Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Monday, February 11, 2019

അളള് രാമേന്ദ്രൻ


അച്ഛാ....
എന്തെടാ ?
നമുക്കിന്നൊരു സിനിമക്ക് പോകാം
ഏതു സിനിമ?
അള്ള് രാമേന്ദ്രൻ.സിത്താര തിയേറ്ററിൽ അതാണ്
കുഞ്ഞൂട്ടൻ എന്നു പേരായ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ ഇളയ മകൻ സിനിമയുടെ ആരാധകനാണ്. അവധി ദിവസം ഞാൻ വീട്ടിലിരിക്കുന്നതു കണ്ടാൽ ഉടൻ തുടങ്ങും സിനിമക്ക് പോകാനുള്ള നിർബന്ധം.ഞായറാഴ്ചയിലെ അങ്ങനെയൊരു സീനാണിത്.
ഞാൻ കണ്ടു. എടുത്തടിച്ചതു പോലെ ഞാൻ പറഞ്ഞു.
അയ്യോ! ഞാനും കൂടി വരാമായിരുന്നു. എവിടന്നു കണ്ടു? അവൻ വിഷമത്തോടെ ചോദിച്ചു.
ഞാനും ഓഫീസിലെ ശശിയേട്ടനും കൂടി മിനത്തൊന്ന് പോയി.
എങ്ങനെയുണ്ട്? കുഞ്ചാക്കോ ബോബന്റെ സിനിമയല്ലേ നന്നായിരിക്കും. അവൻ പ്രത്യാശിച്ചു.
ബിലഹരി സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ നായകനായ ചിത്രമാണ് അള്ള് രാമേന്ദ്രൻ .ഞാൻ പറഞ്ഞു തുടങ്ങി. കുഞ്ചാക്കോ ബോബന്റെ പതിവ് വേഷങ്ങളിൽ നിന്നു മാറി കുറച്ചൊക്കെ വില്ലൻ സ്വഭാവമുള്ള ഒരു കഥാപാത്രമാണ് പോലീസ് ഡ്രൈവർ രാമചന്ദ്രൻ. ഓടിക്കുന്ന പോലീസ് ജീപ്പിന് നിരന്തരം ആരോ അള്ളുവെച്ച് ടയർപങ്ങ്ചറാക്കുന്നതു മൂലം ജോലിയിൽ നിന്നു തന്നെ ലോംഗ് ലീവെട്ടുക്കേണ്ടി വരുന്ന പോലീസുകാരനാണ് രാമചന്ദ്രൻ. നാട്ടുകാരുടെയിടയിൽ അള്ള് രാമചന്ദ്രൻ എന്ന വട്ടപ്പേരും കിട്ടുന്നു. കഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ പൂർണ്ണമായും ഉൾക്കൊണ്ടിട്ടുണ്ട്. നടനെന്ന നിലയിൽ കുഞ്ചാക്കോ ബോബൻ പക്വതയാർജിച്ചിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ നായകൻ പ്രതിനായകനാവുകയുംകൃഷ്ണ ശങ്കർ അവതരിപ്പിക്കുന്ന ജിത്തു എന്ന കഥാപാത്രത്തിലേക്ക് ചിത്രം തിരിയുകയും ചെയ്യുന്നു. കൃഷ്ണ ശങ്കർ നല്ല അഭിനയം കാഴ്ചവെക്കുന്നു. പ്രതീക്ഷയുണർത്തുന്ന നടനാണിദ്ദേഹം. അപർണ്ണ ബാലമുരളി, ചാന്ദ്നി ശ്രീധരൻ എന്നിവരാണ് നായികമാർ.