Wednesday, April 15, 2020

മനസ്സ് പറയുന്നത്

ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിൽ പ്രശസ്തയാണ് പ്രീതീഷേണായ്‌ .ഇതിനകം പതിനൊന്ന് നോവലുകൾ എഴുതിക്കഴിഞ്ഞു.ഇതിൽ രണ്ട് നോവലുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കഴിഞ്ഞു.സീക്രട്ട് വിഷ് ലിസ്റ്റ് എന്ന നോവലിന്റെ മലയാള പരിഭാഷയായ മനസ്സ് പറയുന്നത് എന്ന പുസ്തകവും വായനക്കാരെ പിടിച്ചിരുത്തുന്നതാണ്.
വിവാഹിതയായ സ്ത്രീക്ക് മറ്റ് പുരുഷന്മാരോട് ഇഷ്ടം തോന്നുന്നതും അത് ശാരീരിക ബന്ധത്തിലെത്തുന്നതുമെല്ലാം മലയാളം സിനിമകളിലും നോവലുകളിലും ധാരാളം പ്രതിപാദിച്ചിട്ടുണ്ട്.ഭർത്താവിന്റെ മദ്യപാനം,പരസ്ത്രീഗമനം ,പണത്തോടുള്ള അത്യാർത്തി തുടങ്ങി ധാരാളം ന്യായീകരണങ്ങൾ അതിനൊക്കെ നിരത്തിയാണ് ഐ വിഷയം കൈകാര്യം ചെയ്യുന്നത്.എന്നാൽ മദ്യപാനമോ പുകവലിയോ മറ്റു സുഹൃത്തുക്കളുമായി കറങ്ങി നേതാക്കളോ ഒന്നുമില്ലാത്ത മലയാളികളുടെ മാതൃക പുരുഷോത്തമനായ ഒരു ഭർത്താവിനെ വിട്ട് മറ്റൊരു പുരുഷനോടൊപ്പം ശരീരവും മനസ്സും പങ്കുവെയ്ക്കുന്ന ഒരു സാധാരണ കുടുംബിനിയെയാണ് പ്രീതീഷേണായ്‌ അവതരിപ്പിക്കുന്നത്.ഇത് നോവലിന്റെ കഥയല്ല.പശ്ചാത്തലം മാത്രമാണ്.
പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും ഇഷ്ടങ്ങളും മോഹങ്ങളുമുണ്ടെന്നും സാമ്പത്തിക സുരക്ഷിതത്വവും മിടുക്കന്മാരായ മക്കളുമുണ്ടായാലും ഇഷ്ടങ്ങൾക്ക് പകരമാകില്ല എന്നുമാണ് നോവൽ പറയാൻ ശ്രമിക്കുന്നത്.പരിഭാഷയിലും നഷ്ടപ്പെടാത്ത ഒഴുക്കും ആർജ്ജവവും നോവലിന്റെ ഭാഷക്കുണ്ട്.ഇപ്പോഴത്തെ പല പരിഭാഷകളെയും പോലെ ക്ലിഷ്ടമായ ഭാഷയല്ല വിവർത്തക ഉപയോഗിച്ചിട്ടുള്ളതും.തുടക്കം മുതൽ ആകാക്ഷയും ഭാഷയുടെ ഒഴുക്കും  നില നിർത്താനും എഴുത്തുകാരിക്ക് കഴിഞ്ഞിരിക്കുന്നു.
തകഴിയുടെയും സി രാധാകൃഷ്ണന്റെയും ഉണ്ണികൃഷ്ണൻ തിരുവഴിയോടിന്റെയും പുസ്തകങ്ങൾ വായിക്കുന്ന ഗൗരവത്തോടെ വായിക്കേണ്ട ഒന്നല്ല  ഈ പുസ്തകം.ഇ ഹരികുമാറിന്റെ ചെറുകഥകളെപ്പോലെ ആത്മാവിനെ കൊളുത്തി വലിക്കുന്ന അനുഭവവും ഈ പുസ്തകത്തിൽ നിന്ന് ലഭിക്കില്ല.
ആസ്വദിച്ച് വായിക്കാനും കുറച്ചൊക്കെ ചിന്തിപ്പിക്കാനും ഈ പുസ്തകത്തിന് കഴിയും.അത്രമാത്രം.

2 comments: