Monday, July 7, 2025

നമ്മുടെ യൂണിവേഴ്സിറ്റികൾ മെച്ചപ്പെടാൻ എന്ത് ചെയ്യണം?

 ലോകമെമ്പാടുമുള്ള യൂണിവേഴ്സിറ്റികൾ സ്വയം ഭരണ സ്ഥാപനങ്ങൾ ആയാണ് പ്രവർത്തിക്കുന്നത്.അനുദിനം ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ വിദ്യാർഥികളെ പ്രാപ്തരാക്കാനും ഗവേഷണത്തിലൂടെ പുതിയ ജ്ഞാനം ഉൽപ്പാദിപ്പിക്കാനും യൂണിവേഴ്സിറ്റികളെ പ്രാപ്തരാക്കാൻ വിദഗ്ധന്മാർ നിയന്ത്രിക്കുന്ന സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാത്രമേ കഴിയൂ.കേരളത്തിലെ യൂണിവേഴ്സിറ്റികൾ മെച്ചപ്പെടുന്നതിൽ ഉള്ള പ്രധാന തടസ്സവും യൂണിവേഴ്സിറ്റികളുടെ ഘടനയാണ്.


ഇത് മനസിലാക്കണമെങ്കിൽ ഇന്ത്യയിലെ പ്രീമിയർ യൂണിവേഴ്സിറ്റിയായ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ നയ രൂപീകരണ സമിതിയായ കോർട്ടിൻ്റെയും കേരളാ യൂണിവേഴ്സിറ്റിയുടെ നയരൂപീകരണ സമിതിയായ സെനറ്റിൻ്റെയും ഘടന പരിശോധിച്ചാൽ മതി. ജെഎൻയുവിൻ്റെ കോർട്ടിൽ 163 അംഗങ്ങളാണ് ഉള്ളത്.ഇതിൽ ചാൻസലർ, വൈസ് ചാൻസലർ, റെക്ടർ,എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, ഡീൻ ഓഫ് സ്റ്റുഡൻ്റ്,പ്രോക്ടർ,രജിസ്ട്രാർ,ഫിനാൻസ് ഓഫീസർ,സീനിയർ വാർഡൻ, യൂണിവേഴ്സിറ്റി ലൈബ്രേറിയൻ,സ്കൂൾ ഓഫ് സ്റ്റഡീസ് ഡീൻമാർ(12 പേര്),ഓരോ സെൻ്ററുകളുടെയും ചെയർപേഴ്സൺ (ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻ്റ്)(46 പേര്),പ്രൊഫസർ/അസോസിയേറ്റ് പ്രൊഫസർമാരുടെ പ്രതിനിധികൾ (41),ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ ഡയറക്ടർമാർ ( 29 പേര്),10 ലോക്സഭാ പ്രതിനിധി,6 രാജ്യസഭാ പ്രതിനിധി,രാഷ്ട്രപതി,കൃഷി - വ്യവസായം എന്നിവയെ പ്രതിനിധീകരിച്ച് 6 പേര്,രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന 5 പേര്,ചാൻസലർ നോമിനേറ്റ് ചെയ്യുന്ന 2 പേര് എന്നിങ്ങനെയാണ് ഘടന.അക്കാഡമിഷ്യൻ മാർക്ക് മൃഗീയ ഭൂരിപക്ഷമുള്ള കോർട്ടാണ് ജെഎൻയുവിന് ഉള്ളത്.ഇത് വിദേശ യൂണിവേഴ്സിറ്റികളുടെ മാതൃകയിൽ ചിട്ടപ്പെടുത്തിയത് ആണ്.


ഇനി ജെഎൻയുവിലെ എക്സിക്യൂട്ടീവ് കൗൺസിലിൻ്റെ ഘടന പരിശോധിക്കാം.നമ്മുടെ യൂണിവേഴ്സിറ്റികളിലെ സിൻഡിക്കേറ്റിന് തുല്യമാണ് ജെഎൻയുവിലെ എക്സിക്യൂട്ടീവ് കൗൺസിൽ.വൈസ് ചാൻസലറും, റെക്ടറും,ഡീൻ ഓഫ് സ്റ്റുഡൻ്റ്സും ,പ്രധാനപ്പെട്ട സ്കൂൾ ഓഫ് സ്റ്റഡിനെ പ്രതിനിധീകരിച്ച് നാല് ഡീനുകളും,മറ്റുള്ള സ്കൂളുകളെ പ്രതിനിധീകരിച്ച് രണ്ട് ഡീനുകളും,മൂന്ന് അധ്യാപക പ്രതിനിധികളും,രജിസ്ട്രാറും ഉൾപ്പെടുന്നതാണ് എക്സിക്യൂട്ടീവ് കൗൺസിൽ.പൂർണ്ണമായും അക്കാഡമീഷിയന്മാർ മാത്രം ഉൾപ്പെടുന്ന ഘടന.ഇവരാണ് സർവകലാശാലയുടെ ഭരണം നിർവഹിക്കുന്നത്.


ഇനി കേരളാ യൂണിവേഴ്സിറ്റിയിലേക്ക് വരാം.ഇവിടത്തെ സെനറ്റിൻ്റെ ഘടന പരിശോധിക്കുക.ഇവിടെ ഇപ്പൊൾ 91 അംഗ സെനറ്റാണ് ഉള്ളത്.ഇതിൽ ചാൻസലർ,പ്രോ ചാൻസലർ,വൈസ് ചാൻസലർ,പ്രോ വൈസ് ചാൻസലർ,ഫിനാൻസ് സെക്രട്ടറി, ഡിപിഐ,കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ,ജനറൽ എഡ്യൂക്കേഷൻ സെക്രട്ടറി,ഹയർ എഡ്യൂക്കേഷൻ സെക്രട്ടറി,ഇൻഫർമേഷൻ ടെക്നോളജി സെക്രട്ടറി,ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ,വിദ്യാഭ്യാസ അഡ്വൈസറി ബോർഡ് ചെയർമാൻ,മേയർ തുടങ്ങി എക്സ് ഒഫീഷ്യോ അംഗങ്ങളായി ഉള്ളത്.യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റിലെ 7 ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻ്റ്.നിലവിലുള്ളവരിൽ മൂന്ന് പേര് അസോസിയേറ്റ് പ്രൊഫസർമാരും രണ്ട് പേര് അസിസ്റ്റൻ്റ് പ്രൊഫസർമാരും ആണ്.

യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റിലെ നാല് ഡീൻ മാർ.ഇപ്പോഴുള്ളത് രണ്ട് പ്രൊഫസർമാരും ഒരു റിട്ടയേർഡ് പ്രൊഫസറും ഒരു കോളജ് പ്രിൻസിപാലുമാണ്.പിന്നെ വിദ്യാർഥി യൂണിയൻ ചെയർമാൻ,കോളജ് പ്രിൻസിപ്പൽമാരുടെ 6 പ്രതിനിധികൾ,കേരള നിയമസഭയുടെ 6 പ്രതിനിധികൾ,യൂണിവേഴ്സിറ്റി അധ്യാപകരുടെ 3 പ്രതിനിധികൾ,കോളജ് അധ്യാപകരുടെ 5 പ്രതിനിധികൾ,പ്രൈവറ്റ് കോളജ് അധ്യാപകരുടെ 16 പ്രതിനിധികൾ,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 4 പ്രതിനിധികൾ,ട്രേഡ് യൂണിയൻ്റെ 2 പ്രതിനിധി,1 അനധ്യാപക പ്രതിനിധി,3 പ്രൈവറ്റ് കോളേജിലെ അനധ്യാപകർ ,4 പ്രൈവറ്റ് കോളജ് മാനേജർമാർ ,10 വിദ്യാർഥി പ്രതിനിധികൾ ,2 സ്കൂൾ ഹെഡ്മാസ്റ്റർമാർ,രണ്ട് ഹൈസ്കൂൾ അധ്യാപകർ,ചാൻസലർ നോമിനേറ്റ് ചെയ്യുന്ന 9 പേർ,ചാൻസലർ നോമിനേറ്റ് ചെയ്യുന്ന 4 വിദ്യാർഥികൾ,ഉന്നത വിദ്യാഭ്യാസ രംഗത്തെ 5 പ്രഗത്ഭർ എന്നിവരാണ് സെനറ്റ് അംഗങ്ങൾ.ഇനിനിലവിലുള്ള സെനറ്റിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭർ ആരെന്നുകൂടി നോക്കാം.മൂന്ന് അസോസിയേറ്റ് പ്രൊഫസർമാർ,അഡ്വ. എ എ റഹീം(ഡിവൈഎഫ്ഐ നേതാവ്),അഡ്വ. കെ എച്ച് ബാബുജാൻ (സി പി എം നേതാവ്) എന്നിവരാണ് അവർ.അസോസിയേറ്റ് പ്രൊഫസർമാരും രാഷ്ട്രീയക്കാർ ആണെന്നുള്ളത് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.പാവം പ്രൊഫസർമാർ.അവർക്കൊന്നും ഉന്നത വിദ്യാഭ്യാസത്തെ പ്രതിനിധീകരിക്കാനുള്ള യോഗ്യതയില്ല.


അധ്യാപക - അനധ്യാപക - വിദ്യാർഥി പ്രതിനിധികളെയും നോമിനേഷൻ ചെയ്യപ്പെടുന്നവരെയും കക്ഷി രാഷ്ട്രീയ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത് എന്ന് പ്രത്യേകം പറയണ്ടല്ലോ.ലിസ്റ്റ് ആകെ വായിച്ചാൽ കേരളാ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർമാർ ആരും ഇല്ലേ എന്നും സംശയം തോന്നും.മുൻപറഞ്ഞ വിദ്യാഭ്യാസ വിചക്ഷണർ എല്ലാവരും കൂടിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് കേരളാ യൂണിവേഴ്സിറ്റിയെ നയിക്കുന്നത്.


യൂണിവേഴ്സിറ്റിയുടെ ഭരണം നിർവഹിക്കുന്നത് എന്ന് നാം കരുതുന്ന യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റിൻ്റെ ഘടന കൂടി പരിശോധിക്കാം.സിൻഡിക്കേറ്റ് ആണ് യൂണിവേഴ്സിറ്റി ഭരണത്തിന് മേൽനോട്ടം വഹിക്കുന്നത്.ആകെ അംഗങ്ങളുള്ളത്തിൽ വൈസ് ചാൻസലർ,ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പാൾ സെക്രട്ടറി, ഡിപിഐ, കോളജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ,ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സെക്രട്ടറി എന്നിവരാണ് എക്സ് ഓഫീഷ്യോ അംഗങ്ങൾ. നാല് രാഷ്ട്രീയക്കാർ,2 പ്രൊഫസർമാർ ഗവൺമെൻ്റ് കോളജ് അധ്യാപകർ,4 പ്രൈവറ്റ് കോളജ് അധ്യാപകർ,അനധ്യാപകർ,ഒരു സയൻ്റിസ്റ്റ് എന്നിങ്ങനെയാണ് ഘടന.മൊത്തത്തിൽ രാഷ്ട്രീയക്കാർക്ക് മേൽക്കൈ ഉള്ള ഒരു സംവിധാനം.ഇത്തരത്തിലുള്ള ഒരു സംവിധാനത്തിന് യൂണിവേഴ്സിറ്റിയുടെ വളർച്ചയോ വികസനമോ വിദൂര ലക്ഷ്യം പോലുമല്ല.വേണ്ടപ്പെട്ടവരുടെ വേണ്ട സ്ഥാനങ്ങളിലുള്ള നിയമനം മാത്രമാണ് ഇവരുടെ ലക്ഷ്യം.


ചുരുക്കത്തിൽ കേരളത്തിലെ യൂണിവേഴ്സിറ്റികളെ മികവിൻ്റെ പാതയിലേക്ക് നയിക്കണമെങ്കിൽ സെനറ്റിൻ്റെയും സിൻഡിക്കറ്റിൻ്റെയും ഘടനയിൽ വലിയ പൊളിച്ചെഴുത്ത് നടത്തണം.അതും അടിയന്തിരമായി ചെയ്യണം.

Tuesday, July 1, 2025

എൻജിനീയറിങ് കോളജ് പ്രവേശനത്തിൽ നടത്തുന്ന അനീതിക്ക് പരിഹാരമാകുന്നു.

 അങ്ങനെ കേരള സ്റ്റേറ്റ് സിലബസ് പഠിക്കുന്നവർക്ക് നേരെ എൻജിനീയറിങ് കോളജ് പ്രവേശനത്തിൽ നടത്തുന്ന അനീതിക്ക് പരിഹാരമാകുന്നു.നിലവിൽ എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ( keam) ലഭിക്കുന്ന മാർക്കിനോടൊപ്പം പ്ലസ് ടു പരീക്ഷയിൽ മാത്തമാറ്റിക്സ്,ഫിസിക്സ്,കെമിസ്ട്രി എന്നിവക്ക് ലഭിക്കുന്ന മാർക്ക് കൂടി കൂട്ടിയാണ് എൻജിനീയറിങ് പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം സ്റ്റേറ്റ് സിലബസ്കാർക്ക് പരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിക്കുന്നു എന്നാരോപിച്ച് സിബിഎസ്‌സി തുടങ്ങിയ സിലബസിൽ പഠിച്ചവർക്ക് 13 മാർക്ക് മോഡറേഷൻ നൽകി റാങ്ക് ലിസ്റ്റ് തയാറാക്കാൻ തീരുമാനിച്ചു.ഫലം,സ്റ്റേറ്റ് സിലബസ് വിദ്യാർഥിയുടെ മാർക്കിനെക്കാൽ 13 മാർക്ക് അധികം ദാനം കിട്ടുന്ന സി ബി എസ് സി വിദ്യാർഥി റാങ്ക് ലിസ്റ്റിൽ മുമ്പിലെത്തി തിരുവനന്തപുരം എൻജിനിയറിംഗ് കോളജ് പോലെയുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ കരസ്ഥമാക്കുന്നു.


ഈ വർഷം ഈ സ്ഥിതിക്ക് മാറ്റം വരുത്താൻ തീരുമാനിച്ചിരിക്കുകയാണ്.എൻട്രൻസ് 300 മാർക്കിനും മാത്തമാറ്റിക്സ്,ഫിസിക്സ്,കെമിസ്ട്രി വിഷയങ്ങളിലെ മാർക്കുകൾ(5:3:2 അനുപാതത്തിൽ) കണക്കിലെടുത്ത് 300 മാർക്കിന് കണക്കാക്കി ആകെ 600 മാർക്കിനാണ് റാങ്ക് ലിസ്റ്റ് ഇടുന്നത്.കേരള, സിബിഎസ്‌സി മാർക്കുകൾ തുല്യമല്ല എന്ന പരാതി പരിഹരിക്കാൻ ഇപ്പൊൾ യുജിസി നെറ്റ് പരീക്ഷയിൽ ഒക്കെ ചെയ്യുന്നത് പോലെ മാർക്കുകൾ പെർസെൻറ്റിൽ ആയി കണക്കാക്കാൻ തീരുമാനിച്ചു.അതായത് 100 മാർക്കുള്ള കണക്ക് പരീക്ഷക്ക് ഏറ്റവും ഉയർന്ന മാർക്ക്  98 ആണെന്ന് ഇരിക്കട്ടെ.98 മാർക്ക് ലഭിച്ച വിദ്യാർഥിക്ക് ലഭിക്കുന്നത് 100 പെർസെൻ്റിൽ ആയിരിക്കും.ഇപ്രകാരം വിവിധ ബോർഡുകളുടെ മാർക്ക് സമീകരിക്കും.തമിഴ്നാട്ടിൽ ഈ രീതിയാണ് തുടർന്ന് വരുന്നത്.


എന്തായാലും കേരള സ്റ്റേറ്റ് സിലബസ് വിദ്യാർഥികളോട് കാണിച്ച വലിയ ഒരനീതിക്ക് പരിഹാരമായി എന്നതിൽ സന്തോഷിക്കാം.

Friday, June 13, 2025

മാറുന്ന കാലവും മാറുന്ന സങ്കൽപ്പങ്ങളും

 ഇത് കാലത്തും നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നവയവയാണ് നരേറ്റീവുകൾ.നമ്മുടെ ചുറ്റുമുള്ള സംഭവങ്ങളെ എളുപ്പത്തിൽ മനസിലാക്കാൻ ഉതകുന്ന തരത്തിലുള്ള ഭാവനാത്മകമായ വിവരണം ആണ് നരേറ്റീവുകൾ.ഇവ രൂപപ്പെടുന്നത്തിന് പിന്നിൽ ചില അടിസ്ഥാന സങ്കൽപ്പങ്ങൾ ഉണ്ട്.അത്തരത്തിലുള്ള ചില സങ്കല്പങ്ങളെപ്പറ്റിയാണ് ഇവിടെ ചിന്തിക്കുന്നത്.

ജനസംഖ്യാ വർദ്ധനവ് രാജ്യത്തെ പട്ടിണിയിലേക്കും അവികസിതാവസ്ഥയിലേക്കും നയിക്കും എന്നതാണ് ഒരു സങ്കൽപ്പം.ഇത് ഇപ്പോൾ കേൾക്കാനില്ല.ജനങ്ങളുടെ എണ്ണം കൂടുമ്പോൾ രാജ്യത്തെ വിഭവങ്ങൾ കൂടുതൽ പേർക്കായി വീതം വെക്കേണ്ടി വരുമെന്നും അതിൻ്റെ ഫലമായി ഓരോർത്തർക്കും  ലഭിക്കുന്ന വിഭവങ്ങൾ കുറയും എന്നുമുള്ള സങ്കൽപ്പമായിരുന്നു ഈ വിശ്വാസത്തിന് കാരണം. എന്നാൽ രാജ്യത്തിന് സമ്പത്ത് വർദ്ധിപ്പിക്കാൻ കഴിയുമെന്നും വിദ്യാഭ്യാസം നേടിയ ജനങ്ങൾ ഈ സമ്പത്ത് വർധനവിന് ആവശ്യമായ ഉപാധിയാണെന്നും മനസിലായതോടെ ജനങ്ങൾ ,പ്രത്യേകിച്ചും യുവജനങ്ങൾ  രാജ്യ പുരോഗതിക്ക് അനിവാര്യമാണ് എന്ന് ലോകം മനസിലാക്കി.ഇപ്പൊൾ ആരും പഴയതുപോലെ ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് സംസാരിക്കുന്നില്ല.

ഇതുപോലുള്ള മറ്റൊരു വാദമായിരുന്നു ഉന്നത വിദ്യാഭ്യാസത്തെ മുതലാളിത്ത താത്പര്യങ്ങൾക്ക് അനുസൃതമായി മാറ്റുന്നു എന്ന്.വ്യവസായ രംഗത്ത് ആവശ്യമായ സ്കില്ലുകൾ വളർത്തുന്ന സ്ഥാപനങ്ങളായി  ഉന്നതവിദ്യാഭ്യാസ രംഗത്തെ മാറ്റാനുള്ള ശ്രമം നടന്നപ്പോഴെല്ലാം വിദ്യാഭ്യാസത്തെ മുതലാളിത്തത്തിന് തീറെഴുതുന്നു എന്ന ആരോപണവും ഉയർത്തിയിട്ടുണ്ട്. എന്നാൽ സമ്പദ്ഘടനക്ക് ആവശ്യമായ മാനവ ശേഷി വർധിപ്പിക്കുകയാണ് ഉന്നത വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം എന്ന് മനസിലാകിയതോടെ  ഇപ്പോൾ ആരും പഴയ വാദങ്ങൾ ഒന്നും ഉയർത്താറില്ല.എല്ലാവരും സ്റ്റാർട്ട് അപ്പുകളുടെയൊക്കെ പിറകിലാണ്.

പ്രചാരം കുറഞ്ഞുകൊണ്ടിരിക്കുന്ന മറ്റൊരു സങ്കൽപ്പമാണ് മുതലാളിത്തത്തിൻ്റെ കടന്നു കയറ്റത്തോടെ ധനികർ കൂടുതൽ ധനികരാവുകയും ദരിദ്രർ കൂടുതൽ ദരിദ്രർ ആവുകയും ചെയ്യുന്നു എന്നത്.ഒരു രാജ്യത്തിന് നിശ്ചിതമായ ധനം മാത്രമാണ് ഉള്ളത് എങ്കിൽ പണക്കാർ കൂടുതൽ ഭാഗം പിടിച്ചെടുത്താൽ ദരിദ്രർക്ക് കുറച്ചു മാത്രമേ ലഭിക്കുകയുള്ളൂ.അപ്പം പങ്കുവെക്കുന്ന കണക്കുപോലെ.ഒരു അപ്പത്തിൻ്റെ വലിയ ഭാഗം ഒരു വിഭാഗം കൈക്കലാക്കിയാൽ ബാക്കിയുള്ള ഭൂരിപക്ഷം വരുന്നവർക്ക്  അപ്പത്തിൻ്റെ ചെറിയ ഭാഗം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.എന്നാൽ അപ്പം വളർന്നുകൊണ്ടിരിക്കയാണെങ്കിലോ? അപ്പോഴും അപ്പത്തിൻ്റെ വലിയ ഭാഗം ന്യൂനപക്ഷം കൈവശപ്പെടുത്തിയാലും ഭൂരിപക്ഷത്തിന് ലഭിക്കുന്ന അപ്പത്തിൻ്റെ അളവിൽ വർധനയുണ്ടാകുന്നുണ്ട്.ഇങ്ങനെയാണ് മുതലാളിത്ത സമൂഹം പ്രവർത്തിക്കുന്നത്.അവിടെ സമ്പത്തിൽ തുടർച്ചയായ വർദ്ധനവ് ഉണ്ടാകുന്നു.അതനുസരിച്ച് ദരിദ്രരുടെ പോലും വരുമാനത്തിലും വർധനവുണ്ടാകും.മാത്രമല്ല വ്യവസായ വളർച്ചക്ക് ആവശ്യമായ സ്‌കില്ലുകൾ നേടുന്നവർക്ക് ലഭിക്കുന്ന ഉയർന്ന വേതനങ്ങളിലൂടെ സമൂഹത്തിൽ സമ്പത്തിൻ്റെ വിതരണവും നടക്കുന്നു.ഇത് സമ്പത്ത് സമൂഹത്തിൻ്റെ താഴേത്തട്ടിൽ ഉള്ളവരിൽ പോലും സമ്പത്ത് എത്തിച്ചേരാൻ കാരണമാകും.

ഇപ്രകാരമാണ് കാലാ കാലങ്ങളിൽ നറേറ്റിവുകൾ നമ്മുടെ ചിന്തയെ മാറ്റി മാറിക്കുന്നത് .

ജാതി സെൻസസ് കേരളത്തിൽ പ്രത്യാഘാതങ്ങൾ

 ജാതി സെൻസസ് നടത്തുന്നതിനെതിരെ എൻ എസ് എസ് രംഗത്ത് വന്നിരിക്കുന്നു.ജാതി സെൻസസ് നടത്തുന്നത് കൊണ്ട് നായർ നമ്പൂതിരി ഉയർന്ന ജാതിക്കാരായ ക്രിസ്ത്യാനികൾ മുതലായവർക്ക് എന്തെങ്കിലും ദോഷമുണ്ടാകുമെന്ന് എൻ എസ് എസ് കരുതുന്നുണ്ടായിരിക്കും.പക്ഷേ അതിന് എന്തെങ്കിലും അടിസ്ഥാനം ഉണ്ടെന്ന് തോന്നുന്നില്ല.

ഓരോ സംസ്ഥാനത്തിനും ഓരോ ജാതിയിലും പെട്ടവരുടെ എണ്ണം എടുക്കുകയാണ് ജാതി സെൻസസിൽ ചെയ്യുന്നത്.ഓരോ ജാതിയിലുംപെട്ടവരുടെ സാമ്പത്തിക സെൻസസും ഗവൺമെൻ്റ് സർവീസ്,വ്യാപാരം,വ്യവസായം കൃഷി,വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം എന്നിവ കണക്കിലെടുക്കാത്തത് കൊണ്ട് തന്നെ ഓരോ ജാതിയിലും പെട്ട എത്രപേർ ഉണ്ടെന്ന് അറിയാം എന്നല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല.


ബീഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ ജാതിക്കുള്ളിലെ ഉപജാതികളുടെ കണക്ക് കൂടി എടുത്തിരുന്നു.കേരളത്തിലും നായർ ,ഈഴവ സമുദായങ്ങളും വിവിധ ഉപജാതികളുടെ കൂട്ടായ്മകളാണ്.പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളും വ്യതസ്ത വിഭാഗങ്ങൾ ഉൾക്കൊള്ളുന്നു.സെൻസസിൽ ഉപജാതികളിൽ പെട്ടവരുടെ കണക്ക് പ്രത്യേകം കണക്കാക്കുമോ എന്ന് വ്യക്തമല്ല.


സെൻസസ് കൊണ്ട് എന്താണ് പ്രയോജനം എന്ന് കൂടി കണക്കിലെടുക്കണം.കേരളത്തിൽ സർക്കാർ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനും 50 ശതമാനം സീറ്റാണ് ജനറൽ വിഭാഗത്തിനുള്ളത്.ഇത് എല്ലാ വിഭാഗങ്ങൾക്കും കൂടി ഉള്ളതാണ്.സ്വാതന്ത്ര്യം ലഭിച്ച ആദ്യ നാളുകളിൽ നായർ,സുറിയാനി ക്രിസ്ത്യാനികൾ എന്നിവർ ജനറൽ വിഭാഗത്തിൽ നല്ലൊരു ഭാഗവും നേടി വരികയായിരുന്നു. എന്നാൽ ഇപ്പൊൾ ഇതിന് വലിയ മാറ്റം വന്നിട്ടുണ്ട്.ജനറൽവിഭാഗത്തിൽ മത്സരിച്ച് തൊഴിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മീഷനും നേടുന്നതിന് മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുകയാണ് വേണ്ടത് ജാതി സെൻസസിനെ എതിർക്കുകയല്ല വേണ്ടത് എന്ന് എൻ എസ് എസ് നേതൃത്വത്തിന് അറിയാമോ എന്തോ.


ജാതി സെൻസസ് കഴിഞ്ഞാൽ സംവരണത്തിന് എന്തെങ്കിലും മാറ്റം വരുമോ എന്നുള്ളതാണ് അടുത്ത പ്രശ്നം. ഒബിസി സംവരണത്തിൽ നിലവിൽ ആദ്യ സ്ഥാനം നൽകുന്നത് ഈഴവ സമുദായത്തിനാണ്. എന്നാൽ ജാതി സെൻസസ് കഴിയുന്നതോടെ ഈഴവരെക്കാൾ ജനസംഖ്യയുള്ള വിഭാഗമായി മുസ്ലിം ഉയർന്നു വരും.അപ്പോൾ ഒബിസി സംവരണത്തിൽ പ്രഥമ സ്ഥാനം മുസ്ലിമിന് നൽകുമോ?അതുപോലെ പട്ടികജാതി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേരുള്ളത് പുലയ സമുദായത്തിലാണ്.പട്ടിക വർഗ്ഗക്കാരിൽ കൂടുതലുള്ളത് പണിയരും.കൂടുതൽ ജനസംഖ്യ ഉള്ളവർക്ക് സവരണത്തിനുള്ളിൽ സംവരണം ഏർപ്പെടുത്തി അവർക്ക് കൂടുതൽ ശതമാനം സംവരണം ഏർപ്പെടുത്തുമോ എന്ന് വ്യക്തമല്ല.എന്തായാലും ഭാവിയിൽ ഇങ്ങനെയുള്ള ആവശ്യങ്ങൾ ഉയർന്ന് വരാൻ സാധ്യതയുണ്ട്.


പിന്നെ എൻ എസ് എസ് ഭയപ്പെടുന്നത് പോലെ ഒരു തിരിച്ചടി ഉണ്ടാകാൻ സാധ്യതയുള്ളത് ജന പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിലാണ്.ഓരോ മണ്ഡലങ്ങളിലെയും ജാതി മതം തിരിച്ചുള്ള കണക്ക് കൈയ്യിൽ കിട്ടിയാൽ രാഷ്ട്രീയ പാർട്ടികൾ പ്രബല സമുദായങ്ങളിൽ പെട്ട സ്ഥാനാർഥികളെ മാത്രമേ നിർത്തുകയുള്ളൂ.ജനസംഖ്യ കുറഞ്ഞ നായർ,ക്രിസ്ത്യൻ വിഭാഗങ്ങളെ. ഇത് ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.പല മണ്ഡലങ്ങളിലും നായർ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത് രാഷ്ട്രീയ പാർട്ടികൾ പുനർ വിചിന്തനം നടത്താൻ സാധ്യതയുണ്ട്.ഉദാഹരണം കൊല്ലം പാർലമെൻ്റ് മണ്ഡലം.പൊതുവെ എല്ലാ രാഷ്ട്രീയ പാർട്ടികളും അവിടെ നായർ സ്ഥാനാർഥികളെയാണ് മത്സരിക്കുന്നത്.ഇവിടെ നായന്മാർക്ക് മുൻകൈ ഉണ്ടെന്ന ധാരണയിലാണ് ഇത് ചെയ്യുന്നത്.ജാതി സെൻസസ് കഴിയുന്നതോടെ ഈ സങ്കൽപ്പം പൊളിയാൻ സാധ്യതയുണ്ട്.


പിൻകുറിപ്പ്. ഇ എംഎസ് നമ്പൂതിരിപ്പാടിനെയും എം എൻ ഗോവിന്ദൻ നായരെയും ജനങ്ങൾ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തത് അവർ ഉയർന്ന ജാതിയിൽ പെട്ടവരായത് കൊണ്ടല്ല ജനങ്ങൾക്ക് വേണ്ടി പ്രവര്ത്തിച്ചത് കൊണ്ടാണ് എന്നതാണ് എൻഎസ്എസ് ഓർക്കേണ്ട വസ്തുത.

Tuesday, May 6, 2025

യുദ്ധവും ഞാനും

 പട്ടാളക്കാരെയൊക്കെ ലീവ് ക്യാൻസൽ ചെയ്ത് തിരികെ വിളിക്കുന്നു.അതിർത്തിയിൽ എന്തെങ്കിലുമൊക്കെ സംഭവിക്കാൻ സാധ്യതയുണ്ട്.


കേരളത്തിൽ പട്ടാളക്കാർക്ക് വലിയ ബഹുമാനം ഒന്നും കൊടുക്കാറില്ല.പക്ഷേ ഇൻഡ്യയുടെ മറ്റു സംസ്ഥാനങ്ങളിൽ അതല്ല സ്ഥിതി.ഇത് കണ്ടത് കാർഗിൽ യുദ്ധകാലത്താണ്.എന്ന് ഞാൻ ഡൽഹിയിൽ പഠിക്കുന്നു.ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയിൽ ആന്ധ്രാ പ്രദേശ് ആയതോടെ പട്ടാളക്കാരോടുള്ള പെരുമാറ്റത്തിലെ ഈ വ്യത്യാസം കാണാൻ തുടങ്ങി.


റെയിൽവേ സ്റ്റേഷനിലെ കച്ചവടക്കാർ പട്ടാളക്കാർക്ക് ചായ,ആഹാര സാധനങ്ങൾ എന്നിവ നിർബന്ധിച്ച് കൊടുക്കുന്നു.പൈസ വാങ്ങുന്നില്ല.സ്കൂൾ കുട്ടികൾ യൂണിഫോമിൽ വന്നു നിന്നു പട്ടാളക്കാർക്ക് ആശംസ നൽകുന്നു.അവർ വരച്ച പടങ്ങൾ പട്ടാളക്കാർക്ക് സമ്മാനമായി നൽകുന്നു.മധുര പലഹാരങ്ങൾ നൽകുന്നു.മഹാരാഷ്ട്രയിലേക്ക് കടന്നതോടെ സ്ത്രീകൾ അവർതന്നെ തുന്നിയ വൂളൻ സ്വെറ്ററുകൾ പട്ടാളക്കാർക്ക് സംഭാവനയായി നൽകുന്നു.യുദ്ധ വിധവകൾ സ്റ്റേഷനിൽ വന്നു ആശംസകൾ അറിയിക്കുന്നു.


പട്ടാളക്കാരുടെ വലിയ ബഹുമാനം ഒന്നും ഇല്ലാതെ കൊല്ലത്ത് നിന്ന് ട്രെയിൻ കയറിയ ഞാനായിരുന്നില്ല ഡൽഹിയിൽ ചെന്നിറങ്ങിയ ഞാൻ.

Friday, April 18, 2025

യക്ഷിയും ഞാനും

 ലോകത്തെ ഏറ്റവും സുന്ദരികളായ യക്ഷിമാർ ഉള്ളത് കേരളത്തിലാണ്.ഇംഗ്ലീഷ് ഹിന്ദി സിനിമകൾ കണ്ടിട്ടുള്ളവർക്ക് അറിയാം അതിലെയൊക്കെ യക്ഷിമാർ ( അവർക്ക് യക്ഷിമാരില്ല പ്രേതങ്ങളാണ് ഉള്ളത്) ഒരുമാതിരി വൃത്തികെട്ട സത്വങ്ങളാണ്.മറ്റു യൂറോപ്യൻ രാജ്യങ്ങളിലെ യക്ഷിമാരും അങ്ങനെ തന്നെ.


എന്നാൽ കേരളത്തിലെ യക്ഷിമാര് നിലത്തിഴയുന്ന മുടിയിൽ മുല്ലപ്പൂ ചൂടി മുറുക്കി ചുവപ്പിച്ച ചുണ്ടുകളോടെ വരുന്ന അതി സുന്ദരിമാരാണ്.


അതും വലിയ അത്യാഗ്രഹം ഒന്നും ഉള്ളവരല്ല നമ്മുടെ യക്ഷിമാർ .ആളുകളെ കണ്ടാൽ മുറുക്കാൻ അൽപ്പം ചുണ്ണാമ്പ് ചോദിക്കുമെന്നെ ഉള്ളൂ.


എന്തുകൊണ്ടായിരിക്കും മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി

കേരളത്തിലെ യക്ഷിമാർ  സുന്ദരികളായത്?