Tuesday, January 5, 2021

വൺ അറേഞ്ച്ഡ് മാര്യേജ് മർഡർ by ചേതൻ ഭഗത്

ചേതൻ ഭഗത്തിന്റെ ഈ വര്ഷം പുറത്തിറങ്ങിയ നോവലാണ് വൺ അറേഞ്ച്ഡ് മാര്യേജ് മർഡർ .കഴിഞ്ഞ നോവലായ ഗേൾ ഇൻ റൂം നമ്പർ 105 ലെപ്പോലെ ഇതും ഒരു കുറ്റാന്വേഷണ കഥയാണ്.മുൻ നോവലിലെ പ്രധാന കഥാപത്രങ്ങളായ കേശവ് , സൗരഭ് എന്നിവരാണ് ഇതിലേയും പ്രധാന കഥാപാത്രങ്ങൾ.ഗേൾ ഇൻ റൂം നമ്പർ 105 ൽ കേശവിന്റെ കാമുകിയാണ് കൊല്ലപ്പെടുന്നതെങ്കിൽ ഇപ്പോഴത്തെ നോവലിൽ സൗരഭിന്റെ ഭാര്യയാകാൻ പോകുന്ന പെൺകുട്ടിയാണ് കൊല്ലപ്പെടുന്നത്.മരണത്തിന് പിന്നിലെ ദുരൂഹത അനാവരണം ചെയ്യുന്നതിനോടൊപ്പം ചേതൻ ഭഗത്തിന്റെ സ്ഥിരം ചേരുവകളായ അപകർഷതാബോധം ,ആഹാരം രുചിയോടെ കഴിക്കുന്നതിനെക്കുറിച്ചുള്ള വർണന,ഡൽഹി നഗരത്തിന്റെ വർണന എന്നിവ ഇതിലുമുണ്ട്.
പതിവ് പോലെ നോവൽ രസകരമായി വായിച്ച് പോകാം.രണ്ടു നോവലിലും കഥാപാത്രങ്ങളുടെ കാമുകിയോ ഭാര്യയാകാൻ പോകുന്ന പെൺകുട്ടിയോ തുടർച്ചയായി കൊല്ലപ്പെടുന്നതിനെക്കുറിച്ചുള്ള യുക്തിചിന്തയൊക്കെ മാറ്റിവെക്കണം എന്ന് മാത്രം.കഴിഞ്ഞ പുസ്തക നിരൂപണത്തിൽ ചേതൻ ഭഗത്തിനെ ഇംഗ്ലീഷിലെ കെ കെ സുധാകരൻ എന്ന് വിശേഷിപ്പിച്ചിരുന്നു.ഇവിടെ ഒരു തിരുത്ത് പറയാനുണ്ട്.വിഷയ ദാരിദ്ര്യമുണ്ടെങ്കിലും കഥയുടെ ശില്പഭദ്രതയിൽ കെ കെ സുധാകരൻ ബഹുദൂരം മുന്നിലാണ്.പഴയ നമ്പൂതിരി ഭാഷയിൽ പറഞ്ഞാൽ രസച്ചരട് മുറിയാതെ കൊണ്ട് പോകാൻ സുധാകരനുള്ള കഴിവ് ചേതൻഭഗത്തിനില്ല.ചേതൻ ഭഗത്തിന്റെ നോവലുകൾ ആവർത്തന വിരസതയുണ്ടാക്കുന്നു.
എന്നിരുന്നാലും ക്രൈം ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് വായിക്കാവുന്ന ഒരു പുസ്തകമാണിത്.സ്ഥിരം വായനക്കാർക്ക് ഒരുപക്ഷെ ക്ലൈമാക്സ് ആദ്യമേ ഊഹിച്ചെടുക്കാൻ കഴിഞ്ഞേക്കും.വെസ്റ്റ് ലാൻഡ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
No photo description available.
Like
Comment
Share

No comments:

Post a Comment