Sunday, January 17, 2021

സ്‌മൃതിപർവ്വം ഡോ .പി കെ വാര്യർ

 


മഹത്വമുള്ളവർ ജീവിച്ചിരിക്കുമ്പോൾ നമ്മൾ തിരിച്ചറിയ്യാറില്ല.വളരെക്കാലം കഴിഞ്ഞ് അവർ മഹാന്മാരായിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്കും അവരെ നമുക്ക് കാണാൻ കഴിയാത്ത അകലങ്ങളിലേക്ക് പോയിരിക്കും.ഊതിപ്പെരുപ്പിച്ച വ്യക്തിത്വങ്ങളെക്കുറിച്ച് വാഴ്ത്തുപാട്ടുകൾ പാടിനടക്കുന്നതിനിടയിൽ മഹാന്മാരെ തിരിച്ചറിയാൻ നമുക്ക് കഴിയാറില്ല.

പദ്മഭൂഷൺ ഡോക്ടർ  പി കെ വാരിയർ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ അദ്ദേഹം ജീവിക്കുന്ന നാട്ടിൽ ജീവിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്.അകലെ നിന്നുള്ള കാഴ്ചകളിൽ അവരെ രൂപപ്പെടുത്തിയ സാഹചര്യത്തെയും ചിന്താ രീതികളെയും കണ്ടറിയാൻ പ്രയാസമാണ്.ആത്മ കഥകൾ മഹനീയ വ്യക്തിത്വങ്ങളെ അടുത്ത് നിന്ന് കാണാൻ നമ്മെ സഹായിക്കുന്നു.

ഡോ .പി കെ വാരിയർ എഴുതിയ സ്‌മൃതിപർവ്വം വെറുമൊരാത്മകഥയല്ല.കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ വളർച്ചയുടെ കഥ,മലപ്പുറം ജില്ലയിലെ കോട്ടക്കൽ എന്ന  ഗ്രാമത്തിന്റെ ചരിത്രം ,ഇന്ത്യയിലെ ആയുർവേദത്തിന്റെ വളർച്ച,ആയുർവേദ ഗവേഷണത്തിന്റെ ചരിത്രം,മലബാറിലെ സ്വാതന്ത്ര്യ സമരത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ആദ്യനാളുകൾ,കേരളീയ കലകളുടെ നവോദ്ധാനം തുടങ്ങിയ വിവരങ്ങളുൾക്കൊള്ളുന്ന ഒരു വിജ്ഞാന കോശം തന്നെയാണിത്.കൂടാതെ ആയുര്വേദത്തെയും വികസനത്തെയും ജീവിതത്തെയും ഡോ വാരിയരുടെ വീക്ഷണത്തിലൂടെ നമുക്ക് കാണാനും കഴിയും.

സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ പൊതുപ്രവർത്തനത്തിലേർപ്പെട്ടവർ സ്വന്തം കാര്യങ്ങൾ പറയാൻ പൊതുവെ മടിയുള്ളവരായിരുന്നു.ഇ എം എസിന്റെ ആത്മകഥയിൽ വ്യക്തി വിശേഷങ്ങളേക്കാൾ കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രമാണ് മുന്നിട്ടുനിൽക്കുന്നത്.എം ന്റെയും പുതുപ്പള്ളി രാഘവന്റെയും കെ സി ജോർജിന്റെയും ആത്മകഥകളിലും ആത്മാംശം കുറവാണ്.സി അച്യുത മേനോനും കെ ദാമോദരനുമൊക്കെ ആത്മകഥ എഴുതാൻ തന്നെ വിസമ്മതിച്ചവരാണ്.പി കെ വാരിയരുടെ സ്‌മൃതിപർവവും ഈ ജനുസിൽപ്പെടുന്ന കൃതിയാണ്.നിഷ്പക്ഷ നിരീക്ഷകനെപ്പോലെ മാറിനിന്ന് നിർമമത്വത്തോടെ കലയുടെയും ആര്യ വൈദ്യശാല യുടെയും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളെ കാണുന്ന രീതിയാണ് ഈ പുസ്തകത്തിൽ സ്വീകരിച്ചിട്ടുള്ളത്.ആയതിനാൽത്തന്നെ ഗ്രന്ഥകാരന്റെ ആഗ്രഹങ്ങളും നിരാശകളും ചിതകളുമൊക്കെ നമുക്ക് ലഭിക്കാതെപോകുന്നു.

എ പി ജെ അബ്ദുള്കലാമിന്റെ അഗ്നിച്ചിറകുകൾ പോലെ എല്ലാവരും വായിച്ചിരിക്കേണ്ട കൃതിയാണ് സ്‌മൃതി പർവ്വം.കോട്ടക്കൽ ആര്യ വൈദ്യശാല പ്രസിദ്ധീകരണ വിഭാഗമാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി കൂടിയാണിത്

No comments:

Post a Comment