് എന്തെങ്കിലും മാറ്റം വരുമോ എന്നുള്ളതാണ് അടുത്ത പ്രശ്നം. ഒബിസി സംവരണത്തിൽ നിലവിൽ ആദ്യ സ്ഥാനം നൽകുന്നത് ഈഴവ സമുദായത്തിനാണ്. എന്നാൽ ജാതി സെൻസസ് കഴിയുന്നതോടെ ഈഴവരെക്കാൾ ജനസംഖ്യയുള്ള വിഭാഗമായി മുസ്ലിം ഉയർന്നു വരും.അപ്പോൾ ഒബിസി സംവരണത്തിൽ പ്രഥമ സ്ഥാനം മുസ്ലിമിന് നൽകുമോ?അതുപോലെ പട്ടികജാതി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേരുള്ളത് പുലയ സമുദായത്തിലാണ്.പട്ടിക വർഗ്ഗക്കാരിൽ കൂടുതലുള്ളത് പണിയരും.കൂടുതൽ ജനസംഖ്യ ഉള്ളവർക്ക് സവരണത്തിനുള്ളിൽ സംവരണം ഏർപ്പെടുത്തി അവർക്ക് കൂടുതൽ ശതമാനം സംവരണം ഏർപ്പെടുത്തുമോ എന്ന് വ്യക്തമല്ല.എന്തായാലും ഭാവിയിൽ ഇങ്ങനെയുള്ള ആവശ്യങ്ങൾ ഉയർന്ന് വരാൻ സാധ്യതയുണ്ട്.


പിന്നെ എൻ എസ് എസ് ഭയപ്പെടുന്നത് പോലെ ഒരു തിരിച്ചടി ഉണ്ടാകാൻ സാധ്യതയുള്ളത് ജന പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിലാണ്.ഓരോ മണ്ഡലങ്ങളിലെയും ജാതി മതം തിരിച്ചുള്ള കണക്ക് കൈയ്യിൽ കിട്ടിയാൽ രാഷ്ട്രീയ പാർട്ടികൾ പ്രബല സമുദായങ്ങളിൽ പെട്ട സ്ഥാനാർഥികളെ മാത്രമേ നിർത്തുകയുള്ളൂ.ജനസംഖ്യ കുറഞ്ഞ നായർ,ക്രിസ്ത്യൻ വിഭാഗങ്ങളെ. ഇത് ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.പല മണ്ഡലങ്ങളിലും നായർ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത് രാഷ്ട്രീയ പാർട്ടികൾ പുനർ വിചിന്തനം നടത്താൻ സാധ്യതയുണ്ട്.ഉദാഹരണം കൊല്ലം പാർലമെൻ്റ് മണ്ഡലം.പൊതുവെ എല്ലാ രാഷ്ട്രീയ പാർട്ടികളും അവിടെ നായർ സ്ഥാനാർഥികളെയാണ് മത്സരിക്കുന്നത്.ഇവിടെ നായന്മാർക്ക് മുൻകൈ ഉണ്ടെന്ന ധാരണയിലാണ് ഇത് ചെയ്യുന്നത്.ജാതി സെൻസസ് കഴിയുന്നതോടെ ഈ സങ്കൽപ്പം പൊളിയാൻ സാധ്യതയുണ്ട്.


പിൻകുറിപ്പ്. ഇ എംഎസ് നമ്പൂതിരിപ്പാടിനെയും എം എൻ ഗോവിന്ദൻ നായരെയും ജനങ്ങൾ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തത് അവർ ഉയർന്ന ജാതിയിൽ പെട്ടവരായത് കൊണ്ടല്ല ജനങ്ങൾക്ക് വേണ്ടി പ്രവര്ത്തിച്ചത് കൊണ്ടാണ് എന്നതാണ് എൻഎസ്എസ് ഓർക്കേണ്ട വസ്തുത.