Monday, March 27, 2017

എസ് .എസ് .എൽ .സി ചോദ്യ പേപ്പറുകൾ

എസ് .എസ് .എൽ .സി  ചോദ്യ പേപ്പറുകൾ തയ്യാറാക്കുന്നത്‌  ഹയർസെക്കണ്ടറി അദ്ധ്യപകരാണത്രെ .ഹയർസെക്കണ്ടറി ചോദ്യപേപ്പറുകൾ കോളേജ് അധ്യാപകരും വിദ്യാഭ്യാസ രംഗത്ത് ഇത്രയൊക്കെ മാറ്റം വന്നിട്ടും ചോദ്യ പേപ്പർ തയ്യാറാക്കുന്ന അറുപഴഞ്ചൻ സമ്പ്രദായം മാറിയിട്ടില്ല  എന്നത് അദ്‌ഭുതകരമാണ് .
പാഠ്യപദ്ധതിയിൽ നിർദ്ദേശിച്ചിട്ടുള്ള ലക്ഷ്യങ്ങൾ  വിദ്യാർത്ഥികൾ എത്രത്തോളം ആർജ്ജിച്ചു എന്നറിയാനാണ് പരീക്ഷകൾ .എന്തെല്ലാം അറിവും കഴിവും മനോഭാവവും കുട്ടികൾ സ്വായത്തമാക്കണമെന്ന് പാഠ്യപദ്ധതിയിൽ നിര്ദേശിച്ചിട്ടുണ്ട്.ഇതനുസ്സരിച്ചാണ് അധ്യാപകർ പഠിപ്പിക്കുന്നത്..ഇതിന് അധ്യാപകരെ പ്രാപ്തരാക്കുന്നതാവണം അധ്യാപകപരിശീലനം.പഠിപ്പിക്കുന്ന അധ്യാപകര്ക്ക്തന്നെയാണ് എത്രത്തോളം ശേഷി കുട്ടികൾ ആർജിച്ചുവെന്ന് കണ്ടെത്താൻ കഴിയുക.
ഇന്ന് പരീക്ഷകൾ എന്തോ മഹാസംഭവമായി കരുതി രഹസ്യസ്വഭാവമെല്ലാം കൊണ്ടുവരുകയാണ് .എസ് എസ് .എൽ സി മാർക്കിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഒരു  ജോലിക്കും തെരഞ്ഞെടുക്കുന്നില്ല .പ്ലസ് ടു വിന്റെ അഡ്മിഷന് മാത്രമേ ഈ മാർക്ക് പ്രയോജനം ചെയ്യുന്നുള്ളു.പിന്നെ എന്തിനാ ഈ യുദ്ധകാലാടിസ്ഥാനത്തിലുള്ള പരീക്ഷയൊക്കെ?
ഇനി രഹസ്യസ്വഭാവത്തിൽ ഇപ്പോഴുള്ളതുപോലെ പരീക്ഷ നടത്തണമെങ്കിൽത്തന്നെ ആധുനികമാര്ഗങ്ങളുണ്ട് .പാഠ്യപദ്ധതിയുടെയും സിലബസ്സിന്റെയും അടിസ്ഥാനത്തിൽ ഓരോ വിഷയത്തിലും ചാപ്റ്റർ അടിസ്ഥാനത്തിൽ ചോദ്യബാങ്ക് തയ്യാറാക്കാവുന്നതാണ്.പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിൽ ഓരോ വിഷയത്തിലും ഓരോ അധ്യായത്തിൽ നിന്നും നേടേണ്ട അറിവ് കഴിവ് മനോഭാവം എന്നിവ മാനദണ്ഡമാക്കിയായിരിക്കണം ചോദ്യബാങ്കിലെ ചോദ്യങ്ങൾ തയ്യാറാക്കേണ്ടത്.ഒരു ശില്പശാലയിലുടെ ഇത് തയ്യാറാക്കേണ്ടത് പഠിപ്പിക്കുന്ന അധ്യാപകർ തന്നെയായിരിക്കണം.
സാധാരണ കുട്ടികൾക്കും ഉത്തരം എഴുതാൻ കഴിയുന്നവ,കുറച്ചുകൂടി ഉയർന്ന തലത്തിലുള്ളവ ,ഏറ്റവും ഉയർന്ന തലത്തിലുള്ളവയെന്നിങ്ങനെ മൂന്നുതരം ചോദ്യബാങ്കുകൾ ഓരോ അധ്യായത്തിലും തയ്യാറാക്കേണ്ടിവരും.ഇതിൽ നിന്ന് 60 % ചോദ്യങ്ങൾ സാധാരണ കുട്ടികൾക്കും ഉത്തരമെഴുതാൻ കഴിയുന്നവ,20 %അല്പം കൂടി ഉയർന്ന നിലവാരത്തിലുള്ളവ ,20 % ഉയർന്ന നിലവാരത്തിലുള്ളവഎന്നിങ്ങനെ ഉൾപ്പെടുത്തി കംപ്യുട്ടർ ഉപയോഗിച്ച് എത്രസെറ്റ് ചോദ്യപേപ്പറുകൾ വേണമെങ്കിലും ഉണ്ടാക്കാം.ചോദ്യബാങ്കുകൾ മറ്റു ഭാഷകളിൽക്കൂടി തർജമ ചെയ്‌താൽ മറ്റു ഭാഷകളിലെ(തമിഴ്,കന്നടം )ചോദ്യപേപ്പറുകളും തയ്യാറാക്കാം.ഇത്തരത്തിൽ ഒരു ശാസ്ത്രീയ സമീപനം സ്വീകരിച്ചുകൂടെ?

No comments:

Post a Comment