ള്ള വേഷവും അവതരിപ്പിക്കാൻ ശേഷിയുള്ള നായികമാരുടെ നിരയിലേക്ക് അപർണ്ണ ബാലമുരളി ഉയർന്നു വരുന്നുണ്ട്. ചാന്ദ്നി ശ്രീധരൻ കാവ്യാ മാധവനെ അനുകരിക്കുന്നോ എന്ന് സംശയം. ചിലപ്പോൾ വിദൂര ദൃശ്യങ്ങളിലുള്ള സാമ്യം കൊണ്ട് തോന്നുന്നതുമാകാം.
സംവിധായകൻ പ്രതിഭാശാലിയാണ്. രണ്ടാം പകുതിയുടെ എഡിറ്റിങ്ങിൽ കുറേക്കൂടി ശ്രദ്ധിക്കാമായിരുന്നു. ഗാനങ്ങളുണ്ടോ? ഉണ്ടെങ്കിൽ തന്നെ ഓർമ്മയിൽ നിൽക്കുന്നില്ല. തിരക്കഥയും ക്യാമറയും നന്നായി.ഹരീഷ് കണാരന് പ്രത്യേകിച്ച് അഭിനയിക്കാനൊന്നുമില്ലെങ്കിലും സ്വാഭാവികമായ അഭിനയം കൊണ്ട് റോൾ നന്നാക്കി. സലീം കുമാറും ശ്രീനാഥ് ഭാസിയും നന്നായി. ധർമ്മജനും പാട്ടു പഠിപ്പിക്കുന്ന റോളിൽ വന്നയാളിനും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു.
അപ്പോൾ ഈ സിനിമ അത്ര നല്ലതാണോ? കുഞ്ഞൂട്ടൻ ചോദിച്ചു
കഥ പല സ്ഥലത്തും യുക്തിക്ക് നിരക്കുന്നില്ല. സിനിമ എപ്പോഴും യുക്തിപരമാവണമെന്നില്ല. പക്ഷേ അത് പ്രേക്ഷകന് അനുഭവപ്പെടാത്ത വിധം സിനിമ കൊണ്ടു പോകന്നതിലാണ് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും മിടുക്ക്.ഒന്നാം പകുതി ഒരു ത്രില്ലർ സിനിമയുടെ രസത്തിൽ പോയ ശേഷം രണ്ടാം പകുതിയിൽ കുറച്ചൊരു ഇഴച്ചിലുണ്ടായി.
അച്ഛാ ഞാനൊരു കാര്യം പറയട്ടേ. പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല. സാഹിത്യ ഭാഷയൊക്കെ മാറ്റിവെച്ചിട്ട് പറയണം. സിനിമ കൊള്ളാമോ ഇല്ലയോ?
കൊള്ളാം. കണ്ടു കൊണ്ടിരിക്കാം.

Tuesday, August 14, 2018

രണ്ടു സിനിമകൾ

നമ്മുടെ സമൂഹത്തിലെ പ്രശ്നങ്ങൾ മലയാളം സിനിമകളിൽ പ്രതിഫലിക്കുന്നുണ്ടോ? വിദ്യാഭ്യാസത്തിന് കേരളത്തിൽ വലിയ പ്രാധാന്യം ഉള്ളപ്പോൾ തന്നെ വിദ്യാഭ്യാസം മുഖ്യ പ്രമേയമായി വരുന്ന സിനിമകൾ വളരെ കുറവാണ്. ഉള്ളവ തന്നെ ഉപരിപ്ലവമായി വിദ്യാഭ്യാസത്തെ പരിഗണിക്കുന്നവയുമാണ്.
കുറച്ചെങ്കിലും യാഥാർത്ഥ്യ ബോധത്തോടെ സ്കൂൾ വിദ്യാഭ്യാസത്തെ സമീപിച്ച രണ്ട് മലയാളം സിനിമകളാണ് ശ്രീനിവാസൻ തിരക്കഥയെഴുതിയ ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയും മോഹൻ സംവിധാനം ചെയ്ത മാണിക്യ കല്ല് എന്ന സിനിമയും.കർണാടകത്തിൽ നിന്ന് ടി.സി.എച്ച് വ്യാജ ബിരുദം നേടി പലരും കേരളത്തിലെ സ്കൂളുകളിൽ അദ്ധ്യാപകരായ സംഭവവും ,കാറ്റിലും മഴയിലും സ്കൂൾ കെട്ടിടം തകർന്നു കുട്ടി മരിക്കുന്നതും, മാനേജർമാരുടെ ചൂഷണവും ,അദ്ധ്യാപക സംഘടനകളുടെ ഉത്തരവാദിത്തമില്ലായ്മയുമാണ് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം ചർച്ച. ചെയ്യുന്നത്.സർക്കാർ സ്കൂളുകളുടെ നിലവാരമില്ലായ്മയും അത് പരിഹരിക്കാൻ ഒരദ്ധ്യാപകൻ പൊതു ജനങ്ങളുടെ സഹകരണത്തോടെ ശ്രമിക്കുന്നതുമാണ് മാണിക്യ കല്ലിന്റെ പ്രമേയം.അദ്ധ്യാപകരുടെ ഉത്തരവാദത്തമില്ലായ്മയും സ്വന്തം കുട്ടിയെ അൺ എയ്ഡഡ് സ്കൂളിൽ അയച്ചിട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ജാഥ നടത്തുന്ന അദ്ധ്യാപക നേതാവിനേയും ഈ സിനിമയിൽ പരാമർശിക്കുന്നുണ്ട്.
ഈ സിനിമകളൊഴികെ പൊതുവിദ്യാഭ്യാസ ത്തെകുറിച്ച് അധികം സിനിമകൾ മലയാളത്തിൽ വന്നിട്ടില്ല.എന്നാൽ ഹിന്ദിയിലും തമിഴിലും വിദ്യാഭ്യാസം പശ്ചാത്തലമാക്കി നല്ല സിനിമകൾ ഉണ്ടാകുന്നുണ്ട്. താരേ സമീൻ പർ ഉദാഹരണം.
കഴിഞ്ഞയാഴ്‌ച കണ്ട വിദ്യാഭ്യാസം പശ്ചാത്തലമായ രണ്ട്  ഹിന്ദി സിനിമകളാണ് സാകേത് ചൗധരി സംവിധാനം ചെയ്ത് ഇർഫാൻ ഖാൻ ,സാറാ ഖാൻ ,ദിഷിതാ സെഗാൾ എന്നിവർ അഭിനയിച്ച ഹിന്ദി മീഡിയം എന്ന സിനിമയും, സിദ്ധാർ ത്ഥ് മൽഹോത്ര സംവിധാനം ചെയ്ത് റാണി മുഖർജി അഭിനയിച്ച ചിചികി എന്ന സിനിമയും. രണ്ടു സിനിമയുടേയും കേന്ദ്ര ബിന്ദു വിദ്യാഭ്യാസ അവകാശ നിയമമാണ്.
വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് എല്ലാ സ്കൂളിലും അയൽപക്കത്തുനിന്നുള്ള പാവപ്പെട്ട കുട്ടികളെ പ്രവേശിപ്പിക്കണം. ഫീസിൽ ഇളവുണ്ടെങ്കിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് ഫീസ് എന്ന പേരിലുള്ള ഭീമമായ ഫീസ് ഒടുക്കാൻ നിർവാഹമില്ലാത്തതിനാൽ പാവപ്പെട്ടവർ ഇത്തരം സ്കൂളുകളിൽ ചേരുന്നില്ല. വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കി പണക്കാരും ഇടത്തരക്കാരുമാണ് ഈ സീറ്റുകൾ കൊണ്ടു പോകുന്നത്.

ഡൽഹി ഗ്രാമർ സ്കൂൾ എന്ന പ്രശസ്തമായ സ്കൂളിൽ അഡ്മിഷനു വേണ്ടി വ്യാജവരുമാന സർട്ടിഫിക്കറ്റ് കഥാനായകൻ ഹാജരാകുന്നതാണ് ഹിന്ദി മീഡിയത്തിന്റെ കഥാതന്തു. അനർഹർ പാവപ്പെട്ടവർക്കുള്ള സീറ്റ് തട്ടിയെടുക്കുന്നു എന്ന ടിവി ചാനൽ വാർത്തയെ തുടർന്ന് അധികൃതർ അന്വേഷണത്തിനൊരുങ്ങുന്നു. താത്കാലികമായെങ്കിലും കഥാനായകനും കുടുംബത്തിനും അഡ്രസ് നൽകിയ ചേരിയിൽ താമസിക്കേണ്ടി വരുന്നു.അവിടത്തെ കുട്ടികളുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ നായകൻ സർക്കാർ സ്കൂളിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ ധനസഹായം ചെയ്യുകയും സ്കൂൾ നിരന്തരമായി സന്ദർശിക്കുകയും ചെയ്യുന്നു.സ്കൂളിന്റെ പ്രവർത്തനത്തിൽ ആകൃഷ്ടനായ നായകൻ സ്വന്തം കുട്ടിയെ അതേ സ്കൂളിൽ ഹിന്ദി മീഡിയത്തിൽ ചേർക്കുകയാണ്.

അദ്ധ്യാപികയാകാൻ തീവ്രമായി ആഗ്രഹമുള്ള ടൂറന്റ്സ് ഡിസീസ് എന്ന രോഗത്തിന് അടിമയായ നായിക നടത്തുന്ന പോരാട്ടങ്ങളാണ് ചി ചികി എന്ന സിനിമയുടെ പ്രമേയം. സ്വയം നിയന്ത്രിക്കാൻ കഴിയാതെ ഉറക്കെ ശബ്ദമുണ്ടാക്കുകയും തല വെട്ടിക്കുകയും ചെയ്യുന്ന, തലച്ചോർ  സംബന്ധമായ ഒരസുഖമാണ് ടൂറന്റ്സ് ഡിസീസ്. ഈ അസുഖം മൂലം പഠന കാലത്ത് പല സ്കൂളുകളിൽ നിന്നും പുറത്തായിയെന്നു മാത്രമല്ല ഉയർന്ന ബിരുദങ്ങൾ നേടിയിട്ടും തനിക്ക് ഇഷ്ടപ്പെട്ട അദ്ധ്യാപക ജോലി ലഭിക്കുന്നുമില്ല. അവസാനം പ്രശസ്തമായ സെന്റ്.നെറ്റ്കർ സ്കൂളിൽ അദ്ധ്യാപികയായി ജോലി ലഭിച്ചെങ്കിലും പഠിപ്പിക്കേണ്ടി വരുന്നത് വിദ്യാഭ്യാസ അവകാശനിയമപ്രകാരം പ്രവേശനം നൽകി എഫ് ഡിവിഷൻ എന്ന പ്രത്യേക ഡിവിഷനിലേക്ക് നട തള്ളിയ അടുത്ത കോളനിയിലെ വിദ്യാർത്ഥികളെ .മറ്റദ്ധ്യാപകരൊന്നും ഇവരെ പഠിപ്പിക്കാൻ തയ്യാറാകാത്തതു കൊണ്ടാണ് ടുറന്റ്സ് ഡിസീസ് ഉണ്ടായിട്ടും അദ്ധ്യാപികയായി നിയമിച്ചതെന്ന് സ്കൂൾ മാനേജ്മെന്റ്.കുട്ടികളെ മിടുക്കരാക്കാൻ അദ്ധ്യാപിക നടത്തുന്ന ശ്രമമാണ് തുടർന്നുള്ള സിനിമ.നമ്മളെ ഒന്നു ചിന്തിപ്പിക്കും,രണ്ടു സിനിമകളും.