Saturday, October 2, 2010

എത്തിപ്പോയ് കൊയ്ത്ത് യന്ത്രം




തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ബ്ലോക്കിൽപെട്ട പകൽക്കുറി ഏലായിൽ ഇന്നലെ കൊയ്ത്തുയന്ത്രം എത്തി.പത്തുപറ നിലം കൊയ്യാൻ ഏകദേശം ഒരുമണിക്കൂർ മാത്രം മതിയാകുന്ന ഈ യന്ത്രത്തിന് വാടക കേവലം ആയിരത്തി അഞ്ഞൂറ് രൂപ മതിയാകും. തൊഴിലാളികളെ ഉപയോഗിച്ച് കൊയ്യുമ്പോൾ അയ്യായിരം രൂപയിൽ അധികമാകും.
നെൽ കൃഷി വളരെ സംഘാടന ശേഷി ആവശ്യമുള്ളതാണ്.ആരംഭം മുതൽ അരിയാക്കുന്നത് വരെ വളരെയേറെ മനുഷ്യാധ്വാനം വേണം.പത്ത് കൊല്ലങ്ങൾക്ക് മുമ്പ് തൊഴിലാളികളുടെ കൂലി, ദിവസം 60 രൂപയായിരുന്ന കാലത്ത് നെല്ലിന് കിലോക്ക് 7 രൂപയായിരുന്നു. ഇക്കാലത്ത് ഒരു സർക്കാർ ഉദ്യോഗസ്ഥന് ശമ്പളം ശരാശരി 6000 രൂപയായിരുന്നു.ഇപ്പോൾ തൊഴിലാളിയുടെ കൂലി 350 രൂപയും സർക്കാർ ഉദ്യോഗസ്ഥന് 10000 രൂപയും കിട്ടുന്ന കാലത്ത് അരിക്ക് വില 12 രൂപ.റബ്ബറടക്കമുള്ള വിളകൾക്ക് വില കൂട്ടാനായി രാഷ്ട്രീയ പാർട്ടികളും സർക്കാരും ശ്രമിക്കുമ്പോൾ, അരിക്ക് വില കുറക്കാനാണ് ശ്രമിക്കുന്നത്.25000 രൂപ മാസ ശമ്പളം ലഭിക്കുന്ന കോളേജ് അധ്യാപകനും റേഷൻ കട വഴി 10 രൂപക്ക് അരി കൊടുക്കാനാണ് എവിടെ മത്സരം.
എ.പി.എൽ കാർക്ക് റേഷൻ നിർത്തലാക്കുന്നു എന്ന് കേട്ടാൽ അപ്പോൾ അപ്പോൾ തുടങ്ങും പാർട്ടികൾ വാളെടുക്കാൻ.ചുരുക്കത്തിൽ നെൽ കർഷകൻ നഷ്ടം സഹിച്ചും അരിയുൽപ്പാദിപ്പിച്ച് ഉയർന്ന ശമ്പളം വാങ്ങുന്നവർക്ക് നൽകണം.എന്നാലല്ലേ അവർക്ക് പൈസ ലാഭിച്ച് കാറും വാഷിങ് മെഷീനുമൊക്കെ വാങ്ങാനാകൂ.ഇനി പട്ടിണികിടന്ന് സഹികെടുമ്പോൽ കുറച്ച് മണലെടുത്ത് വിൽക്കുകയോ,കുറച്ച് നിലത്തിൽ റബ്ബർ നടുകയോ ചെയ്താൽ ഉടൻ അവർ ഭൂ മാഫിയയും മണൽ മാഫിയയുമൊക്കെയായി മാറും.ഭക്ഷ്യസുരക്ഷ കാത്തുസൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം പട്ടിണികിടക്കുന്ന കർഷകന് മാത്രമുള്ളതാണല്ലൊ. ഇനിയിപ്പൊൾ നിലം നികത്തുന്നവരെ ശിക്ഷിക്കാനുമുള്ള നിയമം വരുന്നുവത്രെ.
റേഷൻ കട വഴി എ.പി.എൽ കാർക്കും കുറഞ്ഞ വിലക്ക് അരി കൊടുത്ത് അരിവില ക്രിത്രിമമായി പിടിച്ച് നിർത്തുന്നത് നെൽകൃഷി നശിപ്പിക്കുകയേയുള്ളൂ.നല്ല വില ലഭിച്ചാൽ മാത്രമെ ഏതു കൃ ഷിയും തുടർച്ചയായി നടത്താനും,അതിലേർപ്പെട്ടിരിക്കുന്നവർക്ക് ജീവിക്കാനും കഴിയൂ.സർക്കാർ ജോലിക്കാരും ഗൾഫ്കാരും തോട്ടമുടമകളുമൊക്കെ മക്കളെ എൻഞിനീയരിങ്ങിനും മെഡിസിനുമൊക്കെ അയക്കുമ്പോൽ കർഷകരുടെ മക്കളെ ഫാർമസിക്കെങിലും അയക്കണമല്ലോ. അപ്പോൾ ഭക്ഷ്യ സുരക്ഷ നോക്കുമൊ, അൽപ്പമെങ്കിലും വരുമാനമുണ്ടാക്കാൻ നോക്കണൊ?എന്തായാലും ഈ കൊയ്ത്ത് മെഷീൻ കർഷകന്റെ മുതുകിലെ അവസാനത്തെ വൈക്കോൽ എടുത്ത് കളയാൻ സഹായിക്കട്ടെ.

Tuesday, September 21, 2010

മലയാളികളും വിദ്യാഭ്യാസവും

വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം എഴുതാനും വായിക്കുവാനും പഠിക്കുക എന്നതല്ല.എഴുത്തും വായനയും കൂടൂതൽ ജ്ഞാനം ആർജ്ജിക്കാനും ,ആ വിജ്ഞാനം സമൂഹ പുരോഗതിക്ക്‌ ഉപയോഗിക്കുന്നതിനുമുള്ള ഉപകരണങ്ങളാണ്‌.വിദ്യാഭ്യാസതിന്റെ ലക്ഷ്യം കേരളത്തിന്റെ മാനവവിഭവ ശേഷി പരിപോഷിപ്പിക്കുകയും ഈ ശേഷിയെ വികസനത്തിന്‌ വേണ്ടി ഉപയോഗിക്കുക എന്ന്നതുമാണ്‌.ജനങ്ങളുടെ ജീവിത നിലവാരം പടിപടിയായി മെച്ചപ്പെടുത്തുക എന്നതണ്‌ വികസനം എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്‌.എല്ലാവർക്കും ആഹാരം,വസ്ത്രം,പാർപ്പിടം,വിദ്യാഭ്യാസം,ആരോഗ്യം,അവസര തുല്ല്യത എന്നിവ നേടാനുള്ള അവസരം ഒരുക്കുകയാണ്‌ ഇതിലൂടെ .ഇതിനുള്ള ഏറ്റവും നല്ല ഉപകരണമാണ്‌ വിദ്യാഭ്യാസം.എന്നാൽ കേരളതിൽ വിദ്യാഭ്യാസതിന്റെ ലക്ഷ്യം ജോലി പ്രത്യേകിച്ച്‌ ഡോക്റ്റർ,എഞ്ചിനീയർ,ഉയർന്ന ഗവർമെന്റ്‌ ജോലികൾ,ഇതൊന്നും കിട്ടാത്തവർക്ക്‌ എൽ.ഡി.സി-പ്യുൺ, തുടങ്ങിയ ഉദ്യോഗങ്ങൾ ലഭിക്കുവനുള്ള മാർഗ്ഗം ഒരുക്കലായിരിക്കുന്നു.ഇതിൽ തന്നെ ഉയർന്ന ജോലികൾക്ക്‌` കുട്ടികളെ പരിശീലിപ്പിക്കുന്നതിന്‌, മലയാളമോ കേരളത്തിന്റെ ചരിത്രമോ സംസ്കാരമോ പഠിക്കേണ്ടാത്ത സ്വാശ്രയ-ഇംഗ്ലീഷ്‌ മീഡിയം വിദ്യാലയങ്ങൾ.ഗൾഫ്കാരുടെയും സർക്കാർ ഉദ്യോഗസ്തന്മാരുടെയും മക്കൾ ഇവിടെ പാ​‍ീക്കുന്നു.മറുവശത്ത്‌ സർക്കാർ സ്ക്കൂളുകൾ.കൂലിപ്പണിക്കാരുടെ മക്കൾക്ക്‌ ഭൂരിപക്ഷമുള്ള സർക്കാർ സ്കൂളുകളിൽ അവർ മലയാളം ഭാഷയും കേരള ചരിത്രവും സംസ്കാരവും കുടുംബശ്രീയും ജനകീയാസൂത്രണവും ഒക്കെ പാ​‍ീക്കുന്നു.ഇതൊക്കെ എഞ്ചിനീയറിങ്ങ്‌/മെഡിക്കൽ എന്റ്രൻസ്‌ പരീക്ഷകൾക്കോ,സിവിൽ സർവീസ്‌-ഐ ഐ റ്റി പരീക്ഷകൾക്കോ ചോദിക്കാത്തതിനാൽ ഈ കുട്ടികൾ അവിടെയെങ്ങും എത്തുമെന്ന്‌ പേടിക്കാനുമില്ല..ഇനി എത്തിപ്പെടുമെന്ന്‌ സംശയം തട്ടിയാൽ തന്നെ,ആ സംശയം മുളയിലേ നുള്ളിക്കളയാൻ സർക്കാരും ഉദ്യോഗസ്ത്ഥന്മാരും ഒറ്റക്കെട്ടാണ്‌.എഞ്ചിനീയറിങ്ങ്‌/മെഡിക്കൽ പ്രവേശനത്തിന്‌ പ്ലസ്‌ ടൂവിന്റെ മാർക്കിന്‌ കൂടി വെയിറ്റേജ്‌ നല്കണമെന്ന ആർ വി ജി മേനോൻ സാറിന്റെ നിർദ്ദേശം ഭരണത്തിന്റെ നാലുകൊല്ലവും നടപ്പിലാക്കാതിരിക്കുന്നതിൽ സർക്കാർ വിജയിച്ചിട്ടുണ്ട്‌.ഇനി അഞ്ചാമത്തെ കൊല്ലത്തെ കൂട്ടപ്പൊരിച്ചിലിനിടയിൽ ഇക്കാര്യമൊക്കെ ആരുനോക്കാൻ?അധവാ ഇലക്ഷന്‌ മുമ്പ്‌ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയാൽ,പ്രഖ്യാപിച്ചു എന്ന ഖ്യാദിയുമായി, നടപ്പാകില്ല എന്ന ഉറപ്പുമായി. ചുരുക്കത്തിൽ വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തിന്‌ വിരുദ്ധമായാണ്‌ കേരളത്തിലെ വിദ്യാഭ്യാസ രംഗം നീങ്ങുന്നത്‌.പണക്കാരും സർക്കാർ ഉദ്യോഗസ്ത്ഥന്മാരുമുൾപ്പെട്ട ഉപരിവർഗ്ഗത്തിൽ പെട്ടവരുടെ മക്കൾ സമൂഹത്തിലെ ഉയർന്ന ജോലികൾ നേടുന്നതിനുള്ള പരിശീലനമായാണ്‌ വിദ്യാഭ്യാസത്തെ കാണുന്നത്‌.ഇതിനായി അവർ യോജിച്ച വിദ്യാഭ്യാസ രീതി സ്വാശ്രയ സ്കൂളുകലിൽ തെരഞ്ഞെടുക്കുന്നു.ഈ സ്കൂളുകളിൽ മലയാള ഭാഷക്കോ,കേരള ചരിത്രത്തിനോ കേരള വികസനത്തിന്‌ സർക്കാർ മുന്നോട്ട്‌ വെക്കുന്ന മാർഗഗങ്ങളായ ജനകീയാസൂത്രണത്തിനൊ കുടുംബശ്രീക്കോ ഒന്നും ഒരുസ്ഥാനവുമില്ല.എഞ്ചിനീയറിങ്ങ്‌ മെഡിക്കൽ എന്റ്രൻസ്കളിലോ പി എസ്‌ സി അടക്കമുള്ള പരീക്ഷകളിലോ ഇത്തരം അറിവുകൾക്ക്‌ ഒരു പ്രസക്തിയുമില്ല.അതിനാവശ്യമായ ജനറൽ നോളജ്‌, രാഷ്ട്രത്തലവൻ മാരുടെ പേരുകളും മറ്റും, സ്വാശ്രയ സ്കൂളുകളിൽ പഠിപ്പിക്കുന്നുമുണ്ട്‌.സർക്കാർ സ്കൂളുകളിൽ എല്ലാ വിഷയങ്ങളും കുടുംബശ്രീ,ജനകീയാസൂത്രണം എന്നിവയുമായി ബന്ധിപ്പിച്ചാണ്‌ ചർച്ച ചയ്യുന്നത്‌.എന്നാൽ ഇതൊന്നും മുകളിൽ പറഞ്ഞ പരീക്ഷകൾക്ക്‌ ഉപയുക്തമാകുന്നുമില്ല.ഒരുപക്ഷെ അതുതന്നെയയിരിക്കാം സർക്കാരുമുദ്ദേശിക്കുന്നത്‌.തൊഴിലുറപ്പ്‌ പദ്ധതിക്കും കുടുംബശ്രീക്കുമൊക്കെ നാളെയും അനുയായികൾ വേണമല്ലൊ.ഇതൊന്നും പഠിക്കാതെ വളർ ന്നുവന്ന ഉപരിവർഗ്ഗം,നയരൂപകർത്താക്കളായും ഭരണകർത്താക്കളുമായി വരുമ്പോൾ ,ഇതെല്ലാം പഠിച്ചുവളർന്നവർ അനുയായികളായി മാറുന്നു.ഇതുതന്നെയാണ്‌ കേരളത്തിന്റെ വികസനം നേരിടുന്ന പ്രധാന വെല്ലുവിളിയും.

Wednesday, August 25, 2010

അന്യ സംസ്ഥാനങ്ങൾ

കേരളത്തിൽ ഇപ്പോൾ വളരെ പ്രചാരത്തിലുള്ള പ്രയോഗമാണ് “അന്യ സംസ്ഥാനങ്ങൾ“എന്നത്.ഇന്ത്യ ഒരു റിപ്പബ്ലിക് ആണെന്നും സംസ്ഥാനങ്ങൾ ഈ രാജ്യത്തിന്റെ ഭാഗമാനെന്നുമാണ് പൊതുവായുള്ള വിശ്വാസം.മലയാളികൾ ഇന്ത്യയുടേ വിവിധഭാഗങളിൽ ജോലി ചെയ്ത് വരുന്നുമുണ്ട്.പക്ഷേ മറ്റ് സംസ്ഥാനങ്ങൾ കേരളതിലേക്ക് പഴമോ ,പച്ചക്കറിയോ കയറ്റി അയക്കുമ്പോഴോ ഇവിടത്തെ വിദ്യാർധികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി പോകുമ്പോഴോ അത് “അന്യ സംസ്ഥാനമായി“.എന്നാൽ ഉള്ളയിടത്തൊക്കെ റബ്ബർ നട്ട് പൈസ സമ്പാദിക്കുന്ന നമുക്ക് ഇതൊന്നും കൂടാതെ ജീവിക്കാനും പറ്റില്ല.എന്നാലും വിളിക്കുന്നത് അന്യ സംസ്ഥാനങ്ങൾ എന്നും.ഇത് വേണോ?അയൽ സംസ്ഥാനങ്ങൾ എന്നോ മറ്റ് സംസ്ഥാനങ്ങൾ എന്നോ പോരെ